പക്ഷികള്‍ പകലുകളെ കീറി പറന്നു.
ഒരിക്കലും അവസാനിക്കാത്ത പറക്കല്‍.
എതോ വ്യാമിശ്രമായ
താപത്തില്‍ നിന്ന്
അവ രൂപപ്പെടുത്താന്‍ ശ്രമിക്കുന്നത്
അവനവനില്‍ നിലച്ചുപോയ
ആവേഗങ്ങളോ?
അനുതാപത്തിന്റെ
സന്നിപാതജ്വരം കാരണം
അവയ്ക്ക് തല പൊക്കാനായില്ല.
വെറുതെ
നീട്ടിപ്പിടിക്കുക മാത്രം ചെയ്തു.
പറക്കലില്‍ അവ ഉതിര്‍ത്തിട്ട
വിഷാദം ഏതോ കാലത്തിന്റെ
പൊള്ളിയ പാടുപോലെ
ആകാശത്തില്‍
അവയ്ക്കൊപ്പം സഞ്ചരിച്ചു.
എന്താണ് അവ പറന്നുകൊണ്ട്
സംവേദനം ചെയ്തത്?
നശ്വരമായ
ലോകത്തില്‍ ഈ തൂവലുകള്‍
നശിക്കരുതെന്ന്.
മറ്റൊരു പറക്കലിനായി
വരേണ്ടത് എന്താണ്?
ആകാശം?
തൂവലുകള്‍?
മനസ്സ്?