യാഥാർത്ഥ്യം ഒരൊഴുക്കാണ്
എം. കെ. ഹരികുമാർ
ജീവിതത്തെ കണ്ടെത്താനാണ് ഫിക്ഷൻ എഴുത്തുകാരൻ ശ്രമിക്കുന്നതെങ്കിൽ, അത് പലപ്പോഴും പരാജയപ്പെടുന്നു. കാരണം കഥാകാരൻ സമീപിക്കുമ്പോഴേക്കും ജീവിതം സമയത്തിലൂടെ കൂടുതൽ മുന്നോട്ടായുന്നു. സമയത്തെക്കാൾ വേഗത്തിൽ അനുഭവങ്ങൾ സഞ്ചരിക്കുന്നു. ഈ സഞ്ചാരത്തിനൊപ്പമെത്താൻ കവിക്കും കഴിയുന്നില്ല. കാണാത്തതും കേൾക്കാത്തതുമായ വസ്തുക്കളെയും ആശയങ്ങളെയുമെല്ലാം കവി കണ്ടുപിടിച്ചു കുത്തിനിറച്ചാലും സമയത്തെക്കാൾ വേഗത്തിൽ കാര്യങ്ങൾ കടന്നുപോയിട്ടുണ്ടാകും. കവി കണ്ടുപിടിച്ചു കഴിയുമ്പോഴേക്കും, അയാളുടെ അനുഭവം പഴകുകയോ അപ്രസക്തമാകുകയോ ചെയ്യുന്നു. എന്റെ കാഴ്ചപ്പാടിൽ, യഥാർത്ഥ സർഗ്ഗാത്മകമായ വെല്ലുവിളി ഇതാണ്. അതുകൊണ്ട് ഏത് ജനുസ്സിൽപ്പെട്ടാലും എഴുത്തിന്റെ കാര്യത്തിൽ അപ്രധാനമാകുന്നു. കവിതയോ ഗദ്യമോ ഏതായാലും ഈ വെല്ലുവിളിയെ അഭിമുഖീകരിക്കുന്നുണ്ടോ എന്നതാണ് കാതലായ പ്രശ്നം.
കഥാകാരന്റെ ഫിക്ഷന് യാഥാർത്ഥ്യത്തെ സമീപിക്കാൻ പോലും കഴിയാതെ വരുന്ന ഘട്ടങ്ങളുണ്ട്. യാഥാർത്ഥ്യം പിടിതരാതെ നിൽക്കുന്നുണ്ട്. ഒരുപക്ഷേ, അയാൾക്ക് മനസ്സിലാക്കാൻ പോലും പറ്റില്ല. ഇതാണ് ജീവിതത്തിന്റെ ഗഹനത. എന്തു കൊണ്ടാണ് ആത്മഹത്യകളും കൊലപാതകങ്ങളും പെരുകുന്നത് എന്നത് പെട്ടെന്ന് മനസ്സിലാകണമെന്നില്ല. എന്തുകൊണ്ടാണ് നമ്മെ ഒരാൾ പെട്ടെന്ന് വെറുക്കുന്നതെന്നും മനസ്സിലാകണമെന്നില്ല.
എന്നാൽ ഈ കുഴയ്ക്കുന്ന യാഥാർത്ഥ്യം ചിലപ്പോൾ വേഷം മാറി ഫിക്ഷനാണെന്ന് തോന്നപ്പിക്കുകയും ചെയ്യും. നാം സത്യമെന്ന് വിശ്വസിക്കുന്നതുതന്നെ ഫിക്ഷനായിപ്പോയാലോ? അല്ലെങ്കിൽ അവിശ്വസനീയവും അദ്ഭുതകരവുമായാലോ?
ബ്രട്ടീഷ് ഊർജ്ജതന്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിംഗ് പറഞ്ഞത്, അന്യഗ്രഹങ്ങളിൽ ജീവികളുണ്ടെന്നാണ്. തക്കംകിട്ടിയാൽ ആ ജീവികൾ മനുഷ്യനെ വേട്ടയാടിപ്പിടിച്ച് നശിപ്പിക്കുമത്രേ. പുതിയ ഭീതി ഉടലെടുക്കുകയാണ്. ഭൂമിയിലെ മനുഷ്യർ ഇനി അത്ര സുരക്ഷിതരായിരിക്കില്ല. ഇതിന്റെയർത്ഥം, ഇത്രയും കാലം നാം താലോലിച്ച തത്ത്വശാസ്ത്രങ്ങളും ധാർമ്മികതയും ഫിക്ഷനായി മാറുമെന്നാണ്.
സൂര്യനിൽ, ഗിത്താറിൽ നിന്ന് പുറപ്പെടുന്നതിനു സമാനമായ ശബ്ദങ്ങൾ ഉണ്ടാകുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നു (മെട്രോ വാർത്ത, ജൂൺ 21). ഷീഫെൽഡ് യൂണിവേഴ്സിറ്റിയിലെ സൂര്യഗവേഷണവിഭാഗം തലവനായ പ്രൊ. റോബർട്ട്സ് വോൺ ഫെ-സീബൻബർഗൻ ആണ് ഈ വിവരം പുറത്തുവിട്ടത്. സൂര്യനിൽ ചൂട് മാത്രമല്ല ഉള്ളത്. സംഗീതവുമുണ്ട്. സൂര്യോപരിതലത്തിലെ സോളാർ കൊറോണ എന്ന ഭാഗത്താണ് പൊട്ടിത്തെറികൾ ഉണ്ടാകുന്നത്. ഇതിന്റെ ചിത്രമെടുത്ത് പരിശോധിച്ചപ്പോഴാണ്, ഈ ഭാഗത്ത് ഒരു ലക്ഷത്തോളം മയിൽ നീളമുള്ള കാന്തികപാളികൾ കമ്പനം ചെയ്യുന്നതായി ശാസ്ത്രജ്ഞർ അറിഞ്ഞത്. ഈ കമ്പനങ്ങൾ ഗിത്താർ കമ്പികളിൽ നിന്ന് പുറപ്പെടുന്ന ശബ്ദങ്ങൾക്ക് സമാനമാണത്രെ. ഈ ശബ്ദങ്ങളെ സംഗീതമായി മാറ്റാമെന്നാണ് 'നാസ'യുടെ കണ്ടുപിടിത്തം.
ഇവിടെയും യാഥാർത്ഥ്യങ്ങൾ അവിശ്വസനീയമാംവിധം ഫിക്ഷൻ ആവുകയാണ്. ഫിക്ഷനോ യാഥാർത്ഥ്യമോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഈ അവസ്ഥ, സമയത്തെക്കാൾ വേഗത്തിൽ പോകുന്ന ജീവിതത്തിന്റെ ആവിഷ്കാരത്തിനു മുമ്പിൽ വലിയ സമസ്യയാകുകയാണ്.
അതുകൊണ്ട് എഴുത്തുകാരന്റെ യാഥാർത്ഥ്യം അതിവേഗം മരിക്കുകയാണ്. പകരം യാഥാർത്ഥ്യത്തെ കണ്ടുപിടിക്കുക എന്നതാണ് അയാളുടെ ഉത്തരവാദിത്വം. ഇത് തുടർ പ്രക്രിയയാണ്. നിരന്തരതയുടെ ഉണർവ്വും ലഹരിയുമാണ് യാഥാർത്ഥ്യമായി പരിണമിക്കുന്നത്. സ്ഥിരമായ യാഥാർത്ഥ്യമുണ്ടാവണമെന്നില്ല. സൂര്യനിലെ സംഗീതം കേൾക്കാൻ കഴിയുന്നതോടെ, കുറെ യാഥാർത്ഥ്യങ്ങളും മരിക്കും. പക്ഷേ, എഴുത്തുകാരന് പിന്നെയും പോകാനുണ്ട്.
Saturday, July 24, 2010
-
malayala manorama 18, nov 2009 madhyamam , nov 18 2009 kerala kaumudi, nov 19, 2009 mathrubhumi, 18, nov 2009 kerala kaumudi, 18 nov, 2009 p...
-
ബഷീറിന്റെ ചെറുകഥകൾ 101 പഠനങ്ങൾ. ഒലിവ്/ എഡിറ്റർ :പോൾ മണലിൽ 2010 rs/300/