Thursday, October 29, 2009

വിശ്വാസങ്ങളുടെ കർമ്മം













aathmayanangalude khasak/ m k harikumar

വിശ്വാസങ്ങളുടെ കർമ്മം -9


ഓർമ്മകളിൽ അലിയുന്നില്ല, കണ്ണീർ തുടിച്ചു നിൽക്കുന്ന ദിനവേളകളുടെ ശൈത്യം. രവിയുടെ ബോധരാവുകളിൽ സ്നേഹത്തിന്റെ ഭാഷയും കരുണയുടെ ഈണവും ആസക്തിയുടെ രാഗവും ഏതു വിധമാണ്‌ ലയിച്ചുച്ചേർന്നിരിക്കുന്നതെന്ന്‌ തിരക്കുമ്പോൾ മനോവേളകളുടെ മിന്നിമിന്നിപ്പോകുന്ന രാത്രിവണ്ടികളെത്തിച്ചേരുന്നു. ചാന്തുമ്മയുടെ അരികിലിരുന്നുകൊണ്ട്‌ ഹൃദയവികാരങ്ങളെ അലിയിപ്പിക്കാനൊരുങ്ങുമ്പോൾ , എവിടേയോ നോവനുഭവപെടുന്നു. മനസ്സിന്റെ നാഴികകളിൽ ഇനിയും ജനിക്കാത്ത കഴുകന്മാരുണ്ട്‌. അവയെ കണ്ടെത്താനായി , വര്‍ഷങ്ങളിലൂടെ രവി പിന്നെയും പിന്നെയും അലഞ്ഞു. വിഷമങ്ങളുടെ ഋതുക്കളിൽ നട്ടുവളർത്തിയ സ്വന്തം സസ്യങ്ങളെ രവി ഓർത്തു. എന്നാല്‍ ഓരോ താവളത്തിലെത്തിച്ചേരുമ്പോഴും വേരിൽ പറ്റിച്ചേർന്നു കിടക്കുന്ന വിശ്വാസങ്ങളുടെ ഘടന മാറുന്നില്ല. വിശ്വാസങ്ങളുടെ പ്രാകൃതമായ അനുഷ്ഠാനങ്ങളിലൂടെ രവി മറ്റുള്ളവരെ അറിയാൻ ശ്രമിച്ചു. റസ്സൽ അറിയിക്കുന്നുണ്ട്‌. മനുഷ്യന്റെ സ്വാതന്ത്ര്യം എന്നു പറയുന്നത്‌ , നന്മയെ കുറിച്ചുള്ള സ്വന്തം ബോധത്തിൽ നിന്നുദിച്ച ദൈവത്തെ സൃഷ്ടിക്കുന്നതിലും നിത്യനിമിഷങ്ങളെ ഉത്തേജിപ്പിക്കുന്ന കർമ്മങ്ങളിലുമാണെന്ന്‌ .
വിജയൻ ഓർമ്മകളെ സാന്ത്വനിപ്പിക്കാനുള്ളത്‌ തേടുന്നത്‌! ആത്മാവിന്റെ വിഗ്രഹങ്ങളുടെ സമീപത്താണ്‌. ഏത്‌ വികാരങ്ങളുടെ കടലുകളിൽ കഴിഞ്ഞാലും പ്രാർത്ഥനയുടെ അനുരണനങ്ങളിൽ നിന്ന്‌ രക്ഷപ്പെടാനില്ലെന്ന്‌ ഖേദത്തോടെ വിജയൻ ഓർമ്മിപ്പിക്കുന്നത്‌ ഇതുകൊണ്ടാണ്‌. വിശ്വാസങ്ങൾ ദുഃഖത്തിനുള്ള വഴിമരുന്നുമാത്രമായിരുന്നു. അതിന്റെ പ്രാചീനമായ സുഭഗതയിൽ രവിയുടെ ജൈവഭാരത്തിന്റെ തൊങ്ങലുകൾ ബാഹ്യലോകവുമായി ഇഴബന്ധം സ്ഥാപിച്ചു. സ്നേഹവും ആസക്തിയും മനുഷ്യന്റെ മൂല്യബോധങ്ങളുടെ വിരുന്നുകളിൽ പങ്കെടുക്കാതെ മനസ്സിന്റെ കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു.
ദ്വേഷവും, തൃഷ്ണയും കാലത്തെ അതിജീവിക്കാനുള്ള വിശ്വാസങ്ങളുടെ അനുഷ്ഠാനങ്ങളായി മാറി. സ്വാതന്ത്ര്യത്തിനും ദിവ്യ വിധിക്കുമിടയിലെ ഭഗ്നാശയചിത്തത്തിന്റെ പാലമാണ്‌ അനുഷ്ഠാനമെന്ന്‌ ആർതർ കൊയ്സ്റ്റലർ പറയുന്നുണ്ട്‌. കർമ്മങ്ങളുടെ മൊട്ടിനുള്ളിൽ പ്രാർത്ഥനയുടെ രോദനം സംഭരിക്കുന്നു. അത്‌ സ്വാച്ഛന്ദ്യത്തിനും വിധിക്കുമിടയിലുള്ള കരുണാപൂർണ്ണമായ വെളിപ്പെടുത്തലുകളെ ഓർമ്മകൾകൊണ്ട്‌ നനയ്ക്കുന്നു. അപ്പുക്കിളിയും മാധവന്നായരും പകർന്നുകൊടുക്കുന്ന ലോകാവസ്ഥകൾ രവിയും ഖസാക്കിനു നൽകുന്നുണ്ട്‌. ഖസാക്കിന്റെ തൃഷ്ണകളിൽ രവി ഏതോ ഉൾപ്രേരണയുടെ ആത്മയാനമായി നിന്നപ്പോൾ , അനുഷ്ഠാനങ്ങൾ പ്രാകൃതമായ സ്വച്ഛതയോടെ ആഭരണങ്ങൾ കണ്ടെത്തി. സ്നേഹിച്ചുകൊണ്ട്‌ ഖസാക്കിന്റെ പ്രകൃതിയിൽ നിന്ന്‌ രവി മനസ്സിനുള്ള സസ്യങ്ങൾ പറിച്ചെടുത്തു. അങ്ങനെ മാധവൻ നായരും അപ്പുക്കിളിയും രവിയും പ്രകൃതിയും പദാർത്ഥങ്ങളും വിശ്വാസങ്ങളും നിശാചർച്ചകളിൽ പങ്കു കൊണ്ടു. ഖസാക്കിലെ വിരുന്നിൽ ജീവിതാവസ്ഥകളുടെ സം വാദങ്ങൾ പ്രാകൃതവിശ്വാസങ്ങളുടെ കർമ്മ രേഖകളായിത്തീരുന്നുണ്ട്‌. പ്രവർത്തനങ്ങളുടെ പാന്ഥാവിൽ നിന്ന്‌ മനുഷ്യൻ ,ഇവിടെ പിൻമാറുന്നില്ല, നന്മതിന്മകൾക്കപ്പുറത്ത്‌ പ്രാചീന വിശ്വാസങ്ങളുടെ സരളതയിൽ മനുഷ്യൻ നേരിനെ അറിയുകയായിരുന്നു. സത്യബോധത്തിന്റെ പ്രാപഞ്ചികമായ വിശ്വാസതലങ്ങൾ കണ്ടെത്തുന്നതിൽ ഓരോ നിമിഷത്തിന്റേയും ആന്തരികാസക്തിയെ പ്രവർത്തനോൻമുഖമാക്കി ഉപയോഗിക്കുകയാണ്‌. നേരിന്റെ വിളി ലോകത്തിന്റെ സുഗമധാരക്കുവേണ്ടിയുള്ള പ്രാർത്ഥനയല്ല.

ഉള്ളിന്റെ മൂശക്കൊത്ത സാദ്ധ്യതകളുടെ ബാഹ്യചേരുവകൾ സ്വകാര്യമായി ചില കർമ്മാനുഷ്‌ഠാനങ്ങളിലേക്ക്‌ കടന്നുചെല്ലുകയാണ്‌. അങ്ങനെ നേരിന്റെ വ്യാകരണങ്ങൾക്കുള്ളിൽ തപ്‌തമായ ഹൃദയം ഉരുവാകുന്നു. വിശ്വാസങ്ങളുടെ അനുഷ്ഠാനങ്ങൾക്കു പിന്നിൽ മൂകമായി മന്ത്രിക്കുന്നത്‌ വ്യസന ച്ഛന്ദസ്സുകളാണ്‌. ഏത്‌ ഏകാകികതയുടെ നടുവിലാണ്‌ താൻ വിശ്വസിച്ച അനുഷ്ഠാനങ്ങളുടെ പകിട്ട്‌ നഷ്ടപ്പെട്ടത്‌? കർമ്മപഥങ്ങളുടെ ആകുലമായ വിപത്‌ സന്ധികളിൽ ഐഹികതയുടെ ഏത്‌ രാഗമണ്‌ മൂകമായിപ്പോയത്‌? പ്രാചീനതയുടെ ഗംഗാതടങ്ങൾ , ആത്മാവിന്റെ സ്നേഹാന്വേഷണങ്ങൾ , പുരാതന ലിഖിതങ്ങളുടെ ഓർമ്മകളുമായി മനുഷ്യരിലൂടെ അലഞ്ഞു നടക്കുന്ന മനസ്സുകൾ, പരാഗണങ്ങളുടെ നദിപ്രവാഹത്തിൽ മുഗ്‌ദ്ധമായ ചുംബനങ്ങൾ നിക്ഷേപിക്കുന്ന ശിരസ്സുകൾ-നൈരന്തര്യത്തിന്റെ സ്പർശങ്ങൾ നേരിടാനായി ഖസാക്കിലെ വിശ്വാസങ്ങൾ കണ്ടെത്തിയ കർമ്മം തെളിയുന്നു. വഴിയമ്പലങ്ങളിൽ ജീവിതത്തിന്റെ ജലം നിറയുന്നു. മറുകര കാണാതെ ഒരു കടൽ പിന്നെയും പരന്നുകിടക്കുന്നു.

ഖസാക്കിന്റെ അധോലോകങ്ങളിൽ ജന്മസ്മൃതികളുമായി നിന്നു തിരിയുന്ന മനുഷ്യരെ പൗരാണികമായ പുരാവൃത്തങ്ങളുമായി വിശ്വാസങ്ങൾ ബന്ധിച്ചിരിക്കുന്നു. വിശ്വാസങ്ങൾ അവരുടെ ജീവിതങ്ങളിൽ സമാധിനിദ്രയുടെ ആഴങ്ങളാണ്‌ ഉരിഞ്ഞിട്ടിരിക്കുന്നത്‌. അത്‌ പ്രവർത്തനത്തിന്റെ മൂകമായ ഹൃദയത്തെയോ ,ദിവ്യമായ വചസ്സിനേയോ ഓർമ്മിപ്പിക്കുന്നുണ്ട്‌. വംശത്തിന്റെ ഖരാവസ്ഥയിൽ ഉറച്ചുപോയ തങ്ങളുടെ മനസ്സിന്റെ രഹസ്യമായി ആ വിശ്വാസങ്ങളെ അവർ അനുഭവിക്കുകയായിരുന്നു. അത്‌ അവരെ ആദ്ധ്യാത്മികമായി ചിട്ടപ്പെടുത്തുകയും മണ്ണിന്റെ സ്മൃതിയുമായി ച്ചേർത്തുനിർത്തുകയും ചെയ്‌തു. മനുഷ്യൻ ക്രമപൂർണ്ണമായ നിയോഗങ്ങളിലൂടെ നടന്ന്‌ മനുഷ്യനിലെത്തേണ്ടവനാണെന്ന വിശ്വാസം അവരുടെ കർമ്മങ്ങളിൽ നിഴലിട്ടു നിന്നു. സ്നേഹിക്കുമ്പോഴും തൃഷ്ണകളിൽ വീണുപോകുമ്പോഴും ഉള്ളിന്റെ വിശ്വാസസന്ദർഭങ്ങളിൽ നിന്ന്‌ അകന്നു പോകാതെ ബന്ധിക്കുന്ന സാക്ഷി ഖസാക്കിന്റെ സ്പന്ദനങ്ങളിലുണ്ടായിരുന്നു. ഉറച്ചുപോയ ധാരണകൾ കൊണ്ട്‌ തൊട്ടറിയുന്ന ഹിമവേളകൾ ഖസാക്കിന്റെ വേളകളിൽ നിറഞ്ഞിതിങ്ങനെയാണ്‌. നാഗത്താന്മാരും പ്രേതങ്ങളും വിശ്വാസങ്ങളുടെ വേഷം കെട്ടി നരന്റെ ദേശങ്ങളിൽ വന്ന്‌ പ്രപഞ്ചത്തിന്റെ പ്രാഗ്‌രൂപം കാണിച്ചുകൊടുത്തപ്പോൾ അത്‌ ഖസാക്കിന്റെ ഉണർച്ചകളുടെ നിഗൂഢതയിലാണ്‌ ചെന്നെത്തിയത്‌. പനയുടെ ചീർത്ത ചിതമ്പലുകൾ പൊഴിഞ്ഞുകിടക്കുന്ന സ്വപ്‌നങ്ങളും നാഗകന്യകളുടേ തുഷാരശുദ്ധിയുള്ള ആസക്തികളും ഖസാക്കിന്റെ കർമ്മപഥങ്ങളിൽ ചാലുകളൊരുക്കി.

ജീവിതത്തിന്റെ തുടർച്ചകൾ അറിയാനും അങ്ങനെ വിപുലമായ ധാരണകളിൽ നിന്ന്‌ പതിച്ച്‌ അറിവിന്റെ സരളതകളിൽ തൃഷ്ണകളുടെ പരിശുദ്ധ സ്നാനം നിറവേറ്റാനും ഖസാക്കിലെ പദാർത്ഥസംയുക്തങ്ങൾ യാത്രയാവുകയാണ്‌. കുടിലിന്റെ ഏകാന്തതയിൽ നിന്ന്‌ വെളിമ്പുറങ്ങളുടെ ഏകാന്തതയിലേക്ക്‌ കുപ്പുവച്ചൻ നടന്നുവെന്ന്‌ വിജയൻ അറിയിക്കുന്നത്‌ വിശ്വാസങ്ങളുടെ സരളമായ സത്യ വാങ്ങ്‌മൂലങ്ങളും വിശദമായ മൗനത്തിന്റെ താഴ്‌ന്ന താളവും നിറഞ്ഞുകിടക്കുന്ന ഖസാക്കിന്റെ പ്രാണയാനങ്ങളെ ഓർമ്മിപ്പിക്കാൻ വേണ്ടിയായിരുന്നു.
ഖസാക്കിലെ വിശ്വാസത്തെ തേടിപ്പോവുമ്പോൾ ഏതെങ്കിലും മനുഷ്യന്റെ കർമ്മാനുഷ്ഠാനങ്ങൾ അപര്യാപ്തമായിത്തീരുന്നു. സത്യത്തിൽ എല്ലാവരുടേയും പ്രവർത്തനങ്ങളുടെ ആകാശമായിത്തീരുകയാണ്‌. , ഈ വിശ്വാസം. നേരിന്റെ അനൈഹികമായ സ്വച്ഛതയിലും നിശ്ശബ്ദതയിലും വസിച്ചുകൊണ്ടാണ്‌ അവർ പ്രാകൃതമായ കർമ്മങ്ങളുടെ വിശ്വാസങ്ങളെ രേഖപ്പെടുത്തുന്നത്‌. വിശ്വാസത്തിന്റെ കർമ്മം നിലനിൽപ്പിന്റെ അനിവാര്യമായ ശ്വസനവും മനുഷ്യബന്ധങ്ങളുടെ നാഡിയായ ശക്തിയുമായിത്തീരുന്നു. രവിയും അപ്പുക്കിളിയും കർമ്മങ്ങളിലൂടെ പ്രാക്തനവിശ്വാസത്തിന്റെ രണ്ടു നിറങ്ങൾ ഖസാക്കിന്റെ മണ്ണിൽ വരച്ചിടുന്നു. തുമ്പികളുടേയും പൂക്കളുടെയും പ്രകൃതിയിൽ ,വിരിയാത്ത പൊരുളുകളുടെ പ്രത്യക്ഷങ്ങളിൽ, ബന്ധങ്ങളുടെ ധ്രുവീകരണങ്ങളിൽ അപ്പുക്കിളി ശാന്തതയോടെ കഴിയുന്നു. എന്നാൽ രവി ഓർമ്മകളുടെ ശാപവും പേറി ലൗകികതയുടെ ആശ്രമങ്ങൾ തോറും ശാന്തിക്കായി അലയുകയാണ്‌. നന്മയും തിന്മയും അണിയിച്ചൊരുക്കുന്ന യാതൊരു ഭൗതികതയും ഇവിടെ സ്പർശിക്കപ്പെടുന്നില്ല. ജീവിതത്തിന്റെ നിശ്ച്ചല ചിത്രങ്ങളിൽ നിന്ന്‌ അതിഭൗതികവിതാനങ്ങളിലേക്കുള്ള പ്രവാസമാണ്‌` വിശ്വാസത്തിന്റെ ഭാഷയായി പ്രത്യക്ഷപ്പെടുന്നത്‌. വിശ്വാസം പ്രകടനാത്മകതയിലേക്കോ വർത്തമാനത്തിന്റെ സമുന്നതമായ ആശ്ലേഷത്തിലേക്കോ വന്നെത്തുന്നില്ല.
വിശ്വാസങ്ങളുടെ ആദിമമായ പ്രവർത്തനശാലയായി ജീവിതം തുടരുകയാണ്‌. നേരിന്റെ അസ്വാസ്ഥ്യം വിതച്ച നേര്‍‌രേഖകളിലൂടെ അത്‌ മുന്നോട്ടു പോകുന്നു. പനമ്പട്ടകളിൽ ഇടിമിന്നലും കാറ്റുമുണ്ടെന്ന്‌ സൂചിപ്പിച്ച ഉടനെ തന്നെ പനയുടെ കൂർത്ത ചിതമ്പലുകളിലെ തേളിനെ ഓർമ്മിപ്പിക്കുന്നു. പെട്ടെന്നുതന്നെ പനകയറ്റക്കാരൻ തഴമ്പിക്കുറിച്ച്‌ സംസാരിക്കുന്നു. ഇങ്ങനെയാണ്‌ വിജയൻ വിശ്വാസങ്ങളുടെ ഭീതിദമായ ആരോഹണം ആവിഷ്‌ക്കരിക്കുന്നത്‌. നൈസാമലിയുടെ നൈരന്തര്യത്തിലൂടെ , വിജയൻ മതിഭ്രമങ്ങളിൽ നിന്ന്‌ വിശ്വാസത്തിലെത്തിച്ചേരുന്ന ചിത്താവസ്ഥയെ പരിചയപ്പെടുത്തുന്നു. ഭൂമിയുടെ തുരുമ്പിൽ നിന്നും പ്രാകൃത ജഡാവശിഷ്ടങ്ങളിൽ നിന്നും സ്വച്ഛതയിലേക്ക്‌ ചേക്കേറുന്ന ഖസാക്കിന്റെ വർത്തമാനസ്വരം നാമിവിടെ കേട്ടറിയുകയാണ്‌. ഐന്ദ്രികവേളകളുടേയോ വൈകാരിക മുഹൂർത്തങ്ങളുടേയോ ഗന്ധം മുറ്റിനിൽക്കുന്ന തോന്നലുകളിൽ നിന്ന്‌ നിത്യമായ പ്രവാസം നേടിയെടുക്കുകയാണ്‌ വിശ്വാസം. അതാണ്‌ ഖസാക്കിന്റെ ഗ്രാമ്യാവസ്ഥകളെ പ്രപഞ്ചത്തിന്റെ മഹത്തായ അന്തര്‍ധാരകളിലെത്തിക്കുന്ന സ്വാച്ഛന്ദ്യം.

കർമ്മങ്ങളുടെ വിശ്വാസവുമായി മനുഷ്യൻ ഐഹികതയെ അറിയുകയാണ്‌. അതിൽ വിചാരിച്ചിരിക്കാത്ത സുഖദുഃഖങ്ങളുടെ ചെമ്പൻമൂകത തത്തിക്കളിക്കും.വേർതിരിച്ചെടുക്കുന്ന ധാരണയുടെ തടാകത്തിൽ കര്‍തൃലോകത്തിന്റെ മുഴുവൻ വിധിയും പേറി മനസ്സ്‌ ജീവിതത്തെ അറിയും. "റൊമെയ്‌ൻ റോളണ്ടിനെ "ഓർക്കുമ്പോൾ , സ്വയം പേറുന്ന ദൈവത്തിന്റേയും,സൃഷ്ടിയുടേയും കരുണയിലേക്ക്‌ നാമെത്തിച്ചേരുന്നു. വിശ്വാസങ്ങൾ വാസ്തവത്തിൽ മനുഷ്യനെ ഏകാന്തനായ പോരാളിയും അഭയാന്വേഷിയായ ഭക്തനുമാക്കിത്തീർക്കുകയാണ്‌. ഓരോന്ന്‌ പ്രവർത്തിച്ചുകൊണ്ട്‌ ജീവിതത്തിന്റെ ധാര മുറിയാതെ സംരക്ഷിക്കുന്നു. അതിലൂടെ ആയുസ്സിന്റെ കാമങ്ങളെ അരിഞ്ഞുവീഴ്‌ത്തുകയാണ്‌`. മുക്തിയുടെ വാതിലുകൾ തേടി മനുഷ്യനിലെ മനുഷ്യനെ കണ്ടെത്തുന്നു. ലോകത്തിന്റെ ദുരൂഹമായ പ്രവചനങ്ങൾക്കു മുമ്പിൽ മനുഷ്യൻ ഉയർത്തുന്ന ചോദ്യങ്ങളും നീതീകരണങ്ങളും വിശ്വാസത്തിൽ അടങ്ങിയിട്ടുണ്ട്‌. വിജയന്റെ ചിന്ത ഖസാക്കിന്റെ പൗരാണികമായ ചിത തേടിയാണ്‌ നീങ്ങുന്നത്‌ .മൃതാവസ്ഥകളിൽ നിന്നു പോലും ഈ എഴുത്തുകാരൻ സ്വച്ഛന്ദവാസത്തിന്റെ ഔഷധം തേടുന്നു.ധാതുക്കളുടെ പ്രാണനിൽ നിന്ന്‌ ജീവിതത്തിന്റെ വാഹനം സംസ്ക്കരിച്ചെടുക്കുന്ന പ്രവർത്തനം വരെ വിജയന്റെ വിശ്വാസസംബന്ധമായ ആതുരതകൾ നീണ്ടുകിടക്കുന്നു. പുഞ്ചിരിയും ഓർമ്മകളും ഭൂതകാലത്തിന്റെ എതോ ഏടുകളിലേക്ക്‌ അധികനേരം യാത്രചെയ്യുന്നു. അവയുടെ അനാദിയായ സ്പർശങ്ങളത്രയും ജൈവബന്ധങ്ങളുടെ വൈകാരികശുദ്ധിക്കും പ്രവർത്തനത്തിനും വേണ്ടിയാണ്‌ .

എന്നാൽ വീണ്ടും ആ ചിന്തകളുടെ അന്തരാളങ്ങളിലേക്ക്‌ ചെല്ലുമ്പോൾ സ്വാസ്ഥ്യം അനുഭവിക്കാം. ഗോത്രാനുഷ്ഠാനങ്ങളുടേയും ആചാരവിശ്വാസങ്ങളുടേയും ലോകം മനുഷ്‌യന്‍റെ ആദിമമായ അനാഥത്വത്തെ തഴുകിയുറക്കുന്നുണ്ട്‌. എങ്ങോ കളഞ്ഞുപോയ സ്വാസ്ഥ്യത്തിന്റെ ദുഃഖപരിസരം ബന്ധങ്ങളിലൂടേയും വിശ്വാസങ്ങളിലൂടേയും മനുഷ്യൻ കൈവരിക്കുന്നതിന്റെ ചിത്രമാണ്‌` അവതരിപ്പിക്കുന്നത്‌. ജന്മം കൊണ്ടു തന്നെ പ്രവാസിയായിരുന്ന നൈസാമലി മൊല്ലാക്കയുമായി പിണങ്ങുന്നു. അത്തരുമായി വഴക്കിടുന്നു. ഒടുവിൽ ഖാലിയാരായി , ജന്മങ്ങളുടെ മാറാപ്പുമായി ദുഃഖങ്ങളുടെ ഉറുമ്പുകൾ പൊതിഞ്ഞ കൂടുമായി അയാൾ ഖസാക്കിലെത്തുന്നു. ഖാലിയാരായി തിരിച്ചുവരുന്നത്‌ അയാളുടെ രൗദ്രമായ സ്വാസ്ഥ്യാന്വേഷണങ്ങളുടെ ദുഃഖം നിറഞ്ഞ പ്രകടനമാണ്‌.ഉള്ളിന്റെ വിഹ്വലമായ വിഷമസന്ധികളോടുകൂടി വിശ്വാസത്തിന്റേയും അനുഷ്ഠാനങ്ങളുടേയും മണ്ണിൽ അയാൾ അന്തർദ്ധാനം ചെയ്യുന്നു.സ്മരണകളും സന്ധ്യകളും പൂത്തുനിൽക്കുന്ന ഗതകാലത്തിൽ നിന്ന്‌ രവി മനസ്സുമായി ഒളിച്ചോടുന്നു. ആശ്രമങ്ങളും ചുവന്ന പാതകളും താണ്ടി ഒടുവിൽ ഖസാക്കിലെത്തുന്നതും വിശ്വാസങ്ങളിലൂടെയുള്ള തിരോധാനമാണ്‌. മൂല്യങ്ങളുടെ പ്രച്ഛന്നമായ ലോകത്ത്‌` ആത്മാവ്‌ കൊണ്ട്‌ മറയുന്ന ഏകാകിയുടെ സ്വരം ഇവിടെ നാം കേൾക്കുന്നു. അപ്പുക്കിളിയും മാധവന്നായരുമെല്ലാം അനുനിമിഷം തങ്ങളുടെ സ്വാസ്ഥ്യാന്വേഷണങ്ങളുടെ വേഗം കൂട്ടുന്നു. പ്രവർത്തനങ്ങളുടെ ജലംകൊണ്ട്‌ അവർ ദുഃഖപരിസരങ്ങളിൽ ആത്മാവിന്റെ സസ്യങ്ങളെ വളർത്തുന്നു.
അതിലൂടെ മുക്തിയുടെ പുതിയ തമസ്സുകൾ നിർമ്മിക്കുന്നു. തുരുത്തുകൾ കണ്ടെത്തി അതിന്റെ ഇരുട്ടിൽ ജീവിതത്തിന്റെ ദുരന്തസ്മൃതികളെ ഉറക്കുകയാണീ മനുഷ്യർ ചെയ്യുന്നത്‌. അങ്ങനെയാണ്‌ ഖസാക്ക്‌ എന്ന ഗ്രാമം വിശ്വാസങ്ങളുടേ കർമ്മമായി പരിണമിച്ചതു. ഉൾപ്രേരണകൾ പോലെ അതിൽ ജീവികൾ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു. വെയിലു വീണിടത്ത്‌ ചിറകു വിരിച്ച്‌ അവർ കിടന്നു. അതിന്റെ സ്വച്ഛവേഗങ്ങളിൽ പാപസ്മൃതികളും ശാപവചസ്സുകളും സ്വകാര്യമാക്കിമാറ്റി. ഖസാക്ക്‌ രവിയുടേയോ മൊല്ലാക്കയുടേയോ വിശ്വാസപരിതഃസ്ഥിതിയല്ല പേറുന്നത്‌`. പൂക്കളും തുമ്പികളും ഷെയ്‌ഖിന്റെ ജീവൻ തുടിക്കുന്ന പാറക്കെട്ടുകളും മനുഷ്യരും അതിൽ അമർന്നു കിടക്കുന്നു. ഇവയിലാണ്‌` ഖസാക്കിന്റെ വിശ്വാസങ്ങളുടെ കർമ്മം ശ്വാസോച്ഛ്വാസം ചെയ്‌തത്‌. അല്ലെങ്കിൽ വിശ്വാസങ്ങൾ ഖസാക്ക്‌ എന്ന കർമ്മമായി ശേഷിച്ചതു്‌

m k harikumar interview

 m k harikumar interview