കടുവ ഇക്കാലത്ത്
കടിക്കാറില്ല.
കൂട്ടില്‍കഴിയുകയാണ്
നല്ലത് എന്ന് ചിന്തിച്ച്
കടുവകള്‍ ഓരോന്നായി
മൃഗ ശാല അന്വേഷിച്ച്
വരാന്‍ തുടങ്ങി.
കടിക്കുന്നതുംഅമറുന്നതും
അപ്രസക്തമായ ഒരു കാലത്ത്
കൂട്ടമായി കൂടുകളെ
തിരക്കിപ്പോകുന്നതാണ് പുരോഗമനപരം.
കടിക്കാതെയും അലറാതെയും
പുതിയ ഒരു വര്‍ഗം ആകാന്‍
കടുവകള്‍തയ്യാറെടുക്കുന്നതാണ്
ഇന്നത്തെ വാര്‍ത്ത!.
ഭക്ഷണത്തിലും ഉറക്കത്തിലും
അവ പുതിയ ശീലങ്ങള്‍ നേടി.
കൊച്ചുകുട്ടികളോടും കളിതമാശകള്‍
പറഞ്ഞ് തങ്ങള്‍ പുതിയ
ഒരു വര്‍ഗ്ഗമാണെന്ന് അവ
സ്വയം തെറ്റിദ്ധരിപ്പിച്ചു.
കുട്ടികള്‍ വായിലേക്ക് കൈ
കുത്തിയിറക്കിയാലും അവ
കടിച്ചില്ല.
പകരം കുഴഞ്ഞു ചിരിച്ചു.
കടുവകള്‍ക്കിപ്പോള്‍ ഇല്ലാത്ത തമാശകള്‍
കണ്ടെത്താനാണ് മല്‍സരം.
സ്വയമൊരു തമാശപ്പിണ്ഡം ആണെന്ന്
വിശ്വസിപ്പിക്കുന്നതുപോലെ
സുഖകരമായ ആത്മരതിയില്ലെന്ന്
അവ വലിയതോതില്‍ കണ്ടെത്തി.