Tuesday, February 17, 2009

സപ്തതിയിലെത്തിയ പി ശ്രീധരന്‍സാറിന്‌ പ്രണാമം




ഫെബ്രുവരി ഇരുപതിന്‌ സപ്തതിയിലെത്തുന്ന പി ശ്രീധരന്‍സാറിന്‌ പ്രണാമം.
എന്‍റെ ഗുരുസ്ഥാനീയനാണ്‌ ശ്രീ പി ശ്രീധരന്‍. ഞാന്‍ അദ്ദേഹത്തെ ഈ സപ്തതി വേളയില്‍ ആയുരാരോഗ്യം നേര്‍ന്ന് ആദരിക്കുന്നു.
ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിനാലുമുതല്‍ എനിക്ക്‌ ശ്രീധരന്‍ സാറിനെ പരിചയമുണ്ട്‌. ഞാന്‍ തൃശൂരിലെ എക്സ്പ്രസ്‌ പത്രത്തിലാണ്‌ കാര്യമായി എഴുതി തുടങ്ങിയത്‌. അതിന്‌ എല്ലാ ഔദാര്യവും തന്നത്‌ സാറാണ്‌. തൃശൂര്‍ നഗരവുമായും ഞാന്‍ ഇടപഴകാന്‍ അവസരം ഉണ്ടാക്കിയത്‌ സാറാണ്‌. ശ്രീധരന്‍ സാറിനെ കാണൂവാന്‍ വേണ്ടിമാത്രം ഞാന്‍ എത്രയോ വട്ടം തൃശൂര്‍ക്ക്‌ പോയിട്ടുണ്ട്‌!. പത്രമോഫീസില്‍ ചെന്നപ്പോഴൊക്കെ എനിക്ക്‌ ചായയും പരിപ്പുവടയും നല്‍കി. വണ്ടിക്കുലിയുണ്ടോ എന്ന് സ്നേഹത്തൊടേ ചോദിക്കും.

എനിക്ക്‌ എന്തെങ്കിലും രൂപ തരാന്‍ വേണ്ടി മാത്രം എണ്റ്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. എല്ലാ മാസവും നൂറുരൂപ അയച്ചുതന്‍ സഹായിച്ചു. ഒരു ജോലിയുമില്ല്ലാതിരുന്ന എനിക്ക്‌ ആ തുക അന്ന് വലിയ കാര്യമായിരുന്നു. യഥാര്‍ത്ഥ സ്നേഹം അങ്ങനെയാണെന്ന് എനിക്ക്‌ തോന്നി.

ശ്രീധരന്‍സാറിനെപ്പോലെയുള്ള പത്രാധിപന്‍മാര്‍ ഇന്ന് കുറവാണ്‌. കാരണം ഞാനുമായി ഒരു ബന്ധവും അദ്ദേഹത്തിന്‌ ആവശ്യമില്ലായിരുന്നു .ഞങ്ങളെ ആരും പരിചയപ്പെടുത്തിയതല്ല.ഞാന്‍ അങ്ങോട്ട്‌ ചെന്നു പരിചയപ്പെട്ടതാണ്‌.എന്നില്‍ നിന്ന് അദ്ദേഹത്തിന്‌ ഒന്നും നേടാനില്ല. എല്ലാം എനിക്കാണ്‌ വേണ്ടിയിരുന്നത്‌.

എനീട്ടും അദ്ദേഹം മുഷിഞ്ഞില്ല.എല്ലാം തന്നു. വലിയ ഒരു മനസ്സാണ്‌ ശ്രീധരന്‍ സാറിന്‍റേത്‌.ആരെയും പേടിക്കാതെ എന്തും തുറന്ന് പറയും. ആണുങ്ങള്‍ക്ക്‌ ചേര്‍ന്ന ഒരു സമഭാവനയുണ്ടല്ലോ, അത്‌ ശ്രീധരന്‍ സാര്‍ എവിടെയും പ്രദര്‍ശിപ്പിച്ചിരുന്നു. എല്ലാ സാംസ്കാരിക പ്രമുഖന്‍മാരുമായും ബുദ്ധിപരവും വ്യക്തിപരവുമായ തുല്യതയോടെ നില്‍ക്കാന്‍ ശ്രീധരന്‍ സാറിന്‌ അനായാസം കഴിയുന്നു.

തൃശൂരിലെ കാട്ടുരിലുള്ള വസതിയില്‍ ഞാന്‍ ചിലപ്പോഴൊക്കെ പോയിട്ടുണ്ട്‌. അദ്ദേഹം എന്തും സംസാരിക്കും. എല്ലാം അറിവു പകരുന്ന കാര്യങ്ങള്‍. ശ്രീധരന്‍ സാറിന്‍റെ വിഷയങ്ങള്‍ രംഗനാഥാനന്ദ സ്വാമി മുതല്‍ രാഷ്ട്രീയം വരെ വ്യാപിക്കും. നമ്മുടെ സാഹിത്യ , സാംസ്കാരിക ജീവിതത്തിലെ നൈസര്‍ഗികമയ ഒരു സ്വാനുഭവമാണ്‌, ഒരു പക്വമായ ജീവിതാനുഭവമാണ്‌ ശ്രീധരന്‍ സാര്‍.

ശ്രീധരന്‍ സാറില്‍ ഒരു നല്ല രാഷ്ട്രീയ നിരീക്ഷകനുണ്ട്‌.അതുകൊണ്ടുതന്നെ അദ്ദേഹം എന്തെഴുതിയാലും അതില്‍ ധീരതയുടെ ഒരു പ്രകാശം കാണാന്‍ കഴിയും.എക്സ്പ്രസ്‌ പത്രത്തിന്‍റെ എഡിറ്ററായി വിരമിച്ച സാര്‍ ഇന്നും എഴുതുന്നു, പ്രസംഗിക്കുന്നു; ശാരീരികമായ അസ്വസ്ഥതകള്‍ ഉണ്ടെങ്കിലും.

m k harikumar interview

 m k harikumar interview