ഇതു പ്രണയ ഗാനമല്ല.
എനിക്ക് നൃത്തം ചെയ്യാന്‍
കഴിഞ്ഞെങ്കില്‍
ഞാന്‍ അവള്‍ക്ക് വേണ്ടി മാത്രം
നൃത്തം ചെയ്യുമായിരുന്നു.
എന്തോ എന്റെ ചിലങ്കകള്‍ കളഞ്ഞുപോയി
എനിക്കു പാടാന്‍ കഴിഞ്ഞെങ്കില്‍
ഞാന്‍ ഹൃദയനൊമ്പരങ്ങള്‍
ഒന്നായി തിമിംഗല വായില്‍നിന്നെന്നപോലെ
ഞാന്‍ അവള്‍ക്ക് മുമ്പിലേക്ക്
പ്രവഹിപ്പിക്കുമായിരുന്നു.
എന്റെ ഫ്രേയിമില്‍ നിന്ന്
അവള്‍ എങ്ങനെയോ
മാറിപ്പോകുമ്പോള്‍
ഞാന്‍ പരിസരം നോക്കാതെ
കാമറയുമായി നടന്നത് മിച്ചം.
അവള്‍ എതോ
ബാധയാലെന്നപോലെ
കാമറയില്‍ നോക്കിയതേയില്ല.
എനിക്കു വിശപ്പില്ലായിരുന്നെങ്കില്‍
അവള്‍ തന്ന നല്ലഭക്ഷണം
ഞാന്‍ ആസ്വദിക്കുമായിരുന്നു.
എനിക്കു മനസ്സ് വീണ്ടെടുക്കാന്‍
കഴിഞ്ഞെങ്കില്‍ ഞാന്‍
അവള്‍ക്കായിൂരു സ്വപ്നം
ഒരുക്കുമായിരുന്നു
പ്രേമിക്കാന്‍ അറിഞ്ഞെങ്കില്‍
ഞാന്‍ അവളെ
എന്റെ സ്പര്‍ശത്തിന്റെ
അണുപ്രസരത്തിനേക്ക് വലിച്ചിട്ടേനെ.
എനിക്ക് സംസാരിക്കാന്‍
അറിഞ്ഞെങ്കില്‍
നല്ല വാക്കുകള്‍ കൊണ്ട്
അവള്‍ക്ക് മിനുസമുള്ള
അരയില്‍ കെട്ടികൊടുക്കുമായിരുന്നു
ആലിംഗനം ചെയ്യാന്‍ വശമില്ലാത്തതുകൊണ്ട്
അവളുടെ മുമ്പില്‍
ഒരു ധീര സാഹസിക
യോദ്‌ധാവാകാനും കഴിഞ്ഞില്ല.
മിതമായും ഹ്രസ്വമായും
പെരുമാറാന്‍ അറിയാത്തതുകൊണ്ട്
അവളുടെ പ്രേമത്തിന്റെ
കാര്യം മാത്രം ചോദിച്ചില്ല.
വീട്ടിലേക്കുള്ള വഴി പലപ്പോഴും
തെറ്റിപ്പോകുന്നതുകൊണ്ട്,
മറക്കുന്നതുകൊണ്ട്
അവളോട് പ്രേമത്തെക്കുറിച്ച്
പറയുന്ന കാര്യവും മറന്നു.
പ്രേമിച്ചാല്‍ എന്തെല്ലാം
തിരിച്ചു പറയണമെന്ന്
അറിയാത്തതുകൊണ്ട് ,
ഓര്‍മ്മവന്നപ്പോഴൊക്കെ
മുഖം താഴ്‌ത്തിനടന്ന്
എന്നോട് തന്നെ കലഹിച്ചു.