മല ഏതോ സുഷുപ്തിയില്‍
ഒരു വലിയ മല
അവിടെ കിടന്നത് വെറുതെ.
അങ്ങോട്ട് നോക്കുന്നവന്
കാണാന്‍ പാകത്തില്‍ മല
പല ഭാവങ്ങളും കാണിച്ചു.
ചിലര്‍ക്ക് മല രതി ദേവിയായി.
സമസ്ത കാമങ്ങളെയും
ഉണര്‍ത്താന്‍ മലയ്ക്ക്
ഒന്ന് ചാഞ്ഞു
കിടക്കുകപോലും വേണ്ട.
വരുന്നവന്റ്റെ മനസ്സിന്
അനുസരിച്ച് മല
മലര്‍ന്നുകൊണ്ടേയിരുന്നു.
മലയുമായി
ഒരു സംവാദം എന്നത്
ഓരോരുത്തരുടെയും
സ്വപ്നമായി.
മലയാണ് ദൈവം.
മല ആരെയും ചതിക്കുന്നില്ല.
മലയെപ്പറ്റി നമ്മള്
മെനയുന്ന കഥകള്‍
അത് അരോടും പറഞ്ഞ്
കോലാഹലമുണ്ടാക്കുന്നില്ല.
മലയാണ് വാസ്തവം,മലയാണ്മ.
മല അവിടെ ഉണ്ടായിരുന്നു
എന്നത് ബസ് യാത്രക്കാരും
ഇഷ്ടപ്പെട്ടു..
യാത്രക്കാര്‍ക്ക് വെറുതെ
ഇരിക്കുമ്പോള്‍ നെയ്തുകൂട്ടാനുള്ള
സ്വപ്നങ്ങള്‍ക്കുള്ള
വിറക് മല നല്കിക്കൊണ്ടിരുന്നു.
മലയാകട്ടെ തലമുറകള്‍
കടന്നുപോയതറിഞ്ഞില്ല.
അത് സുഷുപ്തികളെ
അതിജീവിച്ച് എതോ
ഭാവിയുടെയും പ്രാചീനതയുടെയും
കുതൂഹലങ്ങള്‍ക്ക്
നിശ്ശബ്ദതാളങ്ങള്
നല്കിക്കൊണ്ടിരുന്നു.