
സർപ്പിളാകൃതിയിലാണ് ഉപനിഷത് മന്ത്രങ്ങളുടെ ചിന്ത. സാധാരണ ഗദ്യത്തിലോ പദ്യത്തിലോ ഉള്ള ചിന്തകളുടെ സഞ്ചാരം ഒന്നുകിൽ രേഖീയമായിരിക്കും. അല്ലെങ്കിൽ ലംബമോ തിരശ്ചീനമോ ആയിരിക്കും. ഒരു രേഖയിലൂടെ നേരെ പോകുന്നതിന് തുടർച്ചയും ഉദ്ദേശിക്കപ്പെട്ട സ്ഥാനവുമുണ്ട്. ലംബമായതിനും തിരശ്ചീനമായതിനും ഈ സ്വഭാവമുണ്ട്.
ചിന്തകളുടെ ലഘുകരണവും പ്രായോഗികതയുമാണ് ,നാം ഗദ്യത്തിലും പദ്യത്തിലും കാണുക. എന്നാൽ ചിന്തകളെത്തന്നെ അന്വേഷിക്കുകയും നിഷേധിക്കുകയും ,അതേസമയം അതീതമായ ചിന്തയെയും ഭാഷയെയും അന്വേഷിക്കുകയും ചെയ്യുന്നത് തത്ത്വചിന്തയെ തന്നെ നിരാകരിക്കുന്നത് പോലെയാണ്. രേഖീയമായിട്ടല്ല അതിന്റെ ആലോചനകൾ നീങ്ങുന്നത്; സർപ്പിളാകൃതിയിലാണ്. പുറമേ നിന്ന് സ്വയം വലംവെച്ച് ഉള്ളിലേക്ക് വൃത്താകാരത്തിൽ ആണ്ടുപോകുന്ന ചിന്തയാണിത്. ഇതിനു കാരണം പുറംലോകത്ത് ഒന്നും തന്നെ അന്വേഷിക്കാനില്ലെന്ന ദര്‍ശനമാണ്.
ഉപനിഷത്തിനെ അന്വേഷിക്കുന്നതിനേക്കാൾ പ്രധാനമായി തോന്നുന്നത് ഉപനിഷത് ഇഴ ചേർന്നു നിൽക്കുന്ന ബാഹ്യലോകത്തിന്റെ സാന്നിദ്ധ്യമാണ്. ബാഹ്യലോകം ഉണ്ടോ?. ഉണ്ടെന്ന തോന്നലാണോ? ഉണ്ടെന്നു തോന്നിപ്പിക്കുന്നത് യാഥാർത്ഥ്യമാണോ? തോന്നലിനു കാരണമായ നമ്മൾ ഉണ്ടോ?
കൂടുതല്‍ വായിക്കാം ezhuth online octo. 2009