Skip to main content

ente manifesto -15

എന്റെ മാനിഫെസ്റ്റോ -15


പത്രവും ഉത്തര-ഉത്തരാധുനികതയും
എം. കെ. ഹരികുമാർ


ഉത്തരാധുനികതയ്ക്കു ശേഷമുള്ള കാലത്തും പത്രം ചില നൂതന സൂചനകൾ
പേറുന്നുണ്ട്‌. പത്രം ഉത്തര-ഉത്തരാധുനികമായ ആശയവും അനുഭവവുമായി തുടരുന്നു. പത്രപ്രവർത്തകന്റെ ജോലിയെപ്പറ്റിയല്ല പറയുന്നത്‌. പത്രം വായിക്കുന്നവൻ ഏറ്റെടുക്കുന്ന അദൃശ്യവും ഭാരിച്ചതുമായ അവബോധ സംഘട്ടനങ്ങളെക്കുറിച്ചാണ്‌.

പത്രത്തിൽ, എല്ലാം അറിയിക്കാനുള്ളതാണെന്ന്‌ പറയേണ്ടതില്ലല്ലോ. അറിഞ്ഞാലോ, അതിവിടെ തത്കാലം നിറത്തിക്കൊള്ളൂ എന്നൊരു സന്ദേശം പത്രം തരുന്നുണ്ട്‌. കൂടുതലൊന്നും ചിന്തിക്കാൻ പറ്റില്ല. അധികം ചിന്തിച്ചാൽ പത്രപാരായണം സാധ്യമാകില്ല. പത്രം, ചിന്തിക്കാതിരിക്കാനുള്ള അടവുമാണ്‌. ആദ്യകോളത്തിൽ നേതാവ്‌ മരിച്ച വാർത്തയാണുള്ളതെങ്കിൽ, തൊട്ടടുത്ത കോളത്തിൽ യുവസുന്ദരിക്ക്‌ അവാർഡ്‌ കിട്ടിയ കാര്യമാവും ഉണ്ടാകുക. തൊട്ടടുത്തുതന്നെ ലോറി അപകടത്തിൽ നാലുപേർ മരിച്ചതു കണ്ടെന്നിരിക്കും. ഇതെല്ലാം വായനക്കാരനെ അബോധമായി കൈകാര്യം ചെയ്യുന്ന പ്രത്യേക സംവിധാനത്തിലൂടെയാണ്‌ അവതരിപ്പിക്കുന്നത്‌. കോളങ്ങൾ തമ്മിലുള്ള വിടവ്‌ കാലികം മാത്രമല്ല, സാംസ്കാരികവുമാണ്‌. രണ്ടു കോളങ്ങൾക്കിടയിൽ, രണ്ടു വാർത്തകൾ ചേർന്ന്‌ ഉപേക്ഷിച്ചിട്ട സ്ഥലമാണുള്ളത്‌. ആ വിടവ്‌ സംസ്കാരങ്ങളുടേതാണ്‌. തത്വചിന്തയുടേതാണ്‌. കലയുടെയും കൊലയുടെയുമാണ്‌. ഈ വിടവുകൾ പൂരിപ്പിക്കുന്ന ജോലി വായനക്കാരനാണ്‌. അവന്റെ റോൾ അതാണ്‌. വാർത്തകൾ തമ്മിലുള്ള സംഘട്ടനങ്ങൾ കാലികമായും സാംസ്കാരികമായും നടക്കുമ്പോൾ വായനക്കാരൻ അത്‌ പരിഹരിച്ചു എന്ന ആശ്വാസത്തോടെ ഉറങ്ങാൻ കിടക്കുകയാവും. ഒരിടത്ത്‌ അയ്യായിരം വർഷം പഴക്കമുള്ള ശിൽപം കണ്ടെത്തിയെന്ന വാർത്തയാണുള്ളതെങ്കിൽ തൊട്ടുടുത്ത കോളത്തിൽ മൈക്കിൾ ജാക്സന്റെ മൂക്ക്‌ വ്യാജമായിരുന്നു എന്ന സന്ദേശമാവും ഉണ്ടാകുക. ഈ രണ്ടു വാർത്തകളും തമ്മിലുള്ള സംഘട്ടനം കാലികവും സാംസ്കാരികവുമാണ്‌. പഴയ ശിൽപം കണ്ടെടുക്കുന്നതിലൂടെ, ഭൂതകാലം സമകാലികമാകുന്നു. മൈക്കിൾ ജാക്സന്റെ മൂക്ക്‌, പതിറ്റാണ്ടുകളിലെ നുണകളെ വകഞ്ഞുമാറ്റി സത്യമായി തിരിച്ചുവരുന്നു. പൊരുത്തപ്പെടാനൊന്നുമില്ലെന്നറിഞ്ഞുകൊണ്ടുതന്നെ അടുത്തടുത്ത രണ്ടു കോളങ്ങളിൽ, അതിർത്തി തർക്കമില്ലാതെ, ഒത്തൊരുമയോടെ കഴിയാനുള്ള വാർത്തകളുടെ മനസ്സ്‌ ഉത്തര-ഉത്തരാധുനികമാണ്‌. അതായത്‌, ഏതെങ്കിലും തത്വശാസ്ത്രത്തിനോ, മനശാസ്ത്രത്തിനോ, 'സ്വത്വ'ത്തിനോ, 'ഭാവുകത്വ'ത്തിനോ കീഴടങ്ങാതെ വാർത്തകൾ അടുത്തടുത്ത്‌ വിന്യസിച്ച്‌ എല്ലാ അതിർവരമ്പുകളെയും പരിഹസിക്കുന്നു.

വാർത്തകൾ ഒത്തൊരുമയോടെ കഴിയുന്നു എന്നു പറഞ്ഞത്‌, വെറും ഭംഗിവാക്കാണ്‌. അവ പോരിനൊരുങ്ങാൻ അധികനേരമൊന്നും വേണ്ട. എല്ലാം ഒന്നിനൊന്ന്‌ വേറിട്ടതും പരസ്പരബന്ധമില്ലാത്തതുമാണെന്ന്‌ പത്രം ധ്വനിപ്പിക്കുന്നുണ്ട്‌. പലതരം ഉണ്മകൾ ഒരിടത്ത്‌ വന്നിരിക്കുന്നതുപോലെയാണത്‌. അവ പോരിനിറങ്ങാത്തവിധം മൂക്കുകയറിട്ട്‌ ബന്ധിച്ചിരിക്കുകയാണ്‌. അവയെ സ്വീകരിച്ച്‌, അവയുടേതായ പദവി നൽകി ആദരിക്കുന്നതോടെ, വായനക്കാരന്റെ ജോലി കുറച്ചൊക്കെ പരിഹരിക്കപ്പെടും.

പത്രം സ്വയം എന്തെങ്കിലും ആയിരിക്കാൻ ഇഷ്ടപ്പെടുന്നില്ല. അതിന്റെ എഡിറ്റോറിയലിൽപ്പോലും, അതിനു ഉറച്ചുനിൽക്കാൻ കഴിഞ്ഞെന്ന്‌ വരുകയില്ല. അത്‌ അതിന്റെ തന്നെ വാർത്തകളെ തിരുത്താൻ പലപ്പോഴും വിധിക്കപ്പെടുന്നു. പ്രസിദ്ധീകരിക്കുന്ന വാർത്തകളോട്‌, മിക്കപ്പോഴും പ്രതിപത്തിയോ, വിധേയത്വമോ ഇല്ല. നിർവ്വികാരതയാണ്‌ അതിന്റെ മുഖമുദ്ര.

തെറ്റുപറ്റിയെന്ന അർത്ഥത്തിലല്ല വാർത്തകൾ തിരുത്തുന്നത്‌. വസ്തുതകൾ മാറിയെന്ന സ്വാഭാവികമായ അറിവിനോടുള്ള പ്രതികരണം എന്ന നിലയിലാണ്‌. ആദ്യം ഒരാളെപ്പറ്റി മറ്റൊരാൾ പറയുന്നു എന്ന അർത്ഥത്തിൽ പ്രചാരണം തുടങ്ങുന്നു. രാഷ്ട്രീയ നേതാക്കളെപ്പറ്റിയോ, പോലീസ്‌ കേസുകളെപ്പറ്റിയോ ഉണ്ടാകുന്ന വാർത്തകൾ പലതും മറ്റുള്ളവർ പറയുന്നതാണ്‌. അത്‌ വായനക്കാർ വായിച്ചു കഴിഞ്ഞാൽ, അവരുടെ പ്രശ്നമാണ്‌ ,ആ വാർത്തകൾക്ക്‌ എന്ത്‌ സംഭവിച്ചു എന്ന്‌ അറിയേണ്ടത്‌. അതുകൊണ്ട്‌ അവർ അത്‌ തുടർന്നും വായിക്കും. എന്നാൽ ചർച്ചകളുടെയെല്ലാം ഒടുവിൽ വാർത്തകൾ തന്നെ ഇല്ലാതാകും.

വാർത്തകൾ എന്തോ സംഭവിക്കാൻ പോകുന്നുവേന്ന പ്രതീതി ജനിപ്പിക്കും. ഒന്നുമാകില്ലെന്ന്‌ പിന്നീടറിയാം .അപ്പോഴും പത്രം ഒന്നും ഭാവിക്കുന്നില്ല. പത്രത്തിനു ഇക്കാര്യത്തിൽ പങ്കൊന്നും ഉണ്ടായിരുന്നില്ലെന്നാണ്‌ ഭാവം. പത്രം ആരുടെകൂടെയും നിൽക്കും, ഓടും. ആരെയും കൂടെ നിർത്തില്ല. പത്രം ആരുടെയും കൂടെയല്ല.
വിവാദങ്ങൾക്കൊപ്പം ഓടിയലയുമ്പോഴും പലതും പാഴായിപ്പോകുകയാണ്‌. പല വാർത്തകളും പാഴാകാനുള്ളതാണ്‌. എന്നാൽ അത്‌ ഒരു ദിവസമെങ്കിലും ജീവിച്ചിരിക്കും. അവിടെയാണ്‌ വായനക്കാരനും ജീവിച്ചിരിക്കുന്നത്‌. വാർത്തകൾ നക്ഷത്രങ്ങൾ കരിഞ്ഞുപോകുന്നതുപോലെ ഒരുനാൾ ഇരുട്ട്‌ മാത്രം അവശേഷിപ്പിക്കും. അപ്പോഴും പത്രം കുറേദൂരം ഓടിക്കഴിഞ്ഞിട്ടുണ്ടാകും. പത്രത്തിനു ഓടാതെ പറ്റില്ല. ഓട്ടത്തിലാണ്‌ അതിന്റെ ബാലൻസ്‌. പത്രം അതായിരിക്കുന്നത്‌ തലക്കെട്ടിലും കടലാസിലും മാത്രമാണ്‌. അത്‌ കൈകാര്യം ചെയ്യുന്ന വിഷയങ്ങളൊന്നും അതിന്റെയല്ല. വായനക്കാരുടേതാണ്‌. ഇതാണ്‌ പത്രത്തിന്റെ ദ്വന്ദഭാവം. പത്രം സ്വയം നിരസിക്കുകയാണ്‌ ചെയ്യുന്നത്‌. പത്രത്തിനു അതായിരിക്കാൻ പറ്റില്ല. അത്‌ സ്വയം എന്താണെന്ന്‌ തിരക്കുന്നതിനു പകരം മറ്റെല്ലാത്തിന്റെയും ഒപ്പം ഓടുകയാണ്‌.

വെള്ളവും ഇതുപോലെയാണ്‌. വെള്ളം സ്വയം ഒന്നുമായിരിക്കാൻ ഇഷ്ടപ്പെടുന്നില്ലല്ലോ? ഏത്‌ വസ്തുവിലാണ്‌ അത്‌ സ്ഥിതിചെയ്യുന്നത്‌ അതിന്റെയൊപ്പമാണ്‌ വെള്ളം. ആ വസ്തുവിലേക്ക്‌ വെള്ളം കുടിയേറി ലയിക്കുന്നു. പത്രവും അങ്ങനെയാണ്‌. ഏത്‌ വസ്തുവിനൊപ്പമാണോ സഞ്ചരിക്കുന്നത്‌, അതാണ്‌ പത്രം. അതായത്‌, സ്വയം നിരസിച്ചുകൊണ്ട്‌ ബാഹ്യലോകത്തെ ,ഓരോ വസ്തുവുമാകാനുള്ള സ്വഭാവമാണ്‌ പ്രകൃതിയിൽതന്നെ പത്രത്തിനുള്ളത്‌.
പത്രവും വെള്ളവും ഒരുപോലെ പ്രവാഹമാണ്‌. ആ പ്രവാഹത്തിൽ അവയ്ക്ക്‌ മറ്റെന്തിനോടും ചേരാൻ ഉപാധികളില്ല. മറ്റുള്ള വസ്തുക്കൾ എങ്ങനെയാണോ ആയിരിക്കുന്നത്‌, അതുതന്നെയാണ്‌ വെള്ളവും പത്രവും. സ്വന്തം ലോകത്ത്‌, ശാഠ്യത്തിൽ, നിഷ്ഠയിൽ വ്യവസ്ഥയിൽ നിൽക്കാൻ അവയ്ക്ക്‌ കഴിയില്ല. എല്ലാ വൈരുദ്ധ്യങ്ങളും ഇങ്ങനെ ഇല്ലാതാവുന്നു. അന്യവസ്തുക്കളുമായുള്ള സഹവാസത്തിലൂടെ, അവയുടെ രാഗമാകുകയാണ്‌ പത്രവും വെള്ളവും. ഓരോ നിമിഷവും സ്വയം ഇല്ലാതാവുകയും മറ്റൊന്നായി മാറുകയും ചെയ്യുന്ന പ്രക്രിയയാണിത്‌. പത്രവും വെള്ളവും രണ്ട്‌ വ്യത്യസ്ത രീതികളിൽ ഈ പ്രക്രിയയിലേർപ്പെടുന്നു. ഇത്‌ നവാദ്വൈതത്തിന്റെ ആന്തരികമായ തത്വമാണ്‌.

Popular posts from this blog

ശ്രീശങ്കരദർശനമല്ല ശ്രീനാരായണദർശനം/എം കെ ഹരികുമാർ

jalachaya/novel

khasakk award/ ആത്മായനങ്ങളുടെ ഖസാക്ക് അവാര്‍ഡ്/ 2009

malayala manorama 18, nov 2009
madhyamam , nov 18 2009

kerala kaumudi, nov 19, 2009

mathrubhumi, 18, nov 2009


kerala kaumudi, 18 nov, 2009
press releasemathew nellickunnu

book: sayanna yathrakal [short fiction]
desamangalam ramakrishan

book: ethra yadruchikam [poems]


e p sree kumar

book : parasya sareeram [short fiction]


dr. shanmukhan pulappatta
book: uravayilekk kuthikkunna puzha [criticism]venu v desam
book: mohandha sanchari [poems]


aathmaayanangalute khasakk full text


award news