Skip to main content

ആത്മായനങ്ങളുടെ ഖസാക്കിലെ ഭാഷ

aathmayanangalude khasak/ m k harikumar
ആത്മായനങ്ങളുടെ ഖസാക്കിലെ ഭാഷ


ഒരിക്കല്‍ എം.ജി.യൂണിവേഴ്‌സിറ്റിയിലെ പി.എച്ച്‌.ഡി. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി കലാശാലേതരമായ തരത്തില്‍ ക്ലാസ്സെടുക്കുമ്പോള്‍ എന്റെ ഭാഷയെക്കുറിച്ച്‌ ചോദ്യമുയര്‍ന്നു. അതിലൊരു കുട്ടിയുടെ നിഷ്‌ക്കളങ്കമായ ചോദ്യമായിരുന്നു അത്‌. "ആത്മായനങ്ങളുടെ ഖസാക്കിലെ " ഭാഷ പെട്ടെന്ന്‌ മനസ്സിലാകുന്നില്ല എന്ന്‌ ആ ണ്‌ ആ കുട്ടി പ്രതികരിച്ചത്‌. മറ്റൊരു അവസരത്തില്‍ മൂവാറ്റുപുഴ നിര്‍മ്മലാ കോളേജിലും കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ കോളേജിലും മലയാളം വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി പ്രഭാഷണം നടത്തുമ്പോഴും ഇതിനോട്‌ സദൃശമായ ചോദ്യങ്ങളുണ്ടായി.ആത്മായനങ്ങളുടെ ഖസാക്കിലെ ഭാഷയില്‍ തുടര്‍ന്നും എഴുതാത്തതെന്ത്‌ ,ഇനി ഖസാക്കിനെക്കുറിച്ച്‌ എഴുതിയാല്‍ ഭാഷ വ്യത്യസ്തമാകുമോ , ഭാഷ മനസ്സിലാകാത്തത്‌ വായനക്കാരന്റെ കുറ്റമാണോ , ഭാഷ വാസ്തവത്തില്‍ മനസ്സിലാക്കേണ്ട കാര്യമുണ്ടോ, യുക്തിയുടെ പ്രസക്തി എന്താണ്‌, എന്നിങ്ങനെയായിരുന്നു ആ ആരായലുകള്‍. വളരെ സങ്കീര്‍ണ്ണമായ വിഷയത്തിലേക്കാണ്‌ ഈ ചോദ്യങ്ങള്‍ ആഴ്‌ന്നിറങ്ങുന്നത്‌.
"ആത്മായനങ്ങളുടെ ഖസാക്ക്‌" രചിക്കുമ്പോള്‍ ഞാന്‍ നിര്‍മ്മലകോളേജില്‍ എം.എ. വിദ്യാര്‍ത്ഥിയായിരുന്നു. കോളേജില്‍ ഞാന്‍ സാഹിത്യം പഠിച്ചിട്ടില്ല. അത്‌ ഇപ്പോള്‍ ഒരു അനുഗ്രഹമായിട്ടാണ്‌ തോന്നുന്നത്‌. കാരണം കലാശാലയുടെ സൗന്ദര്യ ബോധവും സാഹിത്യ സമീപനവും എന്നെ സ്വാധീനിക്കുന്നില്ലല്ലൊ. "ആത്മായനങ്ങളുടെ ഖസാക്ക്‌" ഞാന്‍ പ്രീഡിഗ്രിക്ക്‌ കുറവിലങ്ങാട്‌ ദേവമാതാ കോളേജില്‍ പഠിക്കുമ്പോള്‍ മുതലുള്ള എന്റെ ചിന്തകളുടെ ഫലശ്രുതിയാണ്‌. അന്ന്‌ കോളേജില്‍ സാഹിത്യത്തെപ്പറ്റി സംസാരിക്കാന്‍ ചെറു സംഘങ്ങളുണ്ടായിരുന്നു. സാര്‍ത്രും, നീഷേയും, കൃഷ്ണമൂര്‍ത്തിയും, വിജയനുമൊക്കെ ഞങ്ങള്‍ നിരന്തരം ചര്‍ച്ച ചെയ്‌തു. ഏതോ കലാപത്തിന്റെ തയ്യാറെടുപ്പായിരുന്നിരിക്കണം അത്‌. സകല യാഥാസ്ഥിതിക സമീപനങ്ങളും കലയില്‍ നിന്നൊഴിഞ്ഞ്‌ പോകണമെന്ന നിലപാടില്‍ എല്ലാവരും യോജിച്ചു. എഴുത്തുകാരന്റെ വ്യക്തിത്വവും,ദര്‍ശനവും വളരെയേറെ വാഴ്‌ത്തപ്പെട്ട ചര്‍ച്ചകളായിരുന്നു അവയെല്ലാം. അന്ന്` "ഖസാക്കിന്റെ ഇതിഹാസം " എന്റെ സ്വകാര്യ ചിന്തകളുടെ കളിസ്ഥലത്തുണ്ടായിരുന്നു. നിത്യേനയുള്ള പോക്കുവരവുകളില്‍ നിറഞ്ഞു നിന്നത്‌ ഇലകളും, പൂക്കളും, പുസ്തകങ്ങളും, കിളികളുമായിരുന്നുവല്ലൊ.ഖസാക്ക്‌ പലപ്രാവശ്യം വായിച്ചു. അപ്പോഴൊന്നും അതേക്കുറിച്ച്‌ എഴുതണമെന്നില്ലായിരുന്നു. പുസ്തക വായനയും, ചര്‍ച്ചയും ഏതോ കലാപത്തിനു കോപ്പുകൂട്ടുന്നതുപോലെ അത്‌ പലര്‍ക്കും തോന്നിച്ചു. അവിടവിടെ കോറിയിട്ട ചില വാക്യങ്ങളാണ്‌ പലരേയും അന്ധാളിപ്പിച്ചത്‌. എന്നാല്‍ നിര്‍മ്മലാ കോളേജില്‍ എം.എ.യ്ക്കു ചേര്‍ന്നപ്പോള്‍ (1982) രചന നിയന്ത്രിക്കാനായില്ല എന്നതാണ്‌ പരമാര്‍ത്ഥം. അഞ്ചു വര്‍ഷത്തെ ആത്മാകുലതകളുടെ , ആസക്തികളുടെ കൂലംകുത്തിയുള്ള ഒഴുക്കായിരുന്നു അത്‌. പുല്‍മേട്ടിലും, തെങ്ങിന്‍ ചുവട്ടിലും മറ്റുമായി ഒറ്റയ്ക്കിരുന്നണ്‌ ഞാനത്‌ എഴുതിയത്‌. സൗന്ദര്യാത്മകത എനിക്ക്‌ എന്റെ തന്നെ സ്വാധീന ശക്തിയായിരുന്നു. ഭാഷയുടെ ആവിഷ്‌ക്കാര സൂക്ഷ്മതകള്‍ ഞാന്‍ തന്നെ കണ്ടെത്തുകയായിരുന്നു.

"ആത്മായനങ്ങളുടെ ഖസാക്ക്‌" പോലൊരു കൃതിയൊ അതുപോലൊരു ഭാഷയൊ എനിക്കിനി സൃഷ്‌ടിക്കാനാവില്ല. അത്‌ സ്വതന്ത്രവും, സ്‌നിഗ്‌ദ്ധവും, സന്നിഗ്‌ദ്ധവുമായ ഭാഷയാണ്‌, ആവിഷ്‌ക്കാരമാണ്‌. ആശയങ്ങളുടെ കരിങ്കല്ലുകൊണ്ട്‌ പണിതതല്ല ആ കൃതി. എന്തെങ്കിലും എസ്റ്റാബ്ലിഷ്‌ ചെയ്യുന്നുമില്ല. ഏതൊക്കെയോ അറിവുകളുടെ വാച്യാതീതമായ ഭാവം പ്രസരിക്കുന്നുണ്ട്‌. ഭാഷ ഗണിതശാസ്ത്രത്തിന്റെ യുക്തി ആവശ്യപ്പെടുന്നുണ്ട്‌ ചില ഘട്ടങ്ങളില്‍, എന്നാല്‍ മറ്റു ചിലപ്പോള്‍ ഭാഷ അതിനെത്തന്നെ ഗര്‍ഭം ധരിക്കുകയാണ്‌ ചെയ്യുന്നത് " .

ആത്മായനങ്ങളൂടെ ഭാഷ സ്വയം ഗര്‍ഭം ധരിച്ചതാണ്‌.
ജൈവസംഗീതത്തിന്റെ ഭൗതിക രൂപം എന്നും പൗരാണിക കാലത്തിന്റെ പരിത്യക്തമായ ശരീരം എന്നും ക്രിയകളുടെ സ്‌ഫുല്ലിംഗങ്ങളെന്നും സ്‌പര്‍ശിനികളുടെ ആദിബീജമെന്നും എഴുതിയത്‌ സാധാരണ ഗതിയില്‍ ഒരു അര്‍ത്ഥം വ്യക്തമാക്കി തരുന്നില്ല. എന്നാല്‍ അത്‌ ആത്മാവില്‍ അനുഭവമാകുമ്പോള്‍ നാം മറ്റേതോ യാഥാര്‍ത്ഥ്യത്തെയാണ്‌ അറിയുന്നത്‌. ഭാഷയിലൂടെ നമുക്കു പരിചിതമല്ലാത്ത അതിഗഹനവും, സൂക്ഷ്മവും ആയ ഭാവതലങ്ങള്‍ ഉരുത്തിരിച്ചെടുക്കാനാണിത്‌. പക്ഷേ ഇത്‌ ബോധപൂര്‍‌വ്വമല്ലായിരുന്നു. "ഖസാക്കിന്റെ ഇതിഹാസം "വായിച്ചപ്പോഴുണ്ടായ ആത്മീയ പ്രതികരണമാണിതെന്ന്‌ പൊതുവേ പറയാവുന്നതാണ്‌. തീവ്രമായ ദു:ഖവും കാമനയും ആത്മായനങ്ങളുടെ ഖസാക്കിലുണ്ട്‌. എന്റെ ജീവിതത്തിന്റെ അന്തര്‍സ്ഥലികളിലുള്ള പ്രക്ഷുബ്‌ധമായ വിചാരങ്ങളുടെ തികച്ചും സ്വതന്ത്രമായ ഒരു ആവിഷ്‌ക്കാരമാണിത്‌. യാഥാസ്‌ഥിതികരായ വായനക്കാര്‍ ഇത്‌ വായിച്ച്‌ അര്‍ത്ഥം മനസ്സിലാകാതെ കുഴഞ്ഞിട്ടുണ്ടാകാം. അവരോടെനിക്ക്‌ സം‌വാദം നടത്താന്‍ മടിയില്ല. പക്ഷേ അറിയത്തക്കതല്ലാത്ത പലതുമുണ്ട്‌ മനുഷ്യന്റെ മനസ്സില്‍ എന്ന്‌ അവര്‍ ഉള്‍ക്കൊള്ളണം.
ആസക്തിയുടെ മിഥുനങ്ങള്‍ ലോകത്തിന്റെ അനാഥത്വത്തില്‍ , ദൈവത്തിന്റെ ദൃഷ്‌ടിയില്‍, പകലുകളുടെ അനുസ്യൂതയാത്രകളില്‍ വിശ്വാസം പരസ്‌പരം മാറിയണിയുന്നു എന്ന്‌ ഞാനെഴുതിയത്‌ മനസ്സിലെ വര്‍ണ്ണങ്ങളും രാഗങ്ങളുമെല്ലാം സം‌യോജിപ്പിച്ചുകൊണ്ടാണ്‌. നാം കാണുന്ന യാഥാര്‍ത്ഥ്യത്തിനുതന്നെ പല അതി ഭൗതിക മാനങ്ങളുണ്ട്‌. യാഥാര്‍ത്ഥ്യത്തെ ഇല്ലായ്‌മ ചെയ്യാതെ തന്നെ ‌. അതിനെ വിവിധ വഴികളിലൂടെ അന്വേഷിക്കുക എന്നതാണ്‌ എന്റെ രീതി. ആ വഴികളിലുള്ള അനുഭവങ്ങളാണ്‌ ജീവിതത്തെ വ്യക്തമാക്കിത്തരുന്നത്‌. അല്ലെങ്കില്‍ കാണിച്ചു തരുന്നത്‌. ജീവിതം ഒരു യാഥാര്‍ത്ഥ്യമായിരിക്കെ അതിലേക്ക്‌ പല വഴികളുണ്ട്‌. "ആത്മായനങ്ങളുടെ ഖസാക്ക്‌" പല വഴികളുടെ സമുച്ചയമാണ്‌. പക്ഷേ ഇതിനെയെല്ലാം സമന്വയിപ്പിക്കുന്നത്‌ ഈ ലോകമാണ്‌. ലോകവും, ജീവിതവും പരസ്‌പര സം‌വാദത്തിലാണ്‌. ഓരോന്നിലും അതിന്റെ തന്നെ വൈരുദ്ധ്യമുണ്ട്‌. ഓരോന്നും ഓരോ ആത്മീയതയാണ്‌. ഓരോ ആത്മീയതയും അതിന്റെ വിരുദ്ധ ആത്മീയതയുമായി സം‌വാദത്തിലാണ്‌. ഇതാണെന്റെ നവാദ്വൈതത്തിലേക്കുള്ള പ്രവേശിക. "ആത്മായനങ്ങളുടെ ഖസാക്കിലെ " ഭാഷ നവാദ്വൈതമാണ്‌. ഏതിനും അതിന്റെ വൈരുദ്ധ്യവും, സമന്വയവുമുണ്ട്‌. ഭാഷ ഇവിടെ നമ്മുടെ സ്വകാര്യ ലോകത്തിലാണ്‌. അത്‌ ആത്മീയതയാണ്‌. ആശയവിനിമയം എന്ന ഒറ്റമൂലിയല്ല.
ഞാന്‍ പഠിക്കുന്ന കാലത്തെ വിദ്യാര്‍ത്ഥ്യകള്‍ക്കോ, അദ്ധ്യാപര്‍ക്കോ , വിമര്‍ശകര്‍ക്കോ , മാധ്യമ പ്രവര്‍ത്തകര്‍ക്കോ സുപരിചിതമായ ചിന്താരീതിയല്ല ഞാന്‍ അവലം‌ബിച്ചത്‌. ആത്മാവിന്റെ വഴിയായിരുന്നു. വ്യത്യസ്‌തമായ ഒരു സൃഷ്‌ടി നിലവിലിരിക്കുന്ന സാഹിത്യ മൂല്യങ്ങള്‍ക്ക്‌ ചൂണ്ടിക്കാണിക്കാന്‍ പറ്റാത്ത ഒരു മേച്ചില്‍‌പ്പുറം കണ്ടെത്തുന്നുണ്ട്‌. അതിലാണ്‌ അതിന്റെ ജീവന്‍. കൂടുതല്‍ പേരുടേയും ചിന്തകള്‍ക്ക് വശം‌വദനായി നിന്ന്‌, അവരുടെയെല്ലാം മൂല്യബോധത്തിന്റെ ദല്ലാളായി നിന്ന്‌ സ്വന്തം തനിമ നശിപ്പിച്ചുകളയാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. ഇത്‌ ബോധപൂറ്‌വ്വമല്ല, നൈസര്‍ഗീകമാണ്‌. സര്‍ഗാത്മകമായ അപരിചിതത്വമാണ്‌ ഏറ്റവും പ്രധാനം. പുതിയ മൂല്യങ്ങളെ അന്തര്‍‌വഹിക്കുന്ന ഒരു കൃതി അതിന്റെ പിറവിയില്‍ തന്നെ എല്ലാ സാഹിത്യ ഏമാന്‍‌മാരില്‍ നിന്നും കനത്ത അവഹേളനത്തിനു പാത്രമാകുക തന്നെ ചെയ്യും. അത്‌ അതിന്റെ വിധിയാണ്‌. സാമ്പ്രദായിക തത്വങ്ങളുടെ അപ്പോസ്‌തലന്‍‌മാരുടെ സ്വകാര്യ താമസ സ്ഥലങ്ങളില്‍ പോലും ഈ പുതിയ കൃതി അലോസരമാകുന്നുണ്ട്‌ എന്നതാണ്‌ സത്യം
യാഥാസ്ഥിതികരും ചിന്താപരമായി അനക്കമറ്റുപോയവരുമായ ഒരു പറ്റം വായനക്കാരുടെ കടുത്ത എതിര്‍പ്പു നേരിടേണ്ടി വരുന്നു എന്നത്‌ ഒരു നല്ല കൃതിക്കു ലഭിക്കുന്ന അനേകം അനുകൂലപ്രതികരണങ്ങളിലൊന്നാണ്‌. ആ അര്‍ത്ഥത്തില്‍ "ആത്മായനങ്ങളുടെ പാരായണത്തിലൂടെ
' അതു ജാട നിരൂപണമാണെന്ന്` കണ്ടെത്തിയ യുവാക്കളുടെ നിലപാട്‌ എനിക്ക്‌ അനുകൂലമാണ്‌. കപട ഭാവുകത്വവും, പഴഞ്ചന്‍ ഫോര്‍‌മുലയുമായി കഴിഞ്ഞു കൂടുന്നവര്‍‌ "ആത്മായനങ്ങളുടെ ഖസാക്ക്‌ " മികച്ച കൃതിയാണെന്നു പറയുന്നത്‌ എന്നെ സം‌ബന്ധിച്ചിടത്തോളം ഒരു "ബ്ലാക്ക്‌ സ്പോട്ടാണ്‌. അതുകൊണ്ട്` എനിക്ക്‌ ആ യോഗ്യതാ പത്രം വേണ്ട. എന്നാല്‍ നിലവിലുള്ള സാഹിത്യ സം‌സ്ക്കാരത്തിന്നെതിരെ കേവലം ഒരു വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ നടത്തിയ ഒറ്റയാള്‍‌ പോരാട്ടം ഇന്നും ചിലരില്‍ അസഹിഷ്ണുത ജനിപ്പിക്കുന്നു. "ആത്മായനങ്ങളുടെ ഖസാക്കിനെതിരേയുള്ള യുദ്ധ സന്നാഹം പല രീതികളില്‍ ഇപ്പോഴും തുടരുന്നു. യഥാര്‍ത്ഥ കൃതി ജീര്‍ണ്ണിക്കുന്ന മൂല്യങ്ങളെയാണ്‌ വെട്ടി പരുക്കേല്‍‌പ്പിക്കുന്നത്‌. എന്റെ കൃതി മൗലികമല്ല എന്ന്‌ കണ്ടെത്തിയതിലൂടെ ഇവര്‍‌ ഏതു സാഹിത്യ പക്ഷപാതത്തിന്റെ വക്താക്കളാണെന്ന്‌ വ്യക്തമായിക്കഴിഞ്ഞു. എന്റെ മൗലികത ഉള്‍ക്കൊള്ളാനുള്ള യാതൊരു പരിശ്രമവും ഇവര്‍‌ക്കില്ല എന്നതാണ്‌ ഇവിടെ ഏറ്റവും വലിയ സത്യം. അതുകൊണ്ട്‌ ഞാനെന്തിനെ എതിര്‍ത്തു എന്ന്‌ തിരിച്ചറിയാതെ എന്റെ മേല്‍ പേപ്പട്ടിയെപ്പോലെ ചാടിവീണവര്‍‌ സ്വന്തം ബുദ്ധിശൂന്യതക്കു സ്മാരകം നിര്‍മ്മിക്കുകയാണ്‌. അതായത്‌ അവര്‍" ഖസാക്കിന്റെ ഇതിഹാസത്തിനും" അതിന്റെ നൂതന സൗന്ദര്യാത്മക അന്വേഷണങ്ങള്‍ക്കും എതിരാണ്‌. ഖസാക്കിലെ നിലീന ലാവണ്യാം‌ശങ്ങള്‍ തേടുന്നവരെ ഇവര്‍ ശത്രുക്കളായി കാണുന്നു. ഖസാക്കിനെ ഇതര നോവലുകളില്‍ നിന്ന്‌ മാറ്റിനിര്‍‌ത്തി സൂക്ഷ്മമായി പഠിക്കാന്‍ ശ്രമിക്കുന്നവരെ ഇവര്‍‌ ചെളി വാരിയെറിയുന്നു. എന്നാല്‍ ഖസാക്കിനെ മറ്റു പല നോവലുകളെപ്പോലെ തന്നെ പരിഗണിച്ച്‌ ലേഖനങ്ങള്‍ എഴുതുന്നവരെ , സാമാന്യമായി ആ നോവലിനെ പറ്റി പഠിക്കുന്നവരെ, നിലവിലുള്ളവരെ സര്‍‌വ്വകലാശാല നിരൂപണ പ്രഭൃതികളുടെ ചിട്ടകള്‍‌ക്കകത്തുവെച്ച്‌ ഖസാക്കിനെ" ലക്ഷണമൊത്ത '
കൃതിയായി വിലയിരുത്തുന്നവരെ ഇവര്‍‌ താലോലിക്കുന്നു. ഇവിടെയാണ്‌ പ്രശ്‌നം. കലാപരമായ സം‌വേദനമുള്ള കൃതിയിലെ സാരവത്തായ അം‌ശങ്ങളെ മറച്ചു പിടിക്കുക എന്നതാണിത്‌. ഖ്സാക്കിനെ അനേകം മലയാള നോവലുകളിലൊന്നായി മാത്രം കാണുന്നതിലൂടെ അത്‌ എസ്‌റ്റാബ്ലിഷ്‌ ചെയ്‌തെടുത്ത സം‌സ്ക്കാരത്തെ നശിപ്പിക്കാമെന്ന്‌ ഇവര്‍‌ വിചാരിക്കുന്നു. ഖസാക്കിലെ രവിയുടെ സോദ്ദേശ്യതയല്ല നോക്കേണ്ടത്‌. ആ നോവല്‍ എന്ന കലാശില്പ്പത്തെ കാണുക. അത്` വഴിപോക്കരായ , പേരുകളില്ലാത്ത കുറേപ്പേരിലൂടെ ഒരു ഗ്രാമത്തിന്റെ ആന്തരിക ജീവിതം സൗന്ദര്യാത്മകമായ തീവ്ര ഭാവങ്ങളോടെ , ദു:ഖത്തോടെ അവതരിപ്പിക്കുന്നു. ഗ്രാമത്തെ ചിത്രീകരിച്ച്‌ പ്രപഞ്ച സൃഷ്‌ടിയിലെ ദുരൂഹതയും, സൗന്ദര്യവും, അത്‌ വ്യക്തമാക്കിത്തരുന്നു. ഈ മൂല്യങ്ങള്‍ക്കു നിരക്കുന്ന നോവലിലെ ഭാഷ നവീനമാക്കുന്നുണ്ട്‌. ഇതിനെല്ലാം എതിരായിട്ടുള്ളവര്‍‌ ,ആ നോവലിനെ പറ്റി ചിലര്‍‌ എഴുതിയ ലേഖനങ്ങള്‍‌ എഡിറ്റു ചെയ്‌തു സമാഹരിക്കുന്നതില്‍ നല്ല വായനക്കാരുടെ ഭാവുകത്വത്തെ ചതിക്കുന്ന എന്തോ ഉണ്ട്‌. അതിനെതിരെയാണ്‌ ഞാന്‍ വിരല്‍‌ ചൂണ്ടിയത്‌, അതാണ്‌ ഇവര്‍‌ക്കു പിടി കിട്ടാതെ പോയത്‌. ചിന്താപരമായി നവാദ്വൈതത്തെ നേരിടാനാകാതെ ഇവര്‍‌ തെരുവിലെ അധമ സം‌ഘങ്ങളെപ്പോലെ സകല അസഭ്യവാക്കുകളും ചൊരിഞ്ഞു വിജയിക്കാമെന്ന്‌ വിചാരിക്കുകയാണ്‌. നവാദ്വൈതം എന്നത്‌ എന്റെ വിചാര തത്വമാണ. അതെന്താണെന്നറിയാതെ പുലഭ്യം പറയുന്ന ഇവരോ " ഖസാക്ക്‌ പഠന സമാഹാരം നടത്തിയവര്‍‌"? വിചിത്രമായിരിക്കുന്നു. അക്ഷരത്തെ, അറിവിനെ, സാഹിത്യത്തെ ആദരിക്കാന്‍ പഠിക്കുക. സഹിഷ്‌ണുത എനിക്കില്ല എന്നു പറയുന്ന ഇവര്‍‌ തങ്ങളൂടെ ഉന്നതമായ സഹിഷ്‌ണുതാബോധം ഈ പ്രതികരണത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌ എന്ന്` അവകാശപ്പെടുകയും ചെയ്യും. ഇതാണ്‌ കാലത്തിന്റെ അവസ്ഥ. സകല നരച്ചീറുകളും കുറ്റവാളികളും സ്വയമറിയാതെ , ആത്മബോധമില്ലാതെ ഗിരിപ്രഭാഷണം നടത്തുന്ന നാടാണിത്‌ എന്നത്‌ എന്നെ ഉത്‌കണ്ഠപ്പെടുത്തുന്നുണ്ട്‌.

എന്റെ പുസ്‌തകങ്ങള്‍ ഞാന്‍ അച്ചടിച്ചതിനെപ്പറ്റി ,എന്റെ ചിന്തകളുടെ എതിരിടല്‍ സ്വഭാവം കൊണ്ടുതന്നെ നിലവിലുള്ള പ്രസാധകര്‍‌ അത്‌ ആദ്യം അച്ചടിക്കാന്‍ മടിച്ചു. സ്വാഭാവികമല്ലെ അത്‌? അതും കുറ്റമോ? എന്റെ കൈയ്യില്‍ രൂപയുണ്ടായിരുന്നതുകൊണ്ട്‌ എന്റെ പുസ്‌തകങ്ങള്‍ അച്ചടിക്കപ്പെട്ടു എന്നത്‌ സര്‍ഗാത്മകതയുടേ രം‌ഗത്ത്` വിചാരണ ചെയ്യേണ്ട സം‌ഗതിയല്ല. അത്‌ ഉയര്‍‌ത്തുന്ന പ്രശ്‌നങ്ങള്‍‌ ഗൗരവപൂര്‍‌വ്വം നോക്കി കാണുകയാണ്‌ വേണ്ടത്‌.
എന്റെ ഭാഷയേയും, ചിന്തയേയും, വെറുക്കാന്‍ ആര്‍‌ക്കും അവകാശമുണ്ട്‌. എന്നാല്‍ ദുഷിച്ച സാഹിത്യമൂല്യങ്ങളെ എതിര്‍‌ക്കാന്‍ എനിക്കും അവകാശമുണ്ട്‌.
എം.കെ.ഹരികുമാര്‍
home


Popular posts from this blog

ശ്രീശങ്കരദർശനമല്ല ശ്രീനാരായണദർശനം/എം കെ ഹരികുമാർ

jalachaya/novel

khasakk award/ ആത്മായനങ്ങളുടെ ഖസാക്ക് അവാര്‍ഡ്/ 2009

malayala manorama 18, nov 2009
madhyamam , nov 18 2009

kerala kaumudi, nov 19, 2009

mathrubhumi, 18, nov 2009


kerala kaumudi, 18 nov, 2009
press releasemathew nellickunnu

book: sayanna yathrakal [short fiction]
desamangalam ramakrishan

book: ethra yadruchikam [poems]


e p sree kumar

book : parasya sareeram [short fiction]


dr. shanmukhan pulappatta
book: uravayilekk kuthikkunna puzha [criticism]venu v desam
book: mohandha sanchari [poems]


aathmaayanangalute khasakk full text


award news