Thursday, October 29, 2009

ഖസാക്കിന്റെ ഇതിഹാസവും ആത്മായനങ്ങളുടെ ഖസാക്കും













aathmaayanangngalute khasakk/ m k harikumar


ഖസാക്കിന്റെ ഇതിഹാസവും
ആത്മായനങ്ങളുടെ ഖസാക്കും -14


ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ ഖസാക്കിന്റെ ഇതിഹാസം വായിച്ചു. കോളേജിൽ പഠിക്കുമ്പോൾ തന്നെ അതിനെപ്പറ്റിയുള്ള രചനാപരമായ ആലോചനകളിൽ മുഴുകി.
എം.എ.ക്കു പഠിച്ചുകൊണ്ടിരിക്കമ്പോള്‍ 'ആത്മായനങ്ങളുടെ ഖസാക്ക്‌ ' എന്ന പേരിൽ
എന്റെ ഖസാക്ക്‌ അനുഭവത്തെ ഞാൻ അവതരിപ്പിച്ചു.
ഓ.വി.വിജയൻ ഈ പുസ്തകത്തിന്റെ പരസ്യം കണ്ടിട്ട്‌ എൻ.ബി.എസ്. ൽ നിന്ന്‌ ഒരു കോപ്പി ആവശ്യപ്പെട്ട്‌ വാങ്ങുകയായിരുന്നു. എനിക്ക്‌ അദ്ദേഹം ഇങ്ങനെ എഴുതി "ഈ പുസ്തകം എന്നെ വിനയവാനാക്കുന്നു".
ഇതു മതിയായിരുന്നു എനിക്ക്‌ .ഞാനാകട്ടെ ആ വിദ്യാഭ്യാസകാലത്തെ, എന്റേതായൊരു രചനാ പ്രക്രിയയിലൂടെ വിളംബരം നടത്തുകയായിരുന്നു. ഒരു സിദ്ധാന്തത്തിലോ, ദർശനത്തിലോ, പ്രത്യേകിച്ച്‌ മുഴുകാതെ ഞാൻ എന്റെ രീതിയിലേക്ക്‌` നീങ്ങി. നിലവിലുള്ള ഗദ്യത്തെ പാടേ മാറ്റി .എന്റെ ആത്മാവിന്റെ ആരും കടന്നുചെന്നിട്ടില്ലാത്ത വനാന്തരങ്ങളെ ഞാൻ അവതരിപ്പിച്ചു. ഭാഷ എന്നെ സൃഷ്‌ടിച്ചു.ഞാൻഭാഷയെ സൃഷ്‌ടിച്ചതും വാക്കുകൾകൊണ്ട്‌ പെയ്‌ന്റ്‌ ചെയ്യുന്ന ഇംപ്രഷണിസ്‌റ്റ്‌ അനുഭവമാണുണ്ടാക്കിയത്‌. എനിക്കു വാക്കുകൾ അർത്ഥത്തെയല്ല തന്നത്‌. ആത്മാവിന്റെ ഓരോ മേഖലകളെയാണ്‌ . അർത്ഥം കൊണ്ടുപോകാനാവാത്തിടത്ത്‌ ,ഞാൻ വാക്കുകളുടെ രതിയിലും,മഴയിലും നിഗൂഢതയിലും സ്വപ്‌നത്തിലും മുഴുകി. നെഞ്ചിൽ നിന്നുള്ള അതീതവും വൈകാരികവുമായ ഭാവങ്ങളുടെ കുത്തിയൊഴുകലായിരുന്നു അത്‌. 'ആത്മായനങ്ങളുടെ ഖസാക്ക്‌ ' ഗദ്യത്തിന്റെ യുക്തിയുടെ , നേര്‍‌രേഖയുടെ കാവ്യപരമായ വിധികളുടെ അനിവാര്യതയാണ്‌ സൃഷ്‌ടിച്ചതു്‌. ഒരു നോവലിനെപ്പറ്റി എഴുതുമ്പോൾ ,സാധാരണ നാം ചെയ്യാറുള്ളതെന്താണ്‌? അതിന്റെ കഥയൊന്നു പറഞ്ഞ്‌,കഥാപാത്രങ്ങളുടെ മനോനിലയൊക്കെ അപഗ്രഥിച്ച്‌ ഒരു ജീവിത വീക്ഷണത്തിന്റെ കച്ചിത്തുരുമ്പിലാണ്‌ പിടിച്ചുകയറുക. ഞാൻ ഈ വഴി
കണ്ടതേയില്ല . എനിക്ക്‌ എന്റെ തന്നെ സൃഷ്ടിപരമായ നിർബന്ധങ്ങൾക്കു വഴങ്ങേണ്ടതുണ്ടായിരുന്നു.
ആത്മായനങ്ങളുടെ ഖസാക്കിൽ ഞാൻ നിർമ്മിച്ച ഭാഷ ഇങ്ങനെയെല്ലാമായിരുന്നു. ''മൗനത്തിന്റെ മുഖത്തു വീണ പാടുകൾ ഗ്രാമ്യമായ ആതുരതകളുടെ നൈർമ്മല്യമായിരുന്നു. ഓരോ വൈകാരിക സംഘർഷത്തിന്റേയും ചുവട്ടിൽ പൊഴിഞ്ഞുകിടക്കുന്ന സ്വച്ഛമായ ദുഃഖഭ്രമങ്ങളുടെ പൂക്കളിൽ മനുഷ്യൻ ആർത്തിയോടെ പങ്കെടുക്കുകയാണ്‌. വിരഹത്തിന്റെ സാന്ത്വനം എന്ന മഞ്ഞ്‌ ദുഃഖത്തിന്റെ പരിശുദ്ധമായ ശരീരത്തിലുണ്ട്‌. വിഷാദത്തിന്റെ തനുവിൽ വിളഞ്ഞുകിടക്കുന്ന മനുഷ്യന്റെ ദിവ്യവചനങ്ങളെ തൊട്ടറിയുക''.
ഈ ഭാഷ ഒരർത്ഥത്തിനുവേണ്ടി ദാഹിക്കുന്ന പണ്ഡിതൻമാരെ നിരാശപ്പെടുത്തിയേക്കും. കാരണം, അർത്ഥങ്ങളെപ്പോലും ഞാൻ ഉല്‍‌പ്പാദിപ്പിച്ചത് ,അർത്ഥങ്ങൾക്കു പോലും വഴങ്ങാത്ത അസ്തിത്വത്തിന്റെ ആന്തരമായ വ്യാമോഹങ്ങളെയാണ്‌. നമ്മുടെ സ്വത്വത്തിലേക്ക്‌ വന്ന്‌ ടാക്കിയോണുകളെപോലെ തുളച്ചുകയറി അപ്പുറം പോകുന്ന ജൈവചോദനകളുടെ അറിയാത്ത ക്ഷേത്രഗണിതത്തെയായിരുന്നു എന്റെ മനസ്സ്‌ നിശ്ചയിച്ചത്.
പക്ഷേ ,ആത്മായനങ്ങളുടെ ഖസാക്കിനെ കണ്ടില്ല എന്ന്‌ പറഞ്ഞ്‌ ഇപ്പോഴും ഖസാക്കിനെ പറ്റി എഴുതുന്നവരുണ്ട്‌. അവർക്ക്‌` മുന്നിൽ ഈ ചെറുകൃതി ഉയർത്തിവിട്ടത്‌ അറിയാത്ത പൊരുളാണ്‌.

1984 ഡിസംബറിലാണ്‌ ഞാൻ ഈ നിരൂപണകൃതി എഴുതിയത്‌. ഖസാക്കിന്റെ ഇതിഹാസം എന്താണെന്ന്‌ ഞാനെന്റെ കൃതിയിൽ പറഞ്ഞുവെച്ചിട്ടുണ്ടെന്നാണ്‌ എന്റെ ബോധ്യം. ഖസാക്കിലെ ആത്മീയതയെ അന്നാരും ഗൗനിച്ചിരുന്നില്ല. ജീവിതത്തോടുള്ള വിരക്തിയാണ്‌ ആ നോവലിന്റെ അന്തർദ്ധാര എന്നായിരുന്നല്ലോ പൊതുവായ വർത്തമാനം. എന്നാൽ ഖസാക്കിന്‌ ഒരാത്മീയത ഉണ്ടെന്നും അത്‌` ബഹുസ്വരങ്ങളുടേതാണെന്നും അതിൽ മിസ്റ്റിക്കിന്റെ അമൂല്യ സമ്പത്ത്‌ അടങ്ങിയിട്ടുണ്ടെന്നും ഞാൻ അന്നേ പറഞ്ഞതാണ്‌`. ഇപ്പോൾ,പലരും ഖസാക്കിലെ ആത്മീയതയെ സൂത്രത്തിൽ അംഗീകരിക്കുന്നു. എപ്പോഴാണെന്നറിയുമോ? വർഷങ്ങൾക്കുശേഷം അദ്ദേഹം എഴുതിയ 'ഗുരു സാഗരം,മധുരം ഗായതി' തുടങ്ങിയ കൃതികൾ വായിച്ചശേഷം . ഞാൻ ആത്മായനങ്ങളുടെ ഖസാക്ക്‌ എഴുതുമ്പോൾ വിജയന്റെ ഈ ഭാവം അത്ര പ്രകടമല്ലായിരുന്നെന്നോർക്കണം.
വിജയൻ എന്തെങ്കിലും തന്റേതായ താളത്തിലും ആഴത്തിലും പറയാനുള്ളപ്പോഴാണ്‌ എഴുതിയത്‌. ഇന്നത്തെ ആവർത്തിച്ച ചർച്ചകളിലെ വരണ്ട യുക്തിയുടെ ഒരു കണം പോലും അദ്ദേഹത്തിൽ കാണാൻ കഴിയില്ല. നമ്മുടെ യുക്തി ചിന്തയുടെ ഗദ്യം പരുഷവും സ്ത്രീ പുരുഷ വികലതകള്‍ നിറഞ്ഞതുമാണ്‌. ഒരാളെ അകാരണമായി വെറുക്കുകയോ, അകറ്റുകയോ ചെയ്‌തുകൊണ്ട്‌ ,അഹന്തയിൽ മാത്രം നിലയുറപ്പിക്കുന്ന ഇന്നത്തെ സ്ത്രീ ,പുരുഷ സ്വഭാവം നമ്മുടെ ഗദ്യത്തിനുമുണ്ട്‌. ഇതിൽ നിന്ന് ഗദ്യത്തെ മോചിപ്പിച്ച വലിയ എഴുത്തുകാരനാണ്‌ വിജയൻ.

നഷ്‌ടപ്പെട്ട സ്നേഹത്തിന്റെ അതീതവും നിർമ്മലവും വികാരസ്പർശിയുമായ ഒരവബോധം അദ്ദേഹം വാക്കുകളിൽ നിറച്ചു. അങ്ങനെ വിജയന്റെ പ്രതിച്ഛായ ഉണ്ടായി. വിജയൻഉപയോഗിക്കുന്ന വാക്കുകൾക്ക്‌ സ്വാഭാവികമായി ലഭിക്കുന്ന പരിവേഷമാണിത്‌. നിശ്‌ച്ചലമായ വാക്കുകളെ തന്നെ, വിജയൻ ഉപയോഗത്തിലൂടെ പുതുതാക്കി. സ്നേഹത്തോടെ എന്ന്‌ മറ്റുള്ളവർ എഴുതുന്നതിനേക്കാൾ അഗാധത വിജയൻ എഴുതുമ്പോൾ കിട്ടുന്നത്‌ ഇങ്ങനെയാണ്‌. ഏതൊരു എഴുത്തുകാരനും ഇതിനു കഴിയേണ്ടതാണ്‌. ഞാൻ നിർമ്മിക്കുന്ന ലോകം തന്നെ അനായാസമായി, വീണ്ടും ജനിക്കാൻ പ്രേരിപ്പിക്കുന്നതാണ്‌. എല്ലാ പ്രാചീനവും നവീനവും സംസ്കൃതവും അസംസ്കൃതവും ജൈവികവും,രോഗാതുരവും അചേതനവുമായ അവസ്ഥകളോട്‌ ജിജ്ഞാസയുടെ സ്നേഹം കൂട്ടിച്ചേർക്കുക വഴി നമ്മുടെ ഭാഷാപരമായ ഇന്ദ്രിയങ്ങളുടെ പരാതി ഈ എഴുത്തുകാരൻ വിപുലീകരിച്ചു.

എനിക്ക്‌ 'ആത്മായനങ്ങളുടെ ഖസാക്ക്‌` 'എന്ന കൃതിയിലൂടെ തന്നെ വർഷങ്ങൾക്ക്‌ മുന്നേ ഇതു പറയാൻ കഴിഞ്ഞു.
ആത്മായനങ്ങളുടെ ഖസാക്കിലെ കണ്ടെത്തലുകളുമായി യോജിക്കുന്നതാണ്‌ വിജയൻ പിന്നീടെഴുതിയ 'ഇതിഹാസത്തിന്റെ ഇതിഹാസം' എന്ന കൃതിയിലെ വെളിപ്പെടുത്തലുകളും. അപരിചിതമായ ,നിശ്ച്ചയമില്ലാത്ത ആത്മീയ മേഖലകളുടെ ഭാഗവതമാണ്‌ വിജയന്‍ തേടിയത്‌.

m k harikumar interview

 m k harikumar interview