Skip to main content

സപ്തസ്വരങ്ങളുടെ വിഷാദം

aathmayanangngalute khasak/ m k harikumar

സപ്തസ്വരങ്ങളുടെ വിഷാദം -13

അറിവിന്റെ വരവ്‌ ഖസാക്കിൽ ജരാനരകളുടെ നിത്യതയുടെ ഭീതിയും ജന്മങ്ങളുടെ പിരിമുറുക്കവും സൃഷ്‌ടിച്ചു. അതിന്റെ അപാരമായ അനുഭവത്തിൽ ദൃഷ്ടിയുടെ തമസ്സലിയുന്നു. മുക്തിയുടെ വചസ്സു തിരുന്നു. വസ്തുക്കളുടെ ഓർമ്മയിൽ നിന്നും മനസ്സിൽ നിന്നും ഖസാക്ക്‌ മുമ്പോട്ടായുകയാണ്‌.പിതൃക്കൾക്ക്‌ ശ്രാദ്ധം ചെയ്യുന്ന ദിനങ്ങൾ ഖസാക്കിലൂടെ കടന്നുപോകുന്നു. ഖസാക്കിന്റെ പ്രാകൃതമായ അനുഷ്ഠാനങ്ങളിൽ മൺമറഞ്ഞവരുടെ സ്മൃതിചിത്രങ്ങളുണ്ട്‌. ഷെയ്‌ഖിന്റെ പൂർവ്വ സ്മൃതിയിലൂടെ തങ്ങളുടെ ആദിമമായ രക്ഷകനെ ഉറപ്പിക്കുകയാണ്‌ . പ്രാകൃത വർഗ്ഗാധിഷ്ഠിത ജീവിതത്തിൽ ,ദൈവത്തിന്റെ സംജ്ഞ പൊന്തിവന്നതു മൃതദേഹങ്ങളെ ചുറ്റിപറ്റിയുള്ള അനുസ്മരണങ്ങളിൽ നിന്നായിരുന്നുവെന്ന്‌ ഗ്രാന്‍റ്‌ അല്ലൻ എഴുതുന്നു. ഖസാക്കിലും ഏതോ, പ്രാക്‌തന ജീവിതത്തിന്റെ സാന്നിദ്ധ്യമുണ്ട്‌. മൃതമായ ദിവ്യശരീരത്തിന്റെ ആയുസ്സ്‌ ഓർമ്മകളിലൂടേ അലയുന്നു. അതിന്റെ ലഹരിയിൽ ഖസാക്കിലെ മണൽത്തരിപോലും ആശിസ്സുകളെ നേരിടുകയാണ്‌. വാക്കുകൾ തോടു പൊട്ടിച്ച്‌ കടന്നുവരുന്നു.

വാക്കുകൾക്കും മാന്ത്രികതയുണ്ട്‌. മൗനങ്ങൾ ശരീരങ്ങൾക്കപ്പുറത്തുള്ള കാലത്തിലേക്ക്‌ പെറ്റുവീഴുന്നു. അവ ശരീരത്തിലൂടെയാണ്‌ കാലത്തെ അതിജീവിക്കുന്നത്‌. അതിന്റെ സഭ്യതയിൽ ഖസാക്കിന്‌ സുരതത്തിന്റെ പൂർണ്ണതയുണ്ട്‌. ഷെയ്‌ഖിന്റെ ഓർമ്മകളിലൂടെ കാമത്തിന്റെ മുഖാവരണങ്ങൾ തെഴുത്തുവരുന്നു. ഗാർഹസ്ഥ്യത്തിന്റെ അലകൾപോലും കോമളമായ ദുരിതങ്ങളിൽ നിമഞ്ജനം ചെയ്‌തിരിക്കുന്നു. പ്രവർത്തനങ്ങളുടെ സമാധി. ഖസാക്കിന്റെ ആലോചനകൾ പ്രവർത്തനങ്ങളുടെ പ്രത്യക്ഷങ്ങളിലാണ്‌ അന്തർഭവിച്ചിരിക്കുന്നത്‌. പ്രവർത്തനങ്ങൾ നിത്യമായ ആതുരതകളുമായി പ്രാർത്ഥനകളിലേക്ക്‌ മടങ്ങുമ്പോഴാണ്‌ അറിവിന്റെ വിളയാട്ടം തിരോഭവിക്കുന്നത്‌.അറിവ്‌ ആത്മാവിന്റെ പ്രാണയാനങ്ങളുടെ പ്രാപഞ്ചികതയാണ്‌. അറിവിന്റെ വിരലുകളും ശിരസ്സും ലോകത്തിന്റെ ഏതോ ഗർഭഗൃഹങ്ങളെയാണ്‌ വഹിക്കുന്നത്‌. അറിവിന്റെ തനുവിൽ പദാർത്ഥലോകത്തിന്റെ സപ്തസ്വരങ്ങളാണുള്ളത്‌. സപ്തസ്വരങ്ങളുടെ വിഷാദം പൂർത്തിയാവുന്നത്‌ ജൈവലോകത്തിന്റെ അന്വേഷണം നിലച്ചുപോകുമ്പോഴാണ്‌. ഓരോ വസ്തുവും ദുഃഖത്തിന്റെ സമുദ്രത്തിലേയ്‌ക്കുള്ള കടത്തുവഞ്ചിയാണ്‌. വിരഹം മൗനത്തിന്റെ പക്ഷിയായി വന്ന്‌ ആത്മസഞ്ചാരങ്ങളുടെ ശിഖരങ്ങളിൽ കൂടുകൂട്ടാനിടവരുന്നതിങ്ങനെയാണ്‌. ഖസാക്കിന്റെ ഇതിഹാസത്തിൽ ഇവ്വിധം വിരഹത്തിലേക്കും സമാധിയിലേക്കും നീങ്ങുന്ന ജൈവബിന്ദുക്കളിലൂടെ അറിവിന്റെ അനാഥത്വത്തിലെത്തിച്ചേരുന്ന മനസ്സുണ്ട്‌. അതാണ്‌ വിജയന്റെ സത്യവാങ്ങ്‌മൂലങ്ങളുടെ ദുഃഖഭരിതമായ ആന്തരമുഖം.

അറിവിന്റെ അടിത്തട്ടിലെ വിഷാദരേണുക്കളെ നോവലിസ്റ്റ്‌ ഗാഢമായി അനുഭവിക്കാൻ ശ്രമിക്കുകയാണ്‌. ചെതലിമലയിലെ കാട്ടുചോലയിൽ ഉറങ്ങികിടന്ന പരൽമീനിനെക്കുറിച്ച്‌ ഓർത്തുപോവുന്നു. കാലത്തിന്റെ സ്പർശമേൽക്കുമ്പോള്‍ അവൻ വെള്ളച്ചാലിലേക്ക്‌ നീന്തിത്തുടങ്ങും. കോരിച്ചൊരിയുന്ന മഴയത്ത്‌ ഖസാക്കുകാര്‍ അവനെ കണ്ടുവെ ന്ന്‌ വിജയൻ രേഖപ്പെടുത്തുന്നുണ്ട്‌. സ്നാനം ചെയ്യുന്ന പരൽ മീനിന്റെ ഈ ചിത്രം അധോയാഥാർത്ഥ്യങ്ങളിലേക്ക്‌ മുഖം തിരിച്ചുനിൽക്കുന്നു. ഖസാക്ക്‌ നേരിടുന്ന പുതിയ പരിണാമങ്ങളുടെ അന്തർഘടനയിൽ പ്രപഞ്ചത്തിന്റെ ദിവ്യമായ ഭാവം കുടികൊള്ളുന്നുണ്ട്‌. അറിവിന്റെ സമാധിയിലേക്കുള്ള ഖസാക്കിന്റെ പരിവർത്തനത്തിന്റെ ദൈവീകമായ ഒരു സൂചന എന്ന അർത്ഥത്തിലാണ്‌ നോവലിൽ- പരൽമീൻ കടന്നുവന്നിരിക്കുന്നത്‌. അവൻപ്രകൃതിയുടെ അരുമ സന്തതിയാണ്‌. അവനിൽപ്രസാദത്തിന്റെ കുതികൊള്ളുന്ന അഭിനിവേശമുണ്ട്‌. ദൈവത്തിന്റെ സീമയറ്റ പുഞ്ചിരിയുണ്ട്‌. അവൻ പ്രഭാതത്തിന്റെ വിഷാദം മുഴുവൻ ആവാഹിക്കുന്നു. എന്നാൽ അബോധത്തിന്റെ ബാഹ്യമായ ചക്ഷുസ്സുകൾ ഈ സൃഷ്ടിയുടെ പിന്നിൽ പ്രവർത്തിക്കുന്നുണ്ട്‌. മഴയുടെ കാഠിന്യത്തിൽ പരൽമീനിന്റെ സമയബോധമുണരുന്നു. അവന്റെ ഉറക്കം ശമിക്കുന്നു. അങ്ങനെ തോട്ടത്തിലെത്തിച്ചേരുകയാണ്‌ .

ഖസാക്കിന്റെ രൂപഭ്രംശങ്ങളുടെ അനുക്രമമായ പഥങ്ങളിലെ പ്രസാദം നിറഞ്ഞ മുന്നറിയിപ്പാണിത്‌ വിജയന്റെ സ്മൃതിഘടനയെ അപഗ്രഥിക്കുമ്പോൾ മാത്രം ലഭ്യമാകുന്ന ഇത്തരം പ്രതീകങ്ങളിൽ മുകുളങ്ങളിൽ നിന്ന്‌ ഖരത്തിലേക്കും ദ്രവ്യത്തിൽ നിന്ന്‌ ആയുസ്സിന്റെ മൗനത്തിലേക്കും നീങ്ങുന്ന മനസ്സിന്റെ യാത്രകളെ കാണാം.ഇവിടെയാണ്‌` ഖസാക്കിന്റെ ഗ്രാമ്യമായ സ്വച്ഛതകൾ തങ്ങിനിന്നത്‌. ഖസാക്കുകാരുടെ ആത്മബോധങ്ങളുടെ പ്രകടനം ഇവിടെ ദൃശ്യമാകുന്നു. അനുഷ്ഠാനങ്ങളിലൂടെ കറങ്ങിത്തിരിഞ്ഞ ഐഹികധാരണകളുടെ പ്രവാസികൾ കാലത്തിന്റെ ഏതോ ശമനം ഉള്ളിൽമുളച്ചിട്ടെന്നോണം സമാധിയുടേയും, വിഷാദകാലമൗനത്തിന്റേയും മാർഗ്ഗങ്ങൾ ആരാഞ്ഞുതുടങ്ങുന്നു. പ്രപഞ്ചത്തിന്റെ മഹത്തായ അന്തർദ്ധാരകളായിരിക്കാം ;ഉൾപ്രേരണകളുടെ അനേകം ശ രീരങ്ങളായിരിക്കാം.എന്നാൽ മാറ്റത്തിന്റെ ഋതുചക്രം സമാധിയിലൂടെ മനുഷ്യർക്കപ്പുറം പോവുകയാണ്‌‌`. വാസ്തവത്തിൽ ഒരു കഥയുടെ അന്ത്യം മനുഷ്യർക്കപ്പുറം പോകുന്നതിൽ കൂടുതൽ മനോഹരമായിരിക്കുന്നത്‌ എപ്പോഴാണ്‌`. ?വിജയന്റെ സൃഷ്ടിപ്രക്രിയയിൽ അർത്ഥവത്തായ വിരാമത്തിന്റെ കാൽപാടുകൾ കാണുന്നത്‌ ഖസാക്കിന്റെ പരിണാമത്തിലാണ്‌. ഇവിടെ, മനുഷ്യനും, വസ്തുക്കളും, പ്രകൃതിയും പ്രപഞ്ചത്തിന്റെ ഓരോ കോണിലിരുന്നുകൊണ്ട്‌ കാലം സൂക്ഷിക്കാൻ വെമ്പുകയാണ്‌. അതിനായി അവർ ആയുസ്സിനെ തട്ടിക്കളിക്കുകയാണ്‌. ഈ ദൃശ്യാത്മകതയിലൂടേ ഖസാക്കിൽ കാലം ഉറഞ്ഞുതണുക്കുന്നു. കാലവർഷം പെരുവിരലോളം ചുരുങ്ങിയെന്ന്‌ വിജയൻ അറിയിക്കുന്നുണ്ട്‌.

അതായത്‌ നരനും പദാർത്ഥവും ചേർന്ന സംയുക്തമായ ഉദ്യമങ്ങൾ നിഷ്ക്രമിക്കുകയും ലോകത്തിന്റെ ദ്രവിച്ച അസ്ഥിപഞ്ജരം തള്ളിവരികയും ചെയ്യുന്നു. ഇതിൽ നോവലിസ്റ്റ്‌ നേടിയെടുത്ത കലാസിദ്ധി ആദ്ധ്യാത്മികമായ പ്രവാസത്തിന്റേതാണ്‌. മഴ പെയ്‌ത്‌ നനഞ്ഞ പ്രാണയാനങ്ങളുടെ ഓർമ്മകളാണ്‌ ഖസാക്കിൽ നിറഞ്ഞുനിൽക്കുന്നത്‌. അറിവിന്റെ വരവ്‌. ഈ അർത്ഥത്തിൽ സപ്തസ്വരങ്ങളുടെ വിഷാദത്തിലേക്കാണ്‌ നീങ്ങുന്നത്‌. ലോകം തിരോഭവിക്കുന്ന അനുഭവം അറിവിന്റെ സപ്തസ്വരങ്ങളുടെ വിഷാദം മുഴുവൻ നേടിയെടുക്കുന്നു. പദാർത്ഥത്തിന്റെ സമ്പാദ്യമെല്ലാം ശരീരത്തോടൊപ്പം മൃൺമയമാക്കുന്നതാണ്‌ നാമാറിയുന്നത്‌. ഖസാക്കിൽ അറിവിന്റെ ദേവനിലെത്തുന്ന തൃഷ്ണ സപ്തസ്വരങ്ങളുടെ വിഷാദത്തിലേക്ക്‌` ചെന്നുപതിക്കുന്നു. പ്രപഞ്ചത്തിന്റെ നിത്യസത്യമായിരിക്കുന്ന ഈ വിഷാദം ഖസാക്കിനെ ലോകത്തിന്റെ നീതിസാരത്തിൽ നിന്ന്‌ മോചിപ്പിക്കുകയാണ്‌. അതിന്റെ സാഫല്യത്തിൽ വിജയന്റെ സിദ്ധി പൂർണ്ണമാകുന്നു. കരിമ്പനകളുടെ മുകളിൽ ആകാശം സാന്ദ്രമായി ഇറങ്ങിനിന്നുവെന്ന്‌ സൂചിപ്പിക്കുന്നതും ഈ അർത്ഥത്തിലാണ്‌.ഖസാക്കിലെ പ്രകൃതിയുടെ മുഴുവൻ സാന്ദ്രീകൃതമായ പരിണാമപ്രവർത്തനങ്ങളേയും സ്വാംശീകരിക്കുന്ന ദിവ്യവചസ്സാണിത്‌.നരന്റെ ,വസ്തുവിന്റെ, പ്രകൃതിയുടെ ,ഭൂമിയുടെ ,അങ്ങനെ സമഗ്രമായ പ്രാപഞ്ചികസ്വാച്ഛന്ദ്യത്തിന്റെ വിശാലമായ ഐഹികവേളകളും സ്ഥലരാശികളും ചമയ്ക്കാനുള്ള സർഗ്ഗാത്മക ആസക്തിയിൽ നിന്നാണ്‌ ഖസാക്കിന്റെ മൗനം ഉത്‌ഭവിച്ചിരിക്കുന്നത്‌. അറിവിന്റെ വിഷാദം ,ആത്യന്തികമായി ,ഏതു നിശ്‌ച്ചലതയിലേക്കാണ്‌ പ്രലോഭിപ്പിക്കുന്നത്‌?അറിവിന്റെ മഥനങ്ങൾ സമാധിയുടെ ഏത്‌ വിരാമമാണ്‌ കണ്ടെത്തുന്നത്‌? സപ്തസ്വരങ്ങളുടെ വിഷാദത്തിൽ നിന്ന്‌ അറിവ്‌ പരിണമിക്കുന്നത്‌ ഏത്‌ നിമിഷത്തിലാണ്‌? അറിവിന്റെ സപ്തസ്വരങ്ങളുടേ വിഷാദം ജൈവബിന്ദുക്കളുടെ സമാധിയുടെ മൗനത്തിലെത്തിച്ചേരുകയാണ്‌.

അറിവ്‌ ഏകാകിയുടെ ആയുധങ്ങൾക്കു മുകളിൽ ശോഭയ‍ാടെ വന്നു പിറക്കുന്നു. ലോകത്തിന്റെ സൂചിക്കുത്തുകളും മൃത്യുദാഹങ്ങളും അധോലോകത്തുനിന്ന്‌ മായ്‌ച്ചുകളഞ്ഞ്‌ സ്വാതന്ത്ര്യത്തെ പുനഃസ്ഥാപിക്കാനുള്ള ആഗ്രഹം അറിവിൽനിന്നാണ്‌ വരുന്നത്‌. അറിവിന്റെ ഓരോ നിമിഷവും മനസ്സും ലോകവും തമ്മിലുള്ള സംസാരം കൊണ്ട്‌ നിറഞ്ഞതാണ്‌. ബോധത്തിൽ ബാഹ്യാവസ്ഥ സമ്മർദ്ദപ്പെടുമ്പോൾ വിഷാദത്തിന്റെ ലാർവ്വകൾ ജന്മമെടുക്കുന്നു. അവ പ്രജ്ഞയുടെ ഓരങ്ങൾതോറും പ്രപഞ്ചത്തിന്റെ ഹരിതകാലത്തെ കുടിയിരുത്തുന്നു. ജന്മങ്ങളുടെ മാർദ്ദവമുള്ള പുറന്തോടുകളും സംസാരത്തിന്റെ നിശ്ശബ്ദമായ ക്ഷീരപഥങ്ങളും പ്രത്യക്ഷപ്പെടുന്നു. അറിവിന്റെ വിഷാദം സപ്തസ്വരങ്ങളുടേ മുദ്രകൾ കാണിക്കുന്നതിവിടെയാണ്‌. ഖസാക്കിന്റെ ആദിമകാലത്തെക്കുറിച്ചും വിജയൻ സൂചന നൽകുന്നുണ്ട്‌. പന്ത്രണ്ടു പള്ളികളിൽ ഖസാക്കിന്റെ കാലം ചുരുങ്ങിക്കിടന്നിരുന്നു.
അവിടെ മനുഷ്യരും വസ്തുക്കളും പ്രകൃതിധാതുക്കളും അനേകം ഉൾപ്രേരണകളും അന്തർദ്ധാരകളുമായി വിരിഞ്ഞപ്പോൾ ഖസാക്കിന്റെ അനൈഹികത കനം വെച്ചു. അവിടെ കാലത്തിനു രൂപവ്യാപ്‌തി സംഭവിച്ചു. പിന്നെ, പ്രപഞ്ചത്തിന്റെ സൂക്ഷമാണുക്കളോളം കിനിഞ്ഞിറങ്ങി. കരിമ്പനകളുടെ ശീൽക്കാരവും മനസ്സിന്റെ മൈഥുനങ്ങളും മതിഭ്രമങ്ങൾ കൂടികൊണ്ടുവന്നു. ഖസാക്കിന്റെ വ്യതിയാനങ്ങളിലൂടെ മനുഷ്യന്റെ മുഖവും മാറുന്നുണ്ട്‌. വസ്തുക്കളുടെ സന്നിഗ്‌ദ്ധപരിതഃസ്ഥിതിയും തിരിയുന്നുണ്ട്‌. കുഷ്ഠം പറ്റിയ വേരുകളുള്ള ഖസാക്കിലെ മാവുകളുടെ പ്രഥമദൃശ്യം വസൂരിക്കലകളുള്ള മനുഷ്യരിലൂടെ തുടരുന്നു.
മനുഷ്യരിൽ നിന്ന്‌ ഖസാക്കിന്റെ ബൃഹത്തായ , ദിവ്യമായ ഉടലിലേക്ക്‌ പകരുന്നു. രവിയുടെ കൈപ്പടത്തിൽ തെളിഞ്ഞുനിന്ന ആർത്തവ രക്തതുള്ളികളും നനവാർന്ന കാറ്റിന്റെ വേഗങ്ങളും ഖസാക്കിന്റെ പ്രപഞ്ചം കാണിച്ചുതരുന്നു. ഖസാക്കിലെ മഴയ്ക്കുപോലും ബൃഹത്തായ ജീവിതകാലമുണ്ട്‌. മഴയെ ജീവിതം നിലനിർത്തുന്നതിനുള്ള ദിവ്യമായ ആഗമനമായി തിരക്കുറളിൽ വാഴ്‌ത്തുന്നുണ്ട്‌. ഖസാക്കിൽ പെയ്യുന്ന മഴ കാരുണ്യത്തിന്റെ സംഗീതം നിറഞ്ഞ ആത്മാവിനെയാണ്‌ വഹിക്കുന്നത്‌. അത്‌ ആത്മഹർഷത്തിന്റെ പൂക്കൾ വിടർത്തുന്നു. ലോകത്തിന്റെ ആദിമമായ അജ്ഞേയതയും അറിവിന്റെ സരളതയായി ഖസാക്കിലുണ്ട്‌. ഇടിഞ്ഞുപൊളിഞ്ഞ പള്ളികൾ,കാലാന്തരത്തിൽ അനാഥമായിത്തീർന്ന അസംസ്കൃതവസ്തുക്കൾ, അങ്ങനെ ഉള്ളു തകർന്ന്‌ കിടന്ന പ്രാചീനതയുടെ ഉടുക്കുകൾ നാം കണ്ടുമുട്ടുന്നു. അവിടെ വെച്ചാണ്‌ പ്രജ്ഞയുടെ സപ്തസ്വരങ്ങൾ വിഷാദത്തിന്റെ അവശിഷ്ടങ്ങളെ തിരിച്ചറിഞ്ഞത്‌. മാറ്റങ്ങളുടേയും ഭ്രമങ്ങളുടേയും കാലവർഷം കടന്നുപോകുന്ന വഴി, ലോഹാംശത്തിന്റെ പാവുകളോടുകൂടിയ പാറക്കെട്ടുകൾ,ഗൃഹാതലങ്ങൾ അകൽച്ചയുടെ തമസ്സു മുഴുവൻ ഒപ്പിയെടുത്ത പായൽ, മന്ദാരത്തിന്റെ ഇലകൾചേർത്തുണ്ടാക്കിയ അശാന്തിയുടെ കൂട്‌.....ഖസാക്കിന്റെ സപ്തസ്വരങ്ങളുടെ വിഷാദം അസ്വാസ്ഥ്യം പ്രകടിപ്പിക്കുകയാണ്‌`. അതിന്റെ അന്തരാത്മാവിൽ നിന്ന്‌ നൈസാമലിയുടെ മുഖം തെളിയുന്നുണ്ട്‌. പ്രതിരോധമില്ലാതെ കിഴക്കൻ കാറ്റ്‌ വീശുകയാണ്‌. അയാൾ ചന്ദനത്തിരിയുടെ പുക ആർത്തിയോടെ ശ്വസിച്ചു‍. ശ്വസനത്തിൽ അയാൾ വളര്‍ന്നുവെന്ന്‌ നോവലിസ്റ്റ്‌ എഴുതുന്നുണ്ട്‌. ഖസാക്കിന്റെ വിജനതയിൽ അയാൾ വളരുകയായിരുന്നു.


രവിയുടേയും മാധവൻനായരുടേയും നൈസാമലിയുടെയും മൗനത്തിലേക്കു നീക്കം ഖസാക്കിന്റെ സമാധിയുടെ മൂകത മാത്രമാണ്‌ വ്യഞ്ജിപ്പിക്കുന്നത്‌ കാഴ്‌ച്ചകളുടെ ഓരോ നിനവിലും രവി അസന്തുഷ്ടനായിരുന്നു. കൃഷ്ണമണികളുടെ അനുസ്യൂതമായ വ്യഗ്രതകൾ തന്നെ വിശപ്പിനും അഗ്നിക്കും ഇരയാക്കുന്നുവെന്ന്‌ രവിക്ക്‌ തോന്നിയിരുന്നു. അച്ഛന്റെ സാദൃശ്യവും കുഷ്ഠരോഗികളുടെ പൊട്ടിയൊലിക്കുന്ന വ്രണങ്ങളും അയാളെ ബന്ധിക്കുകയായിരുന്നു. ജന്മത്തിന്റെ നൈരന്തര്യംപോലും അയാൾക്ക്‌` ഊഷരമായ സാന്ത്വനം പകർന്നത്‌ അങ്ങനെയാണ്‌. കാഴ്‌ച്ചയുടെ ചുഴികളിൽ നിന്നും ഖസാക്കിന്റെ മണ്ണിലെ നിത്യതയുടെ വിസ്മൃതിയിലേക്ക്‌ ലയിക്കുക. വസ്തുവിന്റെ നാദവും സംഗീതവും ഖരവും ഖസാക്കിലേക്ക്‌ മടങ്ങുകയാണ്‌. സഹനങ്ങൾകൊണ്ട്‌ ദൈവത്തിന്റെ ജലാശയം സൃഷ്ടിക്കാം.
അതിൽ രാത്രികാലങ്ങളിൽ മുങ്ങിക്കിടക്കാം. ആകാശം മിന്നാമിനുങ്ങുകളിൽ വ്യാപരിക്കുന്ന ഈ വേളകളിൽ ,മനുഷ്യബോധങ്ങളുടെ സീമക്കപ്പുറത്ത്‌ ഭൂമിയുടെ വിശാലതയാണുള്ളത്‌. അവിടെ സ്വച്ഛന്ദമായൊഴുകുന്ന കാലത്തിന്റെ അഗാധതയുണ്ട്‌. നരന്റെ അവശിഷ്ടങ്ങളും വസ്തുക്കളുടെ കിനാവുകളും ,പ്രകൃതിയുടെ ഉത്സവക്കാഴ്‌ച്ചകളും നുറുങ്ങുകളായി ഒഴുകിപ്പോകുന്ന പ്രപഞ്ചത്തിന്റെ ആ പുഴ! കർമ്മങ്ങളുടെ ആകസ്മികമായ പരിചയങ്ങളിൽ നിന്ന്‌ മുഖം തിരിക്കുന്ന സത്യബോധങ്ങളുടെ ഈറ്റില്ലം.അതിന്റെ പിറവിയിലെവിടെയോ ഉൾക്കൊണ്ട പ്രകൃതിയുടെ രേതസ്സ്‌ .വിജയന്റെ കലാപരിതഃസ്ഥിതിയുടെ ആത്മീയമായ ഉത്ഥാനങ്ങൾ ഇവിടെ സാക്ഷാത്‌കരിക്കപ്പെടുകയാണ്‌. സമകാലധാരണകൾക്കപ്പുറത്ത്‌ , മർത്ത്യചേതനയുടെ ലൗകികതക്കപ്പുറത്ത്‌ ,യാഥാർത്ഥ്യവും സ്വപ്‌നവും പ്രപഞ്ചത്തിൽ നെയ്‌ത്‌ ചേർത്തതുപോലെ തോന്നിക്കുന്ന ഈ സ്ഥലരാശിയിൽ ,ഖസാക്കിൽ, ലയങ്ങളും ലയനങ്ങളും ചേർന്ന്‌ ജൈവവസ്ഥയുടെ ഒരു പുഷ്പം വിരിയിച്ചിരിക്കുന്നു.

Popular posts from this blog

ശ്രീശങ്കരദർശനമല്ല ശ്രീനാരായണദർശനം/എം കെ ഹരികുമാർ

jalachaya/novel

khasakk award/ ആത്മായനങ്ങളുടെ ഖസാക്ക് അവാര്‍ഡ്/ 2009

malayala manorama 18, nov 2009
madhyamam , nov 18 2009

kerala kaumudi, nov 19, 2009

mathrubhumi, 18, nov 2009


kerala kaumudi, 18 nov, 2009
press releasemathew nellickunnu

book: sayanna yathrakal [short fiction]
desamangalam ramakrishan

book: ethra yadruchikam [poems]


e p sree kumar

book : parasya sareeram [short fiction]


dr. shanmukhan pulappatta
book: uravayilekk kuthikkunna puzha [criticism]venu v desam
book: mohandha sanchari [poems]


aathmaayanangalute khasakk full text


award news