മാനിഫെസ്റ്റോ 10
സാഹിത്യത്തിന്റെ മറഞ്ഞിരിക്കൽ -
എം.കെ.ഹരികുമാർ
വാക്കുകൾ കൂടാതെ സാഹിത്യത്തിൽ ആവിഷ്കാരം സാധ്യമല്ലാതിരിക്കെ വാഗാർത്ഥങ്ങളെ പിൻതള്ളിപ്പോകുന്ന
ഒരു പ്രജ്ഞയുടെ ശക്തി സാഹിതിയുടെ ഏതോ അപരിമേയതലത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്. വാക്കുകൾ അവയുടെ നിശ്ചിതമായ സമ്പാദ്യവുമായി പിൻവാങ്ങിപ്പോകുമ്പോഴും പ്രജ്ഞ അടങ്ങുന്നില്ല. അത് ആത്മാവിന്റെ, ലൗകികമല്ലാത്ത തുറസ്സുകൾ തേടുകയാണ് ചെയ്യുന്നത്. വാക്കുകൾ പറയുന്നത് മൂർത്തമായ കാര്യങ്ങളാണ്. യുക്തിയുടെ വിശേഷങ്ങളാണവ. ജീവിതത്തിന്റെ ദൃശ്യാംശങ്ങളാണ്, ഭൗതികമായ വിതാനങ്ങളാണ് പലപ്പോഴും വാക്കുകളുടെ നെടുങ്കൻ മാംസപേശികൾ പൊക്കിയെടുത്തുകൊണ്ടുവരുന്നത്. എന്നാൽ സർഗാത്മകമായ മനസ്സ് അശാന്തമാണ്. അത് ഓരോ കാഴ്ചയുടെയും, ദൃശ്യത്തിന്റെയും ഫ്രെയിമിനു പശ്ചാത്തലമായി നിൽക്കുന്ന ജീവിതത്തിന്റെ കടൽ കാണുന്നു.
ഈ കടൽ മൂർത്തമായതിനെ മാത്രം തേടുന്ന മനസ്സിന് അദൃശ്യമാണ്. കലയുടെ അദൃശ്യത ഇവിടെയാണുള്ളത്. ഇത് മറ്റൊരു വിചിന്തന മേഖലയാണ് . ദൈവത്തെക്കുറിച്ച്, മരണത്തെക്കുറിച്ച്, ദുഃഖത്തെക്കുറിച്ച്, ഭൂമിയെക്കുറിച്ച്, ജനനത്തെക്കുറിച്ച് എല്ലാമുള്ള അസംഖ്യം അലട്ടലുകൾ മനസ്സിൽ രൂപപ്പെടുന്നതിനനുസരിച്ച് ജീവിതം ഓരോ നിമിഷവും മാറി മറയുന്നു. ജീവിതത്തിന്റെ ഓരോ നിമിഷവും പ്രഹേളികയാവുന്നു. ഒന്നും തീർച്ചപ്പെടുത്തി പറയാൻ പറ്റാത്ത അവസ്ഥ. എല്ലാം നമുക്ക് മുൻകൂട്ടി അറിയാമെങ്കിൽ, നമ്മുടെ ജീവിതത്തിന്റെ എല്ലാ ഭാവിയും അത് വിരസമാക്കും. അതുകൊണ്ട് അറിയാത്തതാണ് സാഹിത്യത്തിനു പ്രമേയമാകുന്നത്.
ഇതിൽ അറിഞ്ഞവയുടെ വലിയൊരു അസംസ്കൃതശേഖരമുണ്ട്. നാം മനസ്സിലാക്കാത്ത എന്തോ നാം അനുഭവിച്ച യാഥാർത്ഥ്യങ്ങളിലുണ്ട് എന്നതാണ് എഴുത്തിലെ വാസ്തവികത. ഗ്രഹിക്കാൻ പറ്റാതെ പോയ ഈ അംശങ്ങൾ വിശദീകരിക്കാനും നമുക്ക് വാക്കുകൾ വേണം. അതും നിശ്ചിതമായ അർത്ഥങ്ങളുള്ളത്. ഇത് സംഘർഷത്തിന്റെ നിമിഷമാണ്. ആവിഷ്കാരം സങ്കീർണ്ണവും ദുഷ്കരവുമാകുന്നു. ആവിഷ്കാരത്തിനു ഭൗതികമായ നിബന്ധനകൾ പാടില്ലെന്ന് ഉന്നതമായ എഴുത്തുകാർ വാദിക്കാൻ കാരണമിതാണ്.
എവിടെയെല്ലാമോ ചിതറിക്കിടക്കുന്ന ചില ചിത്രശകലങ്ങൾ കൂട്ടിയോജിപ്പിച്ചുകൊണ്ടുവരുമ്പോൾ അത് ചിലപ്പോൾ പൂർണ്ണമായ ചിത്രം നൽകാതെ പോകാം. അത് അളവുകളുടെയും തൂക്കങ്ങളുടെയും ലോകത്ത് യുക്തിയോടെ ആവേശഭരിതനായി കഴിയുന്ന ഒരാൾക്ക് അലോസരം സൃഷ്ടിക്കാം. അയാൾക്ക് ചിരപരിചിതമല്ലാത്തതെല്ലാം അസാന്മാർഗികമായി തോന്നാം. അയാൾ കലയിൽ നിന്ന് പ്രതീക്ഷിക്കുന്നത് താണതരം വിനോദമോ നേരമ്പോക്കോ, കൂട്ടംകൂടിയിരുന്ന് ആസ്വദിക്കാൻ ഉപകരിക്കുന്ന ജീവിതനാടകമോ ആകാം. ഓരോ മനുഷ്യനും ഒറ്റയ്ക്ക് ജീവിക്കുന്നു. ജീവിതത്തെ കാണുന്നു, പേടിക്കുന്നു, പ്രേമിക്കുന്നു, മരിക്കുന്നു എന്നത് പകൽപോലെ സത്യമാണെങ്കിലും ആ സത്യത്തെ അംഗീകരിക്കാൻ അയാളുടെ ദുശ്ശാഠ്യമുള്ള ഭാഷ സമ്മതിക്കുകയില്ല. അയാളുടെ ഭാഷ, എല്ലാ അനവസരത്തിലും വിളിച്ചുപറയുംഒന്നും മൂടി വയ്ക്കാനറിയില്ലെന്ന് . മാത്രമല്ല, മൂടിവയ്ക്കപ്പെട്ടവയെക്കുറിച്ചുള്ള പരിസരബോധവുമുണ്ടാകില്ല. ഇത്തരം വായനക്കാർ സാഹിത്യാസ്വാദനത്തെ, നേരമ്പോക്കു സിനിമയുടെ കൂട്ടായ ആസ്വാദനത്തിന്റെ പിടിവാശിയിലേക്കും ഉപരിപ്ലവമായ എതിർപ്പിലേക്കും അധഃപതിപ്പിക്കുന്നു.
സിനിമ പലർക്ക് ഒരേസമയം കാണാം. ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിലും സാഹിത്യം ഒറ്റയ്ക്ക് അറിയുന്നു, അത് കൂട്ടായി വായിക്കുമ്പോൾ സ്വകാര്യലോകത്തിന്റെ സമൃദ്ധി നഷ്ടമാകും.
എഴുത്ത് വികാരപ്രകടനങ്ങളുടെയും ദൈനംദിന ജോലികളുടെയും മൂർത്തത്തയിൽനിന്ന്, ജീവിതത്തിൽ മറഞ്ഞിരിക്കുന്ന നിത്യയാഥാർത്ഥ്യങ്ങൾ അന്വേഷിച്ചു പുറപ്പെടുന്നു. അറിയപ്പെടാത്തത്, ഇനിയും മനസ്സിലാക്കാനാകാത്തത് കണ്ടെത്താനുണ്ടെന്ന് തിരിച്ചറിയുന്ന നിമിഷമാണ് എഴുത്തിന്റെ പ്രാണൻ
പ്രവർത്തിച്ചുതുടങ്ങുന്നത് . സ്ഥിതിവിവരക്കണക്കോ, കാൽപനികമായ അവതരണമോ സാഹിത്യത്തിനു പുതിയ ദിശാബോധം നൽകില്ല. അതാണ് കോഹൻ പറഞ്ഞത്, ആത്മാവിനു പൂർണ്ണമായി സ്നാനം ചെയ്യാൻ പാകത്തിൽ അഗാധമായ, അജ്ഞേയമായ ലോകത്തിനു നന്ദി പറയണമെന്ന്.
നാം വളരെ അറിഞ്ഞുവെന്ന് തോന്നുന്ന ജീവിതാംശത്തെത്തന്നെ പല മട്ടിൽ വിലയിരുത്താനുണ്ട്. ഓരോന്നും ഓരോ ജീവിത വാസ്തുശിൽപ മാതൃകകൂടിയാണ്. നമ്മുടെ ശരീരത്തിനു വെളിയിലുള്ള അന്തരീക്ഷത്തിൽപ്പോലും നമ്മെ അഭിമുഖീകരിച്ചു നിൽക്കുന്ന നിരവധി യാഥാർത്ഥ്യങ്ങളുണ്ട്. സാഹിത്യത്തിന്റെ അദൃശ്യത ഇവിടെയുണ്ട്. ഏത് മുഹൂർത്തവും എഴുത്തിനു പ്രേരകമായിത്തീരാം. അതോരോന്നും അനുഭവത്തിലേക്കുള്ള തുറക്കലാണ്. വ്യാവഹാരിക ജീവിതത്തിൽ അപ്രകാശിതമായ ഭാവങ്ങൾ സാഹിത്യത്തിൽ കേന്ദ്രസ്ഥിതമായിത്തീരുന്നു. അതുകൊണ്ട് ബാല്യകാലത്തും യൗവനകാലത്തും താൻ നേരിട്ടുകണ്ട ഗ്രാമീണവും സ്ത്രൈണവുമായ അനുഭവധാരകൾ മാത്രമേ സാഹിത്യത്തിനു പ്രമേയമായി സ്വീകരിക്കാവൂ എന്ന് ധരിച്ചുവച്ചിട്ടുള്ള വായനക്കാർ കലയുടെ നാശത്തിനു വേണ്ടിയാണ് വാദിക്കുന്നത്.