Skip to main content

എന്റെ മാനിഫെസ്റ്റോ 6 -

മാനിഫെസ്റ്റോ- 6

ഓരോ വസ്തുവും പുതുതായി ജനിക്കുന്നു


എം. കെ. ഹരികുമാർ


ഇന്നലെ കണ്ട പൂവല്ല, ഇന്നത്തേത്‌. അത്‌ നാമറിയാതെ ആയിരംവട്ടം മാറി. ഈ മാറ്റം അറിയുന്നതിൽ നാമെത്ര വേഗം കാണിക്കുന്നുവോ, അത്രയും നമുക്ക്‌ സാഹിത്യകലയിലേക്ക്‌ എത്താനാകും. വാൻഗോഗ്‌ ഗോതമ്പുപാടത്തിന്റെ പടം വരച്ചു കൊണ്ടിരിക്കുന്നതിടയിൽപ്പോലും അത്‌ മാറുന്നുണ്ട്‌. ഈ മാറ്റമാണ്‌ കലാകാരനെ ഭ്രാന്തനാക്കുന്നത്‌. ഓരോ വസ്തുവും അതായിരിക്കാൻ ശ്രമിക്കുന്നുവെന്ന സ്പിനോസ (Spinoza)യുടെ തത്വം, പക്ഷേ എഴുത്തുകാരന്‌ വെല്ലുവിളിയാണ്‌. വസ്തുവിനെ മാറ്റുന്നത്‌ എഴുത്തുകാരനാണ്‌. വസ്തുക്കൾക്ക്‌ സ്വയം മാറാനൊക്കില്ലെന്നറിഞ്ഞുകൊണ്ടുതന്നെ , അവയെ അഴിച്ച്‌ പുതിയ രീതിയിൽ പുനസംഘടിപ്പിക്കേണ്ട ജോലി പുതിയ യാഥാർത്ഥ്യം തേടലാണ്‌. ഇന്നലെ കണ്ട അസ്തമയമോ, സാന്ധ്യഭംഗിയോ ആയിരിക്കില്ല ഇന്നത്തേത്‌. അതുപോലെ ഓരോ വസ്തുവിലും ,മനുഷ്യൻ അഭിമുഖീകരിക്കുന്നതോടെ വരുന്ന മാറ്റത്തെ കാണുകയാണ്‌ മുഖ്യം.കൈയ്യൊന്ന്‌ വീശിയാൽ പുതിയ യാഥാർത്ഥ്യങ്ങൾ ഉണ്ടാകുമെന്ന്‌ പറഞ്ഞ നദീൻ ഗോർഡിമർ ഈ കലയാണ്‌
ഉൾക്കൊള്ളുന്നത്‌. വസ്തുക്കൾ സ്വയം മാറുന്നില്ലെങ്കിലും, അവയുടെ പൂർണ്ണ യാഥാർത്ഥ്യം നമുക്ക്‌ അജ്ഞാതമാണ്‌. പരസ്പരം പൊരുത്തപ്പെടാത്ത യാഥാർത്ഥ്യങ്ങളെ ഓരോ വസ്തുവും പേറുന്നു. ഒറ്റ യാഥാർത്ഥ്യമേയല്ല അത്‌. ആശയങ്ങളുടെ യുദ്ധമേഖല എങ്ങനെ ഒറ്റയാഥാർത്ഥ്യമാകും? നമ്മൾ മനസ്സിലാക്കുന്ന യാഥാർത്ഥ്യങ്ങളുടെ തന്നെ വലിയൊരു ഭാഗം വ്യക്തമല്ല. കാഫ്കയുടെ മുൻഗാമികളെപ്പറ്റി ബോർഹസ്‌ പറയുന്നിടത്ത്‌ ഈ തരത്തിലുള്ള ചില യാഥാർത്ഥ്യങ്ങളുടെ പ്രശ്നങ്ങളെ സ്പർശിക്കുന്നുണ്ട്‌. കാഫ്കയുടെ രചനകളുടെ മുൻഗാമിയായി ബോർഹസ്‌ കണ്ടെത്തിയ മൃഗം ചൈനീസ്‌ കഥകളിൽ വാഴ്ത്തപ്പെട്ടതും ശുഭസൂചനകളടങ്ങിയതുമാണ്‌ .


എന്തുകൊണ്ടോ ആ മൃഗം പൂർണ്ണമായി പിടിതരുന്നില്ല. അതിനെ എല്ലാവരും കാണാനാഗ്രഹിക്കുന്നു. അത്‌ കഥകളിലും മറ്റും പരിചിതമാണ്‌. എന്നാൽ അതിനുഎന്തിനോടാണ്‌ രൂപ സാദൃശ്യമെന്ന്‌ പറയാൻ കഴിയില്ല. അത്‌ ചിലപ്പോൾ പശുവോ കഴുതയോ പോലെയാകാം. വ്യക്തമായ അറിയില്ല. അതിനെ കാണാനായി കാത്തുനിൽക്കുന്ന നമ്മുടെ മുമ്പിലൂടെ അത്‌ വന്നാൽപ്പോലും തിരിച്ചറിയാൻ കഴിയില്ലത്രെ. ഇത്‌ ആ മൃഗം എന്ന യാഥാർത്ഥ്യത്തെപ്പറ്റിയുള്ള വിഷമ പ്രശ്നമാണ്‌. നമുക്ക്‌ അതിനെയറിയാം; എന്നാൽ ശരിക്കറിയില്ല. വാസ്തവത്തിൽ ഇതുപോലെ പകുതി അറിഞ്ഞും അറിയാതെയുമുള്ള ആശങ്കകളുടെ കളി എപ്പോഴും ഏതിലും പ്രതീക്ഷിക്കാം. ജീവിതവും ആ മൃഗത്തെപ്പോലെ തന്നെയാണ്‌.ജീവിതത്തിന്റെ സന്തോഷവും സത്യവുമെല്ലാം നാം ഏറ്റെടുക്കുമ്പോൾതന്നെ, മറ്റേപകുതി ഇരുളിലാണ്‌. സത്യത്തിനപ്പുറം, സൗന്ദര്യത്തിനപ്പുറം സന്തോഷത്തിനപ്പുറം എന്താണെന്നറിയില്ല. ഇരുളിൽ മരണവും ദുഃഖവും തഴച്ചുവളരുകയാണ്‌. മരണമെന്ന ഇരുളിന്റെ മുമ്പിൽ നിൽക്കുമ്പോഴും നമുക്ക്‌ അതറിയാൻ കഴിയുന്നില്ല. വസ്തുക്കൾ, അതുകൊണ്ട്‌ നമുക്ക്‌ അറിയത്തക്കതല്ല. അവ സ്വയം നിരസിക്കുന്നില്ല. എന്നാൽ എഴുത്തുകാരൻ അവയെ സ്വയം നിരാസത്തിലേക്ക്‌ കൊണ്ടുവരണം. അവയുടെ ആന്തരികമായ മാറ്റത്തെ അന്വേഷിക്കാൻ ശ്രമിക്കണം.
ഓരോ വസ്തുവും പുതുതായി ജനിക്കുന്നു. അത്‌ ചരിത്രത്തിലുള്ളതോ ഇപ്പോഴുള്ളതോ വരാനുള്ളതോ ആയ സമയത്തൊന്നും ഏകീകരിക്കുന്നില്ല .


എന്നാൽ വസ്തുവിനു പുതിയ അർത്ഥലോകങ്ങൾ ഉണ്ടാക്കികൊടുക്കേണ്ടത്‌ എഴുത്തുകാരനാണ്‌.

പുതിയ വസ്തുവിനെ കാണാൻ കഴിയുന്നില്ലെങ്കിൽ എന്തിനെഴുതണം? ഇന്നലെ വിരിഞ്ഞ പൂവിൽ ഇന്ന്‌ പുതിയൊരു പൂവിനെ കാണാൻ കഴിയുന്നില്ലെങ്കിൽ അവിടെ എഴുത്തിനു പ്രസക്തിയില്ല.
വസ്തുക്കളെ പുനർനിർമ്മിക്കുന്നത്‌, നവാദ്വൈതമാണ്‌. എന്തിനാണ്‌ ഈ പുനർനിർമ്മാണം? ഇത്‌, ഓരോ

വസ്തുവിന്റെയും ഉള്ളിലുള്ള മൗലികവാദത്തെയും ഗതകാല ആഭിമുഖ്യത്തെയും നിശ്ചലാവസ്ഥയെയും മാറ്റി പ്രാപഞ്ചികമായ ലോകാവസ്ഥയ്ക്കു പ്രധാനമായ ഉണ്മകളിലേക്ക്‌ പരിവർത്തനം ചെയ്യുന്നതിനാണ്‌. ഇങ്ങനെ പരിവർത്തനത്തിനു വിധേയമായില്ലെങ്കിൽ നവമായ അനുഭവം അസാധ്യമാകും. ഏതു വസ്തുവിനെയും അതല്ലാതാക്കുകയാണ്‌ എഴുത്തുകാരന്റെ ജോലി. ഒന്നിനെയും അതായിരിക്കാൻ മാനസികമായി അനുവദിക്കരുത്‌. വസ്തുവിനെ അതിൽനിന്ന്‌ മോചിപ്പിക്കുക എന്നതാണ്‌ കലാപം. ഇതിലൂടെ വസ്തുവിന്റെ മൗലികവാദം ഉപേക്ഷിച്ച്‌, നവാദ്വൈതത്തിലേക്ക്‌ സംക്രമണം സാധ്യമാകും.


ഏത്‌ വസ്തുവാണോ അതായിതന്നെ നിലനിൽക്കുന്നത്‌, അത്‌ യാഥാർത്ഥ്യത്തിന്റെ വീക്ഷണത്തിൽ സാഹിത്യപരമല്ല. ഒരു പൂർണ്ണ യഥാർത്ഥവസ്തുവില്ല. അതുകൊണ്ട്‌ പൂർണ്ണ

യഥാർത്ഥവസ്തുവെന്ന നിലയിൽ ഒന്നും സാഹിത്യത്തിൽ നിൽക്കാൻ പാടില്ല. ഇതിനു അനുഭവസാധ്യതയില്ല. ഏത്‌ വസ്തുവിനെയും അതിന്റെ മൗലികവാദത്തിൽ നിന്ന്‌, അതായിരിക്കുന്ന അവസ്ഥയിൽ നിന്ന്‌ മാറ്റി, അതിനു പ്രത്യക്ഷത്തിൽ അപരിചിതമായ വിതാനത്തിലേക്ക്‌ ഉയർത്തുമ്പോഴാണ്‌ കലയുണ്ടാകുന്നത്‌.
ഇത്‌ റിയലിസത്തിന്റെ മറ്റൊരു മാനമാണ്‌. നമുക്ക്‌ പരിചിതമായ മുഖം കലാകാരൻ കാണിച്ചു തരേണ്ടതില്ല. ഫോട്ടോഗ്രാഫിയിൽപ്പോലും യഥാർത്ഥ രൂപങ്ങളെ അതിശയപ്പെടുത്തുന്ന ദൃശ്യങ്ങളാണ്‌ പരിചയപ്പെടുത്താൻ ശ്രമിക്കുന്നത്‌. ഒരു മരത്തിന്റെയോ യുവതിയുടെയോ യഥാർത്ഥ ചിത്രമല്ല, നല്ല ഫോട്ടോകളിൽ കാണുന്നത്‌. ചില യാഥാർത്ഥ്യങ്ങൾ കൂട്ടിച്ചേർത്ത അലൗകികതയുടെപോലും അംശങ്ങൾ വീണുകിടക്കുന്ന ചിത്രങ്ങൾ ഉണ്ടാകുന്നു.
വസ്തുവിനെ അതായിത്തന്നെ പകർത്താൻ ശ്രമിക്കുന്ന കലയിലും എഴുത്തിലും ആവർത്തനം മാത്രമേയുള്ളു.കലയിൽ ജീവിതം വേണമെന്ന്‌ ഈ കാലത്തും പറയേണ്ടതുണ്ടോ?
വസ്തുക്കളെ ആന്തരികമായ പരിവർത്തനത്തിനു നിർബന്ധിക്കാത്ത രചനകൾ യന്ത്രങ്ങളെപ്പോലെയാണ്‌. മറ്റാരോ സ്വിച്ചിട്ടാൽ കറങ്ങുന്നവയാണ്‌. വസ്തുവിന്റെയുള്ളിലെ മൗലികതത്വവാദം പോയിക്കഴിഞ്ഞാൽ, അതിനു പ്രപഞ്ചത്തിലെ ഏത്‌ യാഥാർത്ഥ്യവുമായി സഹവസിക്കാനും ലയിക്കാനും കഴിയും. ഇതാണ്‌ നവാദ്വൈതത്തിന്റെ പ്രക്രിയ. ഏത്‌ വസ്തുവിനും അതായിരിക്കുന്ന അവസ്ഥയിൽ നിന്ന്‌ മോചനം നേടാനും, ഇതര വസ്തുക്കളുടെ സമാനമായ പ്രക്രിയകളിൽ പങ്കെടുക്കാനുമുള്ള ആന്തരികാസക്തിയെ അറിയുകയാണ്‌ എഴുത്തിന്റെ പ്രാണൻ. ഓരോന്നും സാഹിത്യകൃതികളിലൂടെ പുതുതായി ജനിക്കുകയാണ്‌ .മരങ്ങളും മേഘങ്ങളും പ്രകൃതിയുമെല്ലാം ഈവിധം നവമായി ജനിച്ചാണ്‌ കവിതയുണ്ടാകുന്നത്‌. കവിതയിൽ നിന്ന്‌ ഈ ജനിതക കുതിച്ചുചാട്ടത്തെ ഒഴിച്ചുനിർത്തിയാൽ പിന്നെ കവിതയില്ല. കവിതയെ ബിംബവൽക്കരിക്കുന്നതിലൂടെ ആകാശം വിസ്തൃതിയിൽ നിന്ന്‌ ചുരുങ്ങി ആകാശഖണ്ഡമായി പുനർജനിക്കുന്നു. അതിന്റെ അർത്ഥവും സമസ്യയുമെല്ലാം മാറി പുതിയ ജാതകം നേടുന്നു. മരങ്ങൾ മഹാരണ്യകങ്ങളിൽ നിന്ന്‌ വഴുതിമാറി കവിതയിൽ ഏകാത്മകമായ വിചാരലോകമായി മാറുന്നു. കവിതയെ ബിംബവൽക്കരിക്കുന്ന മരങ്ങൾ, അതിനായി സ്വയം നിരസിച്ച്‌, മറ്റൊന്നായി മാറി നവീകരണം തേടുന്നു.


പ്രകൃതിയിലേക്ക്‌ നോക്കി, മറ്റൊരു പ്രകൃതിയെ കാണുകയാണ്‌ കവി. ഇങ്ങനെ പ്രകൃതിയുടെ അർത്ഥത്തെ പുനർനിർമ്മിക്കുന്നു. പ്രകൃതിവസ്തുക്കളെ അതായി, അതിന്റെ വ്യവസ്ഥയിൽ തുടരാൻ വിടാതെ മറ്റൊന്നാക്കുകയാണ്‌ കവിയുടെ കർമ്മം. ഇതിലൂടെ പ്രകൃതി വസ്തുക്കൾക്ക്‌ മൗലികവാദം നഷ്ടപ്പെടുന്നു. കുമാരനാശാന്റെ 'വീണപൂവ്‌' ഇതിനുദാഹരണമാണ്‌. ഇതിലെ പൂവ്‌ സാധാരണ വീഴാറുള്ള പൂവല്ല. ഒരു പൂവ്‌ പ്രത്യേകമായി വീണിരിക്കയാണ്‌. പൂവ്‌ മാത്രമാണത്‌. എന്നാൽ അത്‌ , ഇന്നലെ വിരിഞ്ഞുനിന്ന പൂവല്ല. അതിനു മറ്റൊന്നായി മാറേണ്ടിവന്നിട്ടുണ്ട്‌. പൂവിനുള്ളിലെ മൗലികവാദം പോയശേഷമുള്ള പൂവാണത്‌.
ഇങ്ങനെ വസ്തുക്കളെ ആന്തരികമായ പരിവർത്തനത്തിലേക്ക്‌ നയിക്കുന്നതാവണം സാഹിത്യം. വായിക്കുന്നവനും അപ്പോൾ, തന്റെ ചുറ്റിനുമുള്ള ലോകം മാറിയതാണെന്ന്‌ തോന്നും.

Popular posts from this blog

ശ്രീശങ്കരദർശനമല്ല ശ്രീനാരായണദർശനം/എം കെ ഹരികുമാർ

jalachaya/novel

khasakk award/ ആത്മായനങ്ങളുടെ ഖസാക്ക് അവാര്‍ഡ്/ 2009

malayala manorama 18, nov 2009
madhyamam , nov 18 2009

kerala kaumudi, nov 19, 2009

mathrubhumi, 18, nov 2009


kerala kaumudi, 18 nov, 2009
press releasemathew nellickunnu

book: sayanna yathrakal [short fiction]
desamangalam ramakrishan

book: ethra yadruchikam [poems]


e p sree kumar

book : parasya sareeram [short fiction]


dr. shanmukhan pulappatta
book: uravayilekk kuthikkunna puzha [criticism]venu v desam
book: mohandha sanchari [poems]


aathmaayanangalute khasakk full text


award news