Skip to main content

എന്റെ മാനിഫെസ്റ്റോ -5:എം.കെ.ഹരികുമാർ

സ്വയം നിരാസം

സ്വയം നിരസിക്കാനുള്ളതരത്തിൽ തത്വബോധത്തെ വികസിപ്പിച്ചില്ലെങ്കിൽ ഏത്‌ ആശയവും മൗലികവാദമായിത്തീരും. ആശയങ്ങളും വസ്തുക്കളും പിറവിയിൽ തന്നെ മൗലികതത്വവാദസമീപനമാണ്‌ കൈക്കൊള്ളുന്നത്‌. ഒരു ത്രികോണത്തിനു മൂന്ന്‌ മൂലകളുണ്ടെന്നത്‌, അതിന്റെ മൗലികനിയമമാണ്‌. ആ നിയമത്തെ മാറ്റാൻ കഴിയുന്നതല്ലെങ്കിൽ, അതിനു ആന്തരികമായി സ്വയം നിരസിച്ചു കൊണ്ട്‌ മറ്റൊന്നിലേക്ക്‌ ലയിക്കാനൊക്കില്ല.
.
സ്വയം ആയിരിക്കുക എന്നതാണ്‌ മൗലികവാദം. സ്വയം ചിന്തിക്കുക എന്നതാണ്‌ അസ്തിത്വവാദം. ഇതിനു രണ്ടിനും ഒരു തിരുത്ത്‌ പരിശോധിക്കുകയാണ്‌ ഇവിടെ. ശിവം, സത്യം, സൗന്ദര്യം, അസ്തിത്വം, അനുഭവം തുടങ്ങിയ ആശയങ്ങളെല്ലാം അവയുടേതായ ഭാവത്തിൽ, നിലനിൽപിൽ മൗലികവാദത്തെ ചൂഴുന്നു. ശിവത്തിനും, സത്യത്തിനും സ്വയം അതാതിന്റെ സ്ഥാനത്തു നിന്ന്‌ മാറാനൊക്കില്ല ശിവം അതിനെ നിഷേധിക്കുന്നതായ സൂചന, ശിവം പുറപ്പെടുവിക്കുന്നില്ല. ശിവം അതിന്റെ തന്നെ ചുമരുകൾക്കുള്ളിലാണ്‌. ശിവം ശിവമായിരിക്കുന്നത്‌, അതിനു ഒരു കേന്ദ്രവും നാലതിരുകളും ഉള്ളതിനാലാണ്‌.


എന്നാൽ ശിവമാകട്ടെ, സത്യമാകട്ടെ, അതാതിനെ നിഷേധിക്കുമ്പോഴേ, മൗലിക വാദമല്ലാതായിരിക്കുന്നുള്ളു.
കുറേക്കൂടി പ്രാപഞ്ചികവും അതിരുകൾക്കപ്പുറത്തുള്ളതും വികസിതവുമായ ലോകത്തെ തേടുക എന്നത്‌ ഏത്‌ ആശയത്തിന്റെയും വിധിയാണ്‌. അതുകൊണ്ട്‌ സത്യത്തിനും സൗന്ദര്യത്തിനും സ്വയം നിരസിക്കേണ്ടതുണ്ട്‌. ഏത്‌ ആശയവും സ്വയം നിരസിക്കാതിരിക്കുന്നത്‌ പരിമിതിയാണ്‌. സ്വയം തള്ളിക്കളയുമ്പോൾ അത്‌ മറ്റൊന്നിലേക്കുള്ള സാക്ഷാത്കാരമായിത്തീരുന്നു. സ്നേഹം എന്നത്‌ ഈ സാക്ഷാത്കാരത്തിന്റെ ഒരു രൂപമാണ്‌. സ്വത്വം എന്ന്‌ പറയുന്നത്‌, ഈ സാക്ഷാത്കാരത്തിനു വിരുദ്ധമാണ്‌. സ്വത്വത്തിനുവേണ്ടി അമിതമായി വാദിച്ചതുകൊണ്ട്‌ മലയാള സാഹിത്യകൃതികൾ സ്വയം തീർത്ത തടവറയ്ക്കുള്ളിലായി. പുറത്തേക്ക്‌ ഒഴുകാൻ പറ്റാത്തവിധം
ഉള്ളിൽ ബന്ധിതമാണ്‌.


സ്നേഹിക്കണമെങ്കിൽ സ്വത്വം നിരസിക്കണം. അതുകൊണ്ട്‌, വ്യക്തിക്ക്‌ സ്വത്വരാഹിത്യമാണ്‌ നല്ലത് .
ആശയങ്ങൾക്കും ഈ സ്വഭാവമുണ്ടാകണം. ഉള്ളിലുള്ള മൗലികവാദങ്ങളെ കരിച്ചുകളഞ്ഞ്‌, കൂടുതൽ വലിയ ലോകങ്ങളുടെ പൊരുളുകൾ തേടുന്നതിനെ നവാദ്വൈതമായാണ്‌ ഞാൻ വീക്ഷിക്കുന്നത്‌.
സ്വയം നിരസിച്ചുകൊണ്ടാണ്‌ തത്വങ്ങൾ വികസിക്കേണ്ടത്‌. എല്ലാം മൗലികവാദമായിരിക്കുന്നത്‌ ഭീഷണമാണ്‌.
ഇതിൽ നിന്ന്‌ മുന്നോട്ടുപോയി, ഓരോന്നിനെയും സ്വയം നിരസിക്കുന്ന തരത്തിലേക്ക്‌ വളർത്തുമ്പോഴാണ്‌ എഴുത്തുകാരൻ ഉണ്ടാകുന്നത്‌. അപ്പോൾ മാത്രമാണ്‌ അയാൾ ലോകത്തോട്‌ സംസാരിക്കുന്നത്‌. അദ്വൈത്തിൽ, വിഭിന്നങ്ങളായ വസ്തുക്കളും ആശയങ്ങളും ഇല്ലെന്നും, എല്ലാം ബൃഹത്തായ ഒന്നിൽ നിക്ഷിപ്തമാണെന്നും പറയുന്നു. എന്നാൽ ഇത്‌ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണ്‌. അതായത്‌ നാം പിറവിയിൽ തന്നെ അദ്വൈതത്തിന്റെ ഭാഗമാണ്‌. നാമത്‌ അറിയുകയേ വേണ്ടു. അതേസമയം നവാദ്വൈതത്തിൽ ഈ അറിവിനുവേണ്ടിയല്ല പോരാട്ടം. നാം ഏറ്റെടുക്കേണ്ട ചുമതല പ്രധാനമാണ്‌. നാം ചിന്തിക്കുകയോ തിരഞ്ഞെടുക്കുകയോ ചെയ്തതുകൊണ്ട്‌ മാത്രം മൗലികവാദത്തിൽ നിന്ന്‌ രക്ഷപ്പെടനൊക്കില്ല ,സ്വയം നിരസിക്കണം. ഇതിനു കർമ്മം വേണം. നാം മൗലികവാദപരമായ ആശയമാകാതിരിക്കുക എന്ന ശ്രമകരമായ ജോലിയാണത്‌. അതിൽ നിന്ന്‌ വികസിച്ചാണ്‌ നവാദ്വൈതിയാകുന്നത്‌.


അപരലോകങ്ങൾ ,മറ്റ്‌ പ്രാണികൾ, മനുഷ്യജീവികൾ എല്ലാം നമ്മുടെ മൗലികവാദം വിട്ട്‌ സാക്ഷാത്കാരം നേടാനുള്ള ഇടങ്ങളാണ്‌. സ്വയം നിരസിക്കാത്ത ആശയം സംസ്കാരത്തിനു തടസ്സമാണ്‌; അത്‌ യാഥാസ്ഥിതികമായിത്തീരുകയാണ്‌ ചെയ്യുന്നത്‌. എന്നാൽ സ്വത്വവാദം വിഘടനവാദമാണ്‌. സംയുക്തത്തിലേക്ക്‌ വരുന്നതിൽ നിന്ന്‌ അത്‌ ഓരോവ്യക്തിയെയും തടസ്സപ്പെടുത്തുന്നു.


സ്വയം നിരസിച്ചതുകൊണ്ടാണ്‌ കാഫ്കയുടെ കഥാപാത്രങ്ങൾ, തങ്ങൾക്ക്‌ അപ്പുറത്തുള്ള ലോകങ്ങളെയോർത്ത്‌ ഉത്കണ്ഠപ്പെടുന്നത്‌. സ്വയം നിരാകരിച്ചുകൊണ്ട്‌, യുക്തിയുടെ സമസ്യയെതേടുന്ന കാഫ്കയുടെ സാഹിത്യം ശാസ്ത്രമാണെന്ന്‌ കാണാം. ഏതാണ്‌ യാഥാർത്ഥ്യം എന്ന്‌ യുക്തിയിലൂടെ തിരയുന്നു.യുക്തിയാകട്ടെ യുക്തിരാഹിത്യത്തെ തന്നെ നിർമ്മിക്കുകയും അതിലൂടെ പുതിയൊരു യുക്തിയെ സൃഷ്ടിക്കുകയും ചെയ്യുന്നു
സാഹിത്യത്തിനുള്ളിൽ സയൻസാണുള്ളത് , ഊർജ്ജതന്ത്രം തന്നെയാണത്‌. എന്നാൽ സയൻസിലുള്ളത് ഭാവനയും സാഹിത്യ സംജ്ഞയുമാണ്‌.

.
വാണിജ്യത്തിലും ഉപഭോഗരംഗത്തും വിജയിക്കുന്നത്‌ മനശ്ശാസ്ത്രമാണ്‌. സാഹിത്യത്തിനു സ്വയം നിരസിക്കാൻ കഴിയുമ്പോഴാണ്‌, അതിനു ശാസ്ത്രത്തെ ഉള്ളിൽ പ്രതിഷ്ഠിക്കാൻ കഴിയുന്നത്‌.
അസ്ത്വത്തിന്റെ സ്ഥാപാനവത്കരണമല്ല, സ്വയം നിരാസത്തിന്റെ അനുസ്യൂതിയാണ്‌ സാഹിത്യത്തിനു അർത്ഥങ്ങൾ നൽകുന്നത്‌. ഈ നിരാസം അതിഭൗതികവും സൗന്ദര്യാത്മകവുമായ അതീതത്വവും ലയവും നൽകുന്നു. സാഹിത്യകൃതി സ്ഥാപിക്കാൻ ശ്രമിക്കുന്നത്‌, ഉറച്ചുപോയ ആശയങ്ങളല്ല. ഉറച്ചുപോയ മൂല്യങ്ങളെ അവയിൽ നിന്ന്‌ മോചിപ്പിച്ച്‌, (അവയോരോന്നും സ്വയം നിരസിക്കുന്നതിലൂടെ) പുതിയ ബൃഹത്തായ പ്രാപഞ്ചികാവസ്ഥകളിലേക്ക്
നയിക്കുന്നു. ഓരോ വായനയിലും ഈ നിരാസമുണ്ട്‌. അതുകൊണ്ട്‌ സാഹിത്യത്തിനു ഭാവുകത്വം
അസ്വാതന്ത്ര്യമാണ്‌ ഉണ്ടാക്കുന്നത്‌. ഭാവുകത്വം പ്രത്യേക സിദ്ധിയുള്ളവരെ മാത്രമാണ്‌ തേടുന്നത്‌. പ്രത്യേക ശ്രേണികൾ അത്‌ തിരയുന്നു. ഒരു വിഭാഗത്തിന്റെ ആത്മീയമായ അന്വേഷണങ്ങൾക്ക്‌ എന്നന്നേക്കുമായുള്ള പരിധിനിശ്ചയിക്കുകയാണ്‌ ഭാവുകത്വം ചെയ്യുന്നത്‌.ആശയങ്ങളും പുരാതന സംജ്ഞകളും സത്യങ്ങളും അവയുടെ പ്രാക്തനവും ഉറച്ചുപോയതുമായ മൗലികഭാവങ്ങളെ ഉപേക്ഷിച്ച്‌ സഞ്ചരിക്കാൻ തുടങ്ങുന്നതോടെ ഭാവുകത്വം കാലഹരണപ്പെടുന്നു. ഭാവുകത്വത്തിന്റെയൊപ്പം നിന്നാൽ നമ്മെ ചരിത്രത്തിന്റെ യാഥാസ്ഥിതികത്വത്തിലേക്ക്‌ വലിച്ചുകൊണ്ടുപോകാനിടവരും.
ഭാവുകത്വം ഭീഷണിയാണ്‌. പ്രത്യേക ചിന്തയുള്ളവർക്ക്‌ മാത്രമായി ഒരാൾക്ക് എഴുതാനൊക്കില്ല .
എഴുതുമ്പോൾ എല്ലാവരെയുമാണ്‌ നാം ലക്ഷ്യംവയ്ക്കുന്നത്‌. ഭാവുകത്വത്തിന്റെ ചിറകിലേറിയാൽ നമുക്ക്‌ അധികകാലം പോകാനോക്കില്ല. പരിമിതികൾ മാത്രമാവും ബാക്കിയാവുക.

Popular posts from this blog

ശ്രീശങ്കരദർശനമല്ല ശ്രീനാരായണദർശനം/എം കെ ഹരികുമാർ

jalachaya/novel

khasakk award/ ആത്മായനങ്ങളുടെ ഖസാക്ക് അവാര്‍ഡ്/ 2009

malayala manorama 18, nov 2009
madhyamam , nov 18 2009

kerala kaumudi, nov 19, 2009

mathrubhumi, 18, nov 2009


kerala kaumudi, 18 nov, 2009
press releasemathew nellickunnu

book: sayanna yathrakal [short fiction]
desamangalam ramakrishan

book: ethra yadruchikam [poems]


e p sree kumar

book : parasya sareeram [short fiction]


dr. shanmukhan pulappatta
book: uravayilekk kuthikkunna puzha [criticism]venu v desam
book: mohandha sanchari [poems]


aathmaayanangalute khasakk full text


award news