Thursday, October 29, 2009

ഖസാക്കിലേക്ക്‌















aathmayanagalude khasak/m k harikumar

ഖസാക്കിലേക്ക്‌ -1

"ഖസാക്കിൻറെ ഇതിഹാസം "കൈയ്യിലെടുക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്‌ ആ നോവലിൻറെ സൗന്ദര്യസാധ്യതകളാണ്‌. മലയാളിയുടെ മനസ്സിൻറെ അരികുകളിൽ ഖസാക്ക്‌ കൊളുത്തിവിട്ട തീ ഇനിയും അണഞ്ഞിട്ടില്ല എന്ന് നോവൽ വീണ്ടും വായിക്കുമ്പോൾ ബോധ്യമാവുന്നു. ഒ.വി. വിജയൻ പിന്നീട്‌ പല രചനകളിലും ഏർപ്പെട്ടുവെങ്കിലും നിഗൂഢമായ പ്രപഞ്ചത്തിന്റെ വഴികൾ കണ്ടെത്തുക എന്ന എഴുത്തുകാരന്റെ ലക്ഷ്യത്തിൽ ഏറെയും അദ്ദേഹത്തെ വിജയിപ്പിച്ചതു ഖസാക്കാണ്‌. 'ധർമ്മപുരാണവും' ഗുരുസാഗരവും 'മധുരം ഗായതിയും' വിജയന്റെ ഇതര നോവലുകൾ എന്ന നിലക്ക്‌ ശ്രദ്ധേയങ്ങളെങ്കിലും
കലാചിന്തകളുടെ പരീക്ഷണശാല എന്ന ബഹുമതി "ഖസാക്കിൻറെ ഇതിഹാസത്തിനാണ്‌" ലഭിക്കുക. നിഗൂഢമായ മനസ്സിനെക്കുറിച്ചുള്ള ധാരാളം അറിവുകൾ പകരുക മാത്രമല്ല ഈ കൃതി ചെയ്യുന്നത്‌. പ്രാകൃതമായ മനുഷ്യ ജീവിതത്തിന്റെ ദുരന്തങ്ങളെ പ്രവചിക്കാൻ നോവലിലെ ഗ്രാമവും, കഥാപാത്രങ്ങളും മുതിരുന്നു എന്നതാണ്‌ വസ്‌തുത. മനസ്സിൽ നടക്കുന്ന ദുരന്തങ്ങളുടെ അതേ പകർപ്പുകളായി നോവലിൽ പ്രകൃതിയും ചുറ്റുപാടുകളും മനുഷ്യന്‌ മാറിവരുന്നു. അന്വേഷിക്കുന്നത്‌ കണ്ടെത്തുമ്പോഴുള്ള ആനന്ദം ഖസാക്കിലാകെ നിറഞ്ഞുനിൽക്കുന്നു. മഹാവൃക്ഷങ്ങളുടെ വേരുകൾക്കിടയിൽ തട്ടിയൊഴുകുന്ന ചെറിയ തെളിനീർചാലുപോലെയാണ്‌ ഇവിടെ ആനന്ദം പ്രസരിക്കുന്നത്‌. സൂക്ഷമാർത്ഥങ്ങളെക്കുറിച്ചുള്ള മൗനങ്ങൾ കഥാപാത്രങ്ങളുടെ ഉള്ളിൽ പെരുകുന്നു. പരംപൊരുൾ ശരീരത്തിന്റേയോ മനസ്സിന്റേയോ അതിർത്തിയിലെവിടേയോ വന്നു മുട്ടിനിൽക്കുന്ന ഭയവും സംഘർഷവും ഖസാക്കിലെ ഓരോ വരിയിലും തുടിച്ചുനിൽക്കുകയാണ്‌. കണ്ടറിയാവുന്ന നിമിഷങ്ങളുടെ അളവും വ്യാപ്‌തിയും ഏതോ അവസാനിക്കാത്ത പ്രവാഹത്തിന്റെ ചിഹ്‌നങ്ങളാണെന്ന്‌ നാം പൊടുന്നനെ ഓർമ്മിച്ചുപോകുന്നു. "സെമിറ്റ്രിക്കൽ സൈപ്രസസ്‌" എന്ന്‌ ഡയാനാകുപ്പറുടെ ആത്മകഥയിൽ ഒരിടത്ത്‌ എഴുതിയിരിക്കുന്നു. പ്രകൃതിയുടെ സമ്മാനങ്ങളിലെ പൊരുൾ സന്ധ്യയുടേയും സൗന്ദര്യത്തിന്റേയും സഹായത്തോടെ അവർ ആരായുന്നു. വൈകാരിക ഭാവങ്ങളുടെ ഞൊടിനേരത്തെ പ്രക്ഷോഭത്തിനു ശേഷം പിന്നെയുള്ളത്‌ ആകാംക്ഷയും അറിവും നഷ്‌ടമായതിന്റെ വിഷാദമാണ്‌.ഒരു ജീവകണം പൊട്ടിത്തെറിച്ച്‌ പരമാർത്ഥത്തിന്റെ വലയത്തിനപ്പുറത്തു പോകുന്നു. ഏകാന്തമായ പ്രയാണത്തിന്റെ അദൃശ്യമായ പ്രേരകശക്‌തികൾ എവിടെയെല്ലാമോ ചിതറികിടക്കുന്നു.

ഒരാളുടെ വ്യക്‌തിപരമായ നഷ്‌ടത്തിന്റെ സാദൃശ്യം പോലെയാണ്‌ ഖസാക്ക്‌ എന്ന ഗ്രാമം പ്രത്യക്ഷപ്പെടുന്നത്‌. അത്‌ രാഷ്‌ട്രീയമായും സാമൂഹികമായും അമർത്തപ്പെട്ടതിനു ശേഷമുള്ള പ്രാകൃതത്വം പേറിനിൽക്കുന്നു. ദുരന്തത്തിന്റെ സ്മാരകം പോലെ ആ ഗ്രാമം വ്യക്‌തിയെ വിഷാദശീലനാക്കുന്നു. ഓർമ്മകളുടെ സർപ്പങ്ങൾ വലിഞ്ഞുമുറുക്കിക്കൊല്ലുന്ന രാത്രിയാണവിടെ .ദുരന്തത്തെ അഭിദർശിക്കുന്നവർക്ക്‌ ഒരു ലോകം നഷ്‌ടമാകുന്നു. വിജയനും തന്റെ ലോകം നഷ്‌ടമാവുകയാണ്‌. നഷ്‌ടപ്പെട്ട ലോകം മനുഷ്യജീവിതത്തിന്റെ പ്രതാപത്തിന്റേയും പരിഷ്‌കൃതിയുടേതുമായിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ചരിത്രകാരനായിരുന്ന പാർക്‌മാൻ ദുരന്തത്തെ തന്റെ തേടലിന്റെ സിരാകേന്ദ്രമാക്കി പ്രതിഷ്‌ഠിച്ചതു മനുഷ്യാത്മാവിന്റെ ആധികാരിക മഹത്വത്തെ പുറത്തുകൊണ്ടുവരാനും പരീക്ഷിച്ചുനോക്കാനുമായിരുന്നു. വിജയനും ചരിത്രകാരനെപ്പോലെ തന്നെ ദുരന്തത്തെ തന്റെ രചനയുടെ കേന്ദ്രമാക്കി വെച്ചു. അതിലൂടെ ഏതാനും കഥാപാത്രങ്ങളെ അദ്ദേഹം തുറന്നു കാണിച്ചു.ശാസ്‌ത്രവും ദൈവവും കടന്നുചെല്ലാൻ മടിച്ച അവരുടെ മനസ്സുകളുടെ തനിമയാർന്ന ആധികാരിക മഹത്വവും ദൃശ്യപ്പെടുത്തി. കലാകാരനായ വിജയൻ ചരിത്രകാരനേക്കാൾ കുറേക്കൂടി സാധ്യതകൾ ആരായുന്നു. കൂമൻകാവിൽ ബസ്സിറങ്ങിയ രവിക്ക്‌ ആ സ്ഥലം അത്ര അപരിചിതമായി തോന്നിയില്ല എന്നുള്ള തുടക്കം തന്നെ നോവലിസ്‌റ്റ്‌ തന്റെ ദുരന്ത ദർശനം വെളിവാക്കാൻ ഉപയോഗിക്കുകയാണ്‌. രവിയുടെ ഭൂതകാല ദുരന്തം സ്വയം വിമർശിക്കാനും അയാളെ പ്രേരിപ്പിക്കുന്നു. ബോധമനസ്സ്‌ ഈ യാഥാർത്ഥ്യം അംഗീകരിക്കുന്നില്ല. അതേ സമയം അബോധത്തിലെങ്ങോ ഇങ്ങനെയൊരു പരിണാമം താൻ പ്രതീക്ഷിച്ചിരിക്കണം എന്ന്‌ അയാൾ അനുമാനിക്കുകയും ചെയ്യുന്നു. കനിവു നിറഞ്ഞ വാർദ്ധക്യവും കുഷ്‌ഠം പറ്റിയ വേരുകളും അയാൾ കൂമൻകാവിലെ പടർന്നു പന്തലിച്ച മാവുകളിൽ കണ്ടെത്തുന്നു.

വാർദ്ധക്യവും രവിയുടെ അച്ഛന്റേതാണ്‌.കുഷ്‌ഠരോഗ കേന്ദ്രങ്ങളിൽ അയാൾ അലഞ്ഞിട്ടുണ്ട്‌.അച്ഛന്റെ ചിത്രവും കുഷ്‌ഠരോഗികളുടെ വേദനിക്കുന്ന മുഖവും കൈകാലുകളും രവിയുടെ മനസ്സിൽ സ്ഥായിയായിതന്നെ നിൽക്കുന്നു. കൂമൻകാവിന്റെ ഭൗതിക പരിതഃസ്ഥിതിയും രവിയുടെ മാനസിക പീഡകളും ഒരേ ബിന്ദുവിൽ സമ്മേളിക്കുന്ന ചാരുതയാണ്‌ വിജയനെ ഉന്നതനായ ദുരന്ത ദർശനകലാകരനാക്കി മാറ്റുന്നത്‌. ദുരന്ത ദർശനത്തിലൂടെ മനുഷ്യന്‌ സ്വയം കാണാനുള്ള അവസരമാണുണ്ടാകുന്നത്‌`.പ്രതാപത്തിന്റെ നഷ്‌ടം നമ്മുടെ സാഹിത്യലോകത്ത്‌ ചർച്ചാവിഷയമായത്‌ ഈ ദുരന്തപ്രേമം കൊണ്ടാണെന്നറിയുക. അന്തരംഗത്തിന്റെ തകർച്ചയാണ്‌ ദുരന്തബോധത്തിന്‌ വിത്തു പാകുന്നത്‌. രവിയെന്ന കഥാപാത്രത്തിന്റെ കാര്യത്തിൽ മാത്രമല്ല ദുരന്തം സംഭവിക്കുന്നത്‌. ആബിദ, മൈമൂന, നൈസാമലി, കൊഴണശ്ശേരിയിലെ കമ്മ്യൂണിസ്‌റ്റുകൾ ,വൃദ്ധൻമാവ്‌ ,കരിമ്പനകൾ ,നീലി, എന്നീ വസ്‌തുക്കൾക്കെല്ലാം സർവ്വവ്യാപിയായ ദുരന്തത്തിൽ നിന്ന്‌ മോചനമില്ലെന്നറിയുക.ദുരന്തബോധം ഇവിടെ കാവ്യാത്മകമായി , വെറും പര്യവസാനമല്ല. വിഷാദത്തിന്റേയും സൗന്ദര്യ്ത്തിന്റേയും സംയോജനങ്ങളിലൂടെ ഈ ലോകത്തിനപ്പുറത്തേക്കുള്ള യാത്രയാണ്‌.
കാലഘട്ടത്തിന്റെ എല്ലാ അഭിവാഞ്ചകളിലും ആഴ്‌ന്നിറങ്ങി വ്യാപരിക്കുന്ന മനസ്സാണ്‌ വിജയന്റേത്‌. അതെല്ലാം സകല മാനുഷിക ഭാവങ്ങളിലുമുള്ള യാതനയും, വേദനയും ആവിഷ്‌ക്കരിക്കാനുള്ള ഇന്ധനമായി അദ്ദേഹം ഉപയോഗിക്കുന്നു. ഭൗതിക പരിതഃസ്ഥിതിയുടെ തിരയിളക്കങ്ങളിൽ നിന്ന്` എഴുത്തുകാരന്‌ കണ്ണെടുക്കാനാവില്ല. എങ്കിലും വിജയന്റെ നോവൽ നടക്കുന്നത്‌` ഗ്രാമത്തിലാണ്‌. ഗ്രാമം എന്നു പറഞ്ഞാൽ പോരാ, ചരിത്രത്തിന്റെ സാവധാനത്തിലുള്ള പദചലനങ്ങൾ കേൾക്കുന്ന സ്ഥലം എന്നു പറയണം. ഗ്രാമത്തോടുള്ള അഭിവാഞ്ച ചരിത്രത്തോടും ദുരന്തത്തോടുമുള്ള മനോഭാവമാണ്‌ പ്രകടിപ്പിക്കുന്നത്‌. ഏതെങ്കിലും ആശയ സംഹിതയുടെ ഒരു മൂലയിൽ മനസ്സാക്ഷി കണ്ടെത്തുകയാണ്‌ വിജയൻ. നേരും നേരായ പന്ഥാവും കണ്ടറിയാന്‍ ഏറ്റവും ലളിതമായ മാർഗ്ഗമാണത്‌. പാർക്‌മാൻ വനത്തോടാണ്‌ താൽപ്പര്യം പ്രകടിപ്പിച്ചതു. വനത്തിന്റെ ചരിത്രം അമേരിക്കയുടെ തന്നെ ചരിത്രമാണ്‌ ഫ്രാൻസിനോടും, ഇംഗ്ലണ്ടിനോടും അമേരിക്കൻ സ്പിരിറ്റ്‌ ഏറ്റുമുട്ടിയത്‌ വനാന്തരങ്ങളിൽ വെച്ചായിരുന്നു. വനത്തോടു ആഭിമുഖ്യം പാർക്‌മാന്റെ ചരിത്രത്തോടുള്ള ആഭിമുഖ്യമാണ്‌ വ്യക്തമാക്കുന്നത്‌. ഈ ചരിത്ര സമീപനം സാക്ഷാൽ വനത്തിന്റെ തന്നെ ബിംബം രൂപപ്പെടുത്താനും ചരിത്രകാരനെ സഹായിക്കുന്നു.
ഏത്‌ സർഗ്ഗാത്മക കലാകാരനും ഉയർന്ന മാനദണ്ഡങ്ങളിൽ സ്വന്തം ലോകത്തിന്റെ ചരിത്രവും മനസ്സാക്ഷിയും തമ്മിലുള്ള സംഘട്ടനങ്ങളാണ്‌ ആവിഷ്‌ക്കരിക്കുന്നത്‌. ലോകചരിത്രം അംഗീകരിക്കപ്പെട്ട ചുവടുകൾ സ്വീകരിക്കണമെന്നില്ല. എപ്പോഴും ചരിത്രവും മനസ്സാക്ഷിയും തമ്മിലുള്ള സംഘട്ടനങ്ങളാണ്‌ ആവിഷ്‌ക്കരിക്കുന്നത്‌. ലോകചരിത്രം അംഗീകരിക്കപ്പെട്ട ചുവടുകൾ സ്വീകരിച്ചുകൊള്ളണമെന്നില്ല. എപ്പോഴും ചരിത്രം ആരുമറിയാതെ പോയ തേങ്ങലോ നിരപരാധിത്വമോ ആകാം. അത്‌` വിപുലീകരിക്കുന്നതാണ്‌ ലോകസത്യമായി മാറുന്നത്‌ .ചേർത്താൽ വേഗം ഒട്ടിപിടിക്കുന്നതാണ്‌ മനസ്സാക്ഷിയും ചരിത്രവും .വേർപ്പെടുത്തിയാൽ ആർക്കും തിരിച്ചറിയാൻ എളുപ്പത്തിൽ കഴിയാത്തതും. ചരിത്രകാരനും നോവലിസ്‌റ്റും ഒരേപോലെ ചിന്തിക്കുന്നതാണ്‌ നാമിവിടെ കാണുന്നത്‌. പാർക്‌മാൻ വനത്തോടു കാണിച്ച പ്രതിപത്തി വിജയൻ ഗ്രാമത്തോടു കാണിക്കുന്നു. ഗ്രാമം നമ്മുടെ രാജ്യത്തിന്റെ എല്ലാ തരത്തിലുള്ള തകർച്ചയുടേയും ചിത്രം നൽകുന്നുണ്ട്‌. എല്ലാത്തിനും മനുഷ്യരെ ഉപയോഗിക്കുകയാണ്‌ അവിടെ. അക്ഷരവും വിജ്ഞാനവും അറച്ചുനിൽക്കുകയാണ്‌ അവിടെ. സാമ്പത്തികമായി ചൂഷണം ചെയ്യപ്പെടുകയാണ്‌ അവിടെയുള്ളവരുടെ ഊർജ്ജവും, മസ്‌തിഷ്‌ക്കവും സ്വാതന്ത്ര്യത്തിനകത്തു വെച്ച്‌ നടത്തുന്ന ഏറ്റവും വലിയ കൊളോണിയൽ അടിച്ചമർത്തലിന്റെ ഇരകളാണ്‌ ഗ്രാമങ്ങൾ
തന്റെ ഏതാണ്ട്‌ എല്ലാ രചനകളിലും വിജയൻ നഗരത്തിൽ നിന്ന്` ഗ്രാമത്തിലേക്ക്‌ കഥ കൊണ്ടുവരുന്നതായി കാണാം. എല്ലാത്തിനേയും നോക്കികാണുന്നതിലെ മനോഭാവമാണ്‌ ഇവിടുത്തെ പ്രത്യേകത.
സ്വത്വത്തെ നേരിടുന്നതിന്റെ പ്രധാന കരുതൽ ശേഖരമാണ്‌ വിജയനു ഗ്രാമം. തന്റെ സ്വത്വത്തിന്റെ പ്രാഥമികമായ അവസ്ഥ വികാസം പ്രാപിച്ചതും ഗ്രാമത്തിന്റെ സമ്പദ്‌വ്യവസ്ഥയോടു ചേർന്നാണ്‌. വികാരങ്ങളുടേയ്യും അനുഭവങ്ങളുടേയും ശുദ്ധമായ ഭാവവും ഈ എഴുത്തുകാരൻ തേടുന്നത്‌ ഗ്രാമത്തിന്റെ സ്വച്ഛതയിലാണ്‌. ഗ്രാമം വിജയന്‌ ഒരു പിടി മണ്ണല്ല. തന്റെ ആത്മാവിന്റെ പ്രാഥമികവും പക്വതയാർന്നതുമായ മാഹാത്മ്യമാണ്‌. പാർക്‌മാനേയും വിജയനേയും ഒരേ രീതിയിൽ അവലംബിക്കുന്നതിലാണ്‌ നാം"ഖസാക്കിന്റെ ഇതിഹാസത്തിലെ" ചരിത്രസ്‌പർശിനികൾ (ഹിസ്‌റ്റോറിക്കൽ ടാത്ത്‌ജന്റ്‌സ്‌)കണ്ടെത്തുന്നത്‌. ഏത്‌ വൈകാരികാനുഭവത്തിന്റേയും മുഖം മനുഷ്യ വർഗ്ഗത്തിന്റെ പ്രാചീനതയിലേക്ക്‌ നീണ്ടുചെല്ലുന്നത്‌ "ഖസാക്കിന്റെ ഇതിഹാസത്തിൽ" കാണാം. ഈ നോവലിലെ തുടക്കത്തിലെ ഖണ്ഡിക പോലും ഇതാണ്‌ വ്യഞ്ജിപ്പിക്കുന്നത്‌. കഴിഞ്ഞകാല തിരിച്ചറിവുകളുടെ വിഷാദഭാരത്തിൽ നിന്ന്‌ രവിക്ക്‌ ഒരിക്കലും പുറത്തു കടക്കാനാവില്ലെന്നതാണ്‌ വസ്‌തുത. അയാൾ പരിചയിക്കുന്ന ഓരോ വസ്‌തുവും ചരാചരങ്ങളുമെല്ലാം ഭൂതകാലത്തിന്റെ തുടർച്ചയായി മാറുന്നു. അതുകൊണ്ടു തന്നെ ജീവിത വൈകാരിത അടിസ്‌ഥാനപരമായി മാറ്റമില്ലാതെ തുടരുന്നു. ഇതാകട്ടെ പുരാതനമായ നിരപരാധിത്വത്തെക്കുറിച്ചുള്ള സാത്വികമായ വേദനകളാണ്‌ പ്രസരിപ്പിക്കുന്നത്‌. തെറ്റ്‌ ചെയ്‌തുകൊണ്ടും അൽപ്പാൽപ്പമായി നുകരുന്ന നിഷ്‌ക്കളങ്കതയാണ്‌ അത്‌.

ആദിമമായ വിചാരത്തിന്റെ ശുദ്ധത നേടിയെടുക്കാൻ വിജയൻ നിരവധി സങ്കേതങ്ങളാണ്‌ നോവലിൽ ഉപയോഗിക്കുന്നത്‌. പന്ത്രണ്ടും പതിമൂന്നും അധ്യായങ്ങളിൽ നോവലിന്റെ വിചാരപരമായ സങ്കേതങ്ങളെല്ലാം സമ്മിശ്രമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വാക്കുകളുടെ അവതരണ രീതി , സംഗീതാംശം, ഇടവിട്ടു യുക്തിഭംഗം വന്ന വാക്യങ്ങൾ എന്നിവയെല്ലാം നമ്മുടെ ഗോത്രാനുഭവത്തിന്റെ വേരുകൾ ചികഞ്ഞെടുക്കാനും മനുഷ്യന്റെ യഥാർത്ഥ പാരമ്പര്യത്തിലുള്ള സ്വത്വം കണ്ടെത്തി ഉറപ്പിക്കാനും ആത്മാവിന്റെ പ്രവചനഗംഭീരമായ സാധ്യതകൾ പിൻതുടരാനുള്ള ശ്രമത്തിന്റെ ഭാഗമായാണീ ഓർമ്മയുടെ അറകൾ ഒരുക്കിവെച്ചിരിക്കുന്നത്‌. പുരാതനമായ നൻമകളുടെ തൻമാത്രകളെക്കൊണ്ട്‌ നിറയ്‌ക്കാനാണിത്‌. ഖസാക്കിലെ ഏകാദ്ധ്യാപക വിദ്യാലയത്തിലെത്തുന്ന ഇൻസ്‌പെക്‌ടറുമായുള്ള സംഭാഷണത്തിൽ രവിയുടെ മനസ്സ്‌ അറിയാതെ ക്രിസ്ത്യന്‍ കോളേജിലെ പുല്ലുകൾ കാഷ്‌മീരങ്ങൾ വിടർത്തിയ തുറസ്സുകളിലേക്ക്‌ പോകുന്നു. സ്നേഹത്തിന്റെ ഉള്ളുരുക്കലാണ്‌ ഈ ഓർമ്മയിലുള്ളത്‌. വീണ്ടും ഓർക്കുകയാണ്‌ അയാൾ; ഇപ്രാവശ്യം ചിറ്റമ്മയിലുള്ള കുട്ടികളുടെ മുഖങ്ങളാണ്‌ . എന്നാൽ ആ കുട്ടികൾ പഴയ ച്ഛായാപടങ്ങളെയാണ്‌ ഓർമ്മിപ്പിച്ചതു്‌.
ആൽബത്തിൽ എട്ടുകാലികൾ അമർന്ന്‌ ചത്ത്‌ ഉണങ്ങി പറ്റിനിന്ന ആ ഓർമ്മ രവിയുടെ ഹൃദയത്തിന്റെ മുഖ്യഭാഗം ചീന്തിയെടുക്കുന്നു. പിന്നീടുള്ള ഓർമ്മയിൽ രവിയുടെ കുട്ടിക്കാലത്ത്‌ , അമ്മയുടെ മടിയിലിരുന്ന്‌ കൽപ്പകവൃക്ഷത്തിന്റെ കരിക്കിൻ തൊണ്ടുകൾ എണ്ണിയത്‌ കടന്നുവരുന്നു. പിന്നീടുള്ളത്‌ കുറ്റബോധത്തിന്റെ നൊമ്പരം പകർത്തുന്ന ചിറ്റമ്മയുടെ മുഖമാണ്‌. മാറി മാറി വരുന്ന ഈ ഓർമ്മകളെല്ലാം ചരാചരസമ്മിശ്രമാണെന്ന കാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്‌. മനസ്സിൽ രവി പേറുന്ന മണ്ണും വിണ്ണും എത്ര സമൃദ്ധമാണ്‌. ഭൂമിയുടെ അംശമെങ്കിലും സാക്ഷാത്‌കരിക്കാൻ കഴിയാത്ത മനസ്സുമായി നമ്മുടെ കാലം കേഴുകയാണ്‌. രവിയുടെ സൃഷ്‌ടി ഈ വർത്തമാന കാല ദുരന്തത്തിന്‌ തിരുത്തുകൂടിയാണ്‌. വർത്തമാന ദുരന്തം അയാളുടെ ജീവിതത്തിന്റെ കൂടി പ്രത്യേകതയാണ്‌. ആ ദാരുണമായ സ്മൃതികളിൽ നിന്ന്` രക്ഷപ്പെടാൻ തന്റെ മനസ്സിനെ അയാൾ ഭൂതകാലത്തിന്റെ ഭയപ്പെടുത്തുന്ന കാണാക്കയങ്ങളിലേക്ക്‌ എറിയുന്നു. അച്ഛൻ, അമ്മ, എട്ടുകാലി, ആൽബം, കരിക്കിൻതൊണ്ടുകൾ എന്നീ സംജ്ഞകളെല്ലാം നമുക്ക്‌ പരിചിതമായ സജീവതക്കെതിരാണ്‌. നാം നൻമയുടെ ഏതെങ്കിലും ചിമിഴുകൾ മാത്രം ജീവിതോപാകാരപ്രദം എന്ന നിലയിൽ അംഗീകരിച്ച്‌ അവയിൽ കഴിയുന്നു. അത്‌ പാടെ നിരാകരിക്കുന്ന രീതിയാണ്‌ വിജയൻ ഖസാക്കിൽ സ്വീകരിച്ചിരിക്കുന്നത്‌. രവിയുടെ സൃഷ്‌ടി തന്നെ അത്‌ വ്യക്‌തമാക്കുന്നു.
അയാളുടെ കഴിഞ്ഞ കാല ദുരിതങ്ങൾ മനുഷ്യനന്മയുടെ സ്നേഹത്തിന്റെ രൂപാന്തരങ്ങളായി പുന്ര്ജനിക്കുന്നു. ചരിത്രത്തിന്റെ ഇരുട്ടും തിന്മയും കീറിമുറിക്കുന്ന ആർദ്രതയാണ്‌ അയാളുടെ മനസ്സിന്റെ നീറ്റലുകൾ പാർക്‌മാൻ വേദനയെ നാടകവൽക്കരിച്ചിട്ടില്ലെന്ന്‌ ശ്രദ്ധിക്കേണ്ടതുണ്ട്‌. പകരം അദ്ദേഹം പോരാട്ടത്തിനു ആസക്തിയെ നാടകവൽക്കരിച്ചു. അത്‌ തരുന്ന സംഘർഷത്തിലൂടെ ചരിത്രത്തെ ദർശിക്കാൻ ശ്രമിച്ചു. പാർക്‌മാന്റെ ചരിത്രവീക്ഷണത്തെക്കാൾ സർഗ്ഗാത്മകമാണ്‌ വിജയന്റെ ആദിമദർശനങ്ങൾ. ഊർജ്ജത്തെ അടിത്തട്ടിൽനിന്നുയർത്തിക്കൊണ്ടുവരുന്ന ഭാരതീയ പാരമ്പര്യമാണ്‌ "ഖസക്കിന്റെ ഇതിഹാസത്തിൽ അദ്ദേഹം സാക്ഷാത്‌കരിച്ചതു്‌. യാഥാർത്ഥ്യവും സ്വപ്‌നവും ചേർന്നുള്ള വിസ്‌മയ പദങ്ങളും മിത്തുകളും മതാംശത്തിലേക്കും ജീവിത യാഥാർത്ഥ്യത്തിലേക്കും വരുന്നതു കാണുമ്പോൾ യുക്തിബോധത്തിന്റെ പരിമിതിയെയായിരിക്കും നാം ശപിക്കുക. സ്വപ്‌നത്തിലെന്നപോലെ ഖാലിയാർ നീലിയുടെ വീടിനു നേരെ നടക്കുന്നു. പനന്തത്തകളുടെ ധനുസ്സുകൾ പറന്നകലുന്നു. രാപ്പക്ഷികൾ എയ്‌ത്തുനക്ഷത്രങ്ങളെപ്പോലെ തിളങ്ങി, തുടങ്ങിയ നിരീക്ഷണങ്ങൾ പൂർവ്വ യാഥാർത്ഥ്യത്തിനു നേർക്കുള്ള സ്നേഹത്തിന്റെ താപമാണ്‌ പ്രസരിപ്പിക്കുന്നത്‌. സ്മൃതിധാരയെ പൊട്ടിച്ച്‌ വാങ്കുവിളി വീണ്ടും രാത്രിയിൽ ഒടുങ്ങിയെന്നും നോവലിസ്‌റ്റ്‌ എഴുതുന്നു. ശബ്‌ദം നിലച്ചതു മനസ്സിനു പുറത്താണെന്ന സൂചനയും അതിലുണ്ട്‌. പഞ്ചഭൂതങ്ങളഴിയുന്ന പോലെയാണ്‌ മനുഷ്യരുടെ ബന്ധങ്ങളും തകരുന്നതെന്ന്‌ കുട്ടാപ്പുവിന്റേയും നീലിയുടേയും വീടിനെ സാക്ഷി നിർത്തി പറയുന്നു. കുട്ടാപ്പുവിന്റേയും നീലിയുടേയും തിരോധാനത്തോടെ ആ വീട്ടിൽ ഒന്നിനും അർത്ഥമില്ലാതായെന്നും കാളിയേയും പാച്ചിയുടെ കെട്ടിയവനേയും ഒരു ദിവസം കാണാതായെന്നും എഴുതുമ്പോൾ ഉദ്ദേശിക്കപ്പെടുന്ന യാഥാർത്ഥ്യത്തിന്‌ അനുബന്ധമായി ആ വസ്‌തുതക്ക്‌ മറ്റേതൊക്കെയോ അതിഭൗതികതലങ്ങൾ കൂടിയുണ്ടെന്നുള്ള ധ്വനി ബാക്കിയാവുന്നു. നമ്മുടെ കൺമുമ്പിൽ നടക്കുന്ന സാധാരണ ജീവിതദൃശ്യങ്ങളെതന്നെ വിജയൻ ഭയത്തോടേയും ആകാംക്ഷയോടേയുമാണ്‌ ഉറ്റുനോക്കുന്നത്‌`, അതിനു കാരണം തന്റെ സ്വത്വത്തെ പൂർണ്ണമായി വിശദമാക്കാനുള്ള വെമ്പൽ കത്തിനിൽക്കുന്നതാണ്‌. രണ്ടുപേരിരുന്ന്` സംസാരിക്കുന്നു., രവിയും ഇൻസ്‌പെക്‌ടറും.പിന്നീടു നോവലിസ്‌റ്റ്‌ എഴുതുന്നത്‌ ദുരൂഹമായ സ്ഥലരാശിയെന്നാണ്‌. ദൃശ്യത്തെ അദൃശ്യമാക്കിയും സ്പർശത്തെ അസ്‌പർശ്യമാക്കിയും അറിവിനെ ഭയം കലർന്ന അജ്ഞാതത്വമാക്കിയും പരിവർത്തിപ്പിക്കുന്ന പ്രതിഭയാണ്‌ വിജയന്റേത്‌`.
വളരെ നൈസർഗ്ഗികമായി , വിജയന്റെ ചേതനയിൽ സംഭവങ്ങളുടേ‍യും വസ്‌തുക്കളുടേയും അരികുകൾ ശരിക്കറിയാവുന്നതുകൊണ്ടാണ്‌ നോവലിസ്‌റ്റ്‌ അറിയാതെ തന്നെ ബാഹ്യാന്തരങ്ങൾ സംഭവിക്കുന്നത്‌. പാർക്‌മാനും വിജയനും ഒരേ ആവൃത്തിയിൽ സഞ്ചരിക്കുന്ന മനോബലമുള്ളവരാണെന്ന്‌ അർത്ഥമാക്കേണ്ടതില്ല. പാർക്‌മാന്റെ ചരിത്രാവബോധത്തിലെ ആകർഷണങ്ങൾ വിജയന്റെ കലയിൽ കണ്ടെത്തുന്നു എന്നേ വിവക്ഷയുള്ളു. സർഗ്ഗാത്മകമായ കുത്തിതുറക്കലാണ്‌ വിജയന്റെ ചരിത്രബോധം പലപ്പോഴും കഴിഞ്ഞ കാല സംഭവങ്ങളുടെ ശരിയായ പ്രേരണയും കാരണവും തേടുന്നു. ചരിത്രബോധം മനസ്സും മിത്തും വേർതിരിക്കാനാവാതെ ഖസാക്കിൽ കൂടിക്കുഴഞ്ഞുകിടക്കുകയാണ്‌. യുക്തിബോധത്തിന്റേതുമാത്രമായ അനുഭവം എന്നൊന്നില്ല.
യുക്തിബോധം അഴിഞ്ഞില്ലാതാവുന്നുണ്ട്‌. ദൂരെ ദൂരെ ഈരചൂട്ടുകൾ മിന്നി മിന്നി കടന്നുപോയി എന്നെഴുതുമ്പോൾ ഈ ലോകത്തിന്റേതെന്ന്‌ മൂർത്തമയി വിവരിച്ചുകൊടുക്കാനാവാത്ത ഏതോ വിഷാദം ആത്മാവിൽ സാന്ദ്രമായിതീരുന്നു. ലൗകിക നിമിഷത്തിന്‌ ഇങ്ങനെ അത്യന്തം ആർദ്രമായ അലൗകികഭാവം നൽകാൻ ഉയർന്ന സർഗ്ഗാത്മക ബോധമു ള്ള എഴുത്തുകാരനേ കഴിയു. ദുഃഖത്തിന്റെ ഹൃദ്യത എന്ന്‌ നോവലിൽ ഒരിടത്ത്‌ സൂചിപ്പിക്കുന്നുണ്ട്‌. പണ്ടെങ്ങോ കണ്ട ദീപാങ്കുരങ്ങളേ ഏകാന്തനായ മനുഷ്യന്റെ നിസ്സഹായ ദുഃഖവുമായി തുലനം ചെയ്യുകയാണ്‌ ഈ എഴുത്തുകാരൻ

രാത്രിയുടെ നെൽപ്പാടങ്ങളിലൂടെയുള്ള യാത്ര അനുസ്മരിക്കുക. രാത്രിയുടെ തുറവകളിലെവിടേയോ ,ഖേദം തീരാഞ്ഞിട്ട്‌ നീലി തിരിഞ്ഞു നിന്നുവെന്ന്‌ എഴുതിയ വിജയൻ വിശ്വാസത്തേയും ജീവിതത്തേയും വേർതിരിക്കാനാവാതെ ജീവിതം തന്നെ മിത്താക്കി മാറ്റുന്നു. ഇതാണ്‌ നൈസർഗ്ഗികമായ അബോധപരമായ കല. അതിർത്തികൾ നിശ്‌ചയിക്കാൻ വയ്യാത്ത അനുഭവത്തിൽ നിന്നാണ്‌ ഇവിടെ എഴുത്തുകാരൻ തന്റെ ചിന്തകൾ ആരംഭിക്കുന്നത്‌. ശരീരത്തിന്റേയോ, മനസ്സിന്റെയോ, ഏതോ തൻമാത്രാവ്യൂഹത്തിൽ നിന്നാരം ഭിക്കുന്ന ജ്വാലയുടെ അനന്തപ്രവാഹത്തെ പിൻതുടരുകയാണ്‌ കലാകാരൻ. ദൃശ്യമായ വസ്‌തുക്കൾ തന്നെ വീണ്ടും കണ്ടു മനസ്സിലാക്കേണ്ടതാണെന്ന ധ്വനി പടർത്താൻ ഖസാക്കുകാരനു കഴിഞ്ഞിരിക്കുന്നു. അപ്പുക്കിളി നാലഞ്ചു ദിവസം പണിക്കൻപൊട്ടയിൽ കരഞ്ഞുകിടന്നുവേന്നും രാത്രികാലങ്ങളിൽ മുനിയിരപ്പുകളിലും പാലകളിലും കാലൻകോഴികൾ പറന്നെത്തിയെന്നും എഴുതുമ്പോൾ ഗ്രാമാവേശം മാത്രമല്ല നിഴലിക്കുന്നത്‌. ഗ്രാമ്യമായ സൂചനകൾ ആ വാക്കുകളിലുണ്ട്‌. ഗ്രാമത്തോടു അഭിവാഞ്ച വിജയന്റെ സ്വപ്‌നങ്ങളിലും ഉണർവ്വുകളിലും പൂർത്തീകരിക്കാൻ വയ്യാത്ത അനേകം ആസക്തികൾക്ക്‌ ജന്മം നൽകിയതായി ഗ്രഹിക്കാം. ഐതിഹ്യങ്ങളുടേയും പരമ്പരാഗത വിശ്വാസങ്ങളുടേയും തെളിനീരു തേടുകയാണ്‌ നോവലിസ്‌റ്റ്‌. വന്യമായ സൗന്ദര്യത്തിന്റെ ആകർഷണങ്ങളിൽപെടുന്നു. മനുഷ്യന്റെ കൈകൾ തൊട്ട്‌` അശുദ്ധമാകാത്ത ഏതോ വിശുദ്ധസ്നേഹമാണിത്‌. ആർജ്ജവമുള്ള മനസ്സിന്റെ ഉടമകളെല്ലാം ഇന്ന്‌ ഈ തിരിച്ചറിവ്‌ പേറുന്നുണ്ട്‌. തന്റെ കൃതിക്ക്‌ വനസൗന്ദര്യം പ്രദാനം ചെയ്യുവാൻ കഥാകാരന്‌ കഴിഞ്ഞത്‌ ഇതുകൊണ്ടാണ്‌. വിശുദ്ധിയെന്നത്‌ സാധാരണ അർത്ഥത്തിലുള്ള വാക്കല്ല. അത്‌ ആത്മാവിന്റെ സങ്കൽപ്പമോ സങ്കൽപ്പത്തിനപ്പുറമോ ആകാം. ഒരക്ഷരം മാത്രം പഠിച്ചാൽ മതിയെന്നും മണ്ണൂരിന്നടുത്തുള്ള കടച്ചിക്കൊല്ലന്‌ കണ്ണു കാണാതായതിൽ പിന്നെ അയാൾ പെട്ടെന്ന്` വിശുദ്ധനായെന്നും മാധവൻനായർ നോവലിലൊരിടത്തു പറയുന്നുണ്ട്‌. ഇവിടെ ജീവിതത്തിന്റെ പ്രാചീന സരളതയുടെ വിശുദ്ധിക്കുവേണ്ടിയു ള്ള ആരായലാണ്‌ തെളിയുന്നത്‌. അകൃത്രിമമായ ജീവിതരീതിയാണിത്‌. സംസ്‌കൃതിയുടെ ആദിമമായ ലക്ഷ്യവും മാർഗ്ഗവും ഉചിതമായി ഒന്നായിത്തീരുകയാണ്‌. എല്ലാ കണ്ടുപിടുത്തങ്ങളുടേയും ലൗകികതക്ക്‌ അപ്പുറമുള്ള ശാന്തിയുടെ സാധ്യമായ അൾത്താര മാത്രമാണ്‌ ഖസാക്ക്‌ എന്ന ഗ്രാമം. അങ്ങനെ ഗ്രാമം ദൃശ്യത്തിൽ നിന്ന്‌ അദൃശ്യമായ വിശുദ്ധകണങ്ങളുടെ സമാഹാരമാകുന്നു. ജീവന്റെ സഹജമായ ഭാവങ്ങളേ കോർത്തിണക്കുന്നതിനിടയിൽ നൻമയേയും തിൻമയേയും മറി കടക്കുകയാണ്‌. ഗ്രാമം, ദൃശ്യം, പ്രകൃതി എന്ന നിലയിൽ ഗ്രാമം മാറിപ്പോകുന്നു. സഫലമാകാത്ത ഏതോ പ്രാർത്ഥനകൾക്കായു ള്ള തീവ്രവേദനകളുടെ ഉടുത്തൊരുങ്ങലായിത്തീരുകയാണ്‌ ഗ്രാമം. ഗ്രാമത്തിൽ വെച്ച്‌ കഥ നടക്കുന്നതുകൊണ്ടല്ല ഖസാക്ക്‌ ഇത്രമേല്‍ അഗാധമായ അനുഭവമാകുന്നത്‌. ആദ്ധ്യാത്മികവും ചിന്താപരവുമായ സഹജഭാവങ്ങളിൽ കലാചേതനയെ വളർത്തിയെടുക്കാൻ കഴിഞ്ഞതുകൊണ്ടാണ്‌ ഗ്രാമത്തിന്റെ പശ്‌ചാതലത്തിൽ കാലത്തിന്റെ ഗംഗാതടം എന്നോർക്കാൻ കഴിയണമെങ്കിൽ അതിന്‌ വിജയന്റെ സർഗ്ഗാത്മബോധം വേണം.

ലൗകികദുഃഖത്തിന്റെ തീപ്പൊരികൾ ഖസാക്കിലുണ്ട്‌. പുതുമഴ വരുമ്പോൾ ഇടിമിന്നലിന്റെ നീലവെളിച്ചം അത്രയും അകത്തേക്കടിച്ചു. അവിടെയാണ്‌ കുഞ്ഞുനൂറു വളർന്നു വലുതാകാൻ അമ്മയും മകളും കാത്തിരുന്നത്‌`. ...............ജീവിതത്തിന്റെ കണ്ണീരും നിശ്വാസവും ഒപ്പിയെടുക്കുന്ന പ്രാർത്ഥന നിറയുകയാണ്‌. കെട്ടിമേയാത്ത ആ കുടിലിലെ ദുഃഖത്തിന്റെ മിന്നൽപ്പിണരുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ വിജയൻ തന്റെ സ്വതഃസിദ്ധമായ ഗ്രാമ്യത വീണ്ടെടുക്കുകയാണ്‌. എല്ലാ വസ്‌തുവിവരണങ്ങളിലൂടേയും അദ്ദേഹം തന്റെ ചിന്തയുടെ ആദിമഭാവം നിലനിർത്തുന്നു. പുറത്തു വിസ്‌തൃതിയുടെ ലഹരിയിൽ മുഴുകിയ രാത്രി. ഖസാക്കിലെ കരിമ്പനകളിൽ കാറ്റു പിടിച്ചു. ദൃശ്യാനുഭവങ്ങൾ ഏതെല്ലാമോ അതിരുകളെ തമ്മിൽ കൂട്ടിഘടിപ്പിക്കുകയാണ്‌. പുറംലോകത്തിന്റെ വിസ്‌മയങ്ങളും ഒടുവിൽ ഖസാക്ക്‌ എന്ന ഗ്രാമത്തിലേക്കു തിരിയുന്നു.
എല്ലാം ഖസാക്കിലേക്ക്‌` ആത്യന്തികമായി തിരിച്ചെത്തുന്ന രചനാതന്ത്രമാണ്‌ വിജയൻ സ്വീകരിച്ചിട്ടുള്ളത്‌. ഇവിടെ വരേയേ നാം പാർക്‌മാനെ ഓർക്കേണ്ടതു‍ള്ളു. .പാർക്‌മാന്‌ വനം നൽകിയ ഉണർവ്വുകൾ പൂർണ്ണിമക്കുവേണ്ടിയു ള്ള വിഭ്രാന്തികളുടെ ഭാഗമായിരുന്നു. വിജയനും പാർക്‌മാനെപ്പോലെ തന്നെ പൂർണ്ണിമക്കായി എല്ലാ വസന്തങ്ങളും ഭൗതികമായി ബലി കഴിക്കുന്നു. ദുഃഖത്തിന്റെ വസന്തർത്തുവാണ്‌ ഖസാക്കിൽ പടരുന്നത്‌`. പുറമേ കാണുന്ന എല്ലാ വ്യത്യാസങ്ങളും അവസാനിപ്പിച്ച്‌ അകമേയു ള്ള ഐക്യത്തെ പ്രാപിക്കുന്ന തൻമാത്രാ സഞ്ചാരം "ഖസാക്കിന്റെ ഇതിഹാസത്തെ" ഉയർന്ന സൗന്ദര്യനിയമങ്ങളുടെ ഭൂമിയാക്കുന്നുണ്ട്‌. ഭഗ്‌നമായ അനേകം പ്രതിബിംബങ്ങളുടെ കൂടിച്ചേരലാണ്‌ സംഭവിക്കുന്നത്‌. വാസ്‌തവത്തിൽ അത്‌` വെറും കൂടിച്ചേരലല്ല. ജീവനറ്റുപോയ വസ്‌തുക്കളെ ജീവൻ നൽകി സജീവമായ ധാരയിൽ ലയിപ്പിക്കുകയാണ്‌. ഖാലിയാർ, രവി, മാധവൻനായർ, അപ്പുക്കിളി , ചാന്തുമ്മ തുടങ്ങിയ കഥാപാത്രങ്ങൾക്കെല്ലാം സുവിശദമായ ഒരന്തഃർസ്ഥലി ഉണ്ടായതു തന്നെ അതുകൊണ്ടാണ്‌ നാടകീയമായ ദുരന്തബോധവും ആദ്ധ്യാത്മികമായ അശാന്തിയുമാണ്‌ നോവലിസ്‌റ്റിനെ ആദിമധാരകൾ തേടാൻ പ്രേരിപ്പിക്കുന്നത്‌ എല്ലാ കഥാപാത്രങ്ങളിലൂടേയും ആ ഭാവസംഗമം നിലനിൽക്കുകയും അതിജീവിക്കുകയും ചെയ്യുകയാണ്‌ .ഗ്രാമത്തെ സ്വത്വത്തിന്റെ അവിഭാജ്യഘടകമായി അനുഭവിച്ച വിജയൻ അവിടെനിന്നും മിത്തിലേക്കാണ്‌ നീങ്ങുന്നത്‌. ഗ്രാമത്തിലെ അറിവുകളും പ്രവൃത്തികളും ഏതൊക്കേയോ അജ്ഞേയതകളുമായി ബന്ധപ്പെട്ടുകിടക്കുന്നത്‌ ശ്രദ്ധിക്കുക.

"ഖസാക്കിന്റെ ഇതിഹാസം"സൂക്ഷ്മാർത്ഥങ്ങളിൽ ചരിത്രത്തേയും മതത്തേയും നരവംശ ശാസ്‌ത്രത്തേയും വീണ്ടും കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ . സംഭവങ്ങളുടെ ആത്മാവിലേക്ക്‌ സഞ്ചരിക്കുന്നതു വഴി ചരിത്രത്തിന്റേയും മതത്തിന്റേയും നരവംശ ശാസ്‌ത്രത്തിന്റേയും പാഠങ്ങൾക്ക്‌ പ്രതിസംസ്ക്കാരത്തിന്റെ വെളിച്ചം നൽകുന്നുമുണ്ട്‌. ചരിത്രത്തിന്റേയും മതത്തിന്റേയും നരവംശശാസ്‌ത്രത്തിന്റേയും ഗതിക്രമത്തിലെ ആരോഹണത്തെ അവരോഹണമാക്കുന്നു. ചരിത്രം സംഘർഷങ്ങളിലൂടെ പുരോഗമിക്കുന്നുവെങ്കിലും ഖസാക്കിൽ ആദിമബിന്ദുവിലെത്തി ചരിത്രം
ആത്മ നഷ്‌ടമായിത്തീരുന്നു. മതം ആത്മാവുകളുടെ അനുന്യൂതിയെക്കുറിച്ച്‌ പറയുമ്പോള്‍ ,ഖസാക്കിൽ ജീവിച്ചിരിക്കുന്ന മനുഷ്യരുടെ മനസ്സുകളുടെ തുടർച്ചയും സംവാദവും അനുഭവവേദ്യമാക്കുന്നു. രവിയുടെ അച്ഛന്റെ വേദനയും ദുഃഖവും ഏകാന്തതയും രവി അറിയാതെ ഉള്ളാലെ വഹിക്കുകയാണ്‌. അച്ഛന്റെ അസ്വസ്ഥതകൾ ദീപശിഖപോലെ അയാൾ ഏറ്റുവാങ്ങുകയാണ്‌. പത്മയാണെന്ന്‌ കരുതി അയാൾ ചാന്തുമ്മയെ സമീപിക്കുന്നു. അപ്പുക്കിളിയെ കാണുമ്പോൾ മാധവൻനായർ ശിവരാമൻ നായരുടെ മകളുമൊത്തു കുട്ടിക്കാലമാണ്‌ ഓർക്കുന്നത്‌. കുട്ടാപ്പുവിന്റേയും നീലിയുടേയും തിരോധാനത്തോടെ അപ്പുക്കിളി അനാഥനാവുകയാണ്‌.
കുട്ടാപ്പുവിന്റേയും നീലിയുടേയും ആത്മാവുകൾ അനാഥമായി അലഞ്ഞുനടക്കുന്നതുപോലെ അപ്പുക്കിളിയും അലയുന്നു. പരേതാത്മാക്കളുടെ വാഴ്‌വും ഇഹലോകജീവിതത്തിന്റെ ഇഴച്ചിലും ഒന്നിന്റെ തന്നെ തുടർച്ചയാക്കി ഖസാക്കിൽ അവതരിപ്പിക്കുന്നുണ്ട്‌. ബാഹ്യലോകത്തിന്റെ അതിർത്തികൾക്കപ്പുറത്ത്‌ നടക്കുന്ന സാങ്കൽപ്പിക സംഭവങ്ങളും വർത്തമാനകാലത്തിന്റെ തുടർച്ചയായി ആവിഷ്‌ക്കരിക്കുന്നു. ഇങ്ങനെ മതത്തിന്റെ പ്രാചീനഭാവം വീണ്ടെടുക്കുന്നു. സംസ്‌കൃതിയുടെ മറുപുറം തേടി നരവംശശാസ്‌ത്രത്തിന്റെ പ്രാഥമികത്വരകളിലേക്ക്‌ പോകുന്നതും ശ്രദ്ധേയമാണ്‌. കൺമുന്നിൽ നടക്കുന്ന ജീവിത ചിത്രങ്ങൾ മിത്തോ മതാത്മകസംഭവമോ അസംബന്ധമോ ആഭിചാരമോ വെളിപാടോ ആയിത്തീരുന്നു. ഖസാക്കിലെ ഓരോ ചലനവും ഇങ്ങനെ നിബിഢമായിരിക്കുകയാണ്‌ സമഗ്രതയെക്കുറിച്ചു ഈ ബോധമാണ്‌ എഴുത്തുകാരന്റെ ദർശനം.
കല വർത്തമാനകാലത്തെ താൽക്കാലിക പ്രതിഭാസമല്ല. അത്‌ കാൽപ്പനികമോ യാഥാർത്ഥ്യമോ അതിയാതാതഥ്യമോ മിസ്‌റ്റിസിസമോ അല്ല. ഇതിനെയെല്ലാം അപ്രസക്തമാക്കുന്ന സജീവവും പുരാതനവുമായ നിശശ്‌ബ്‌ദതയാണ്‌. രചനയെ ഏതെങ്കിലും ഭൗതിക ചിന്താകണത്തിനു തുറങ്കിലടക്കാൻ കഴിയില്ല. രചന യഥാർത്ഥമാണെങ്കിൽ അത്‌ ഭൂമിയോ മിത്തോ ദൈവശാസ്‌ത്രകണമോ പോലെ അനേകം കാലങ്ങളിലെ മനഃപരമ്പരകളുടെ സ്മൃതികളായി പടർന്ന്‌ സർവ്വലോകത്തിന്റേയും പൊരുൾ തിരയണം. "ഖസാക്കിന്റെ ഇതിഹാസം" അനേകം കാലങ്ങളിലെ മനഃപരമ്പരകളുടെ സ്മൃതികളെ മുഴുവൻ ആവാഹിക്കുന്ന വിസ്തൃതിയാണ്‌, കലയാണ്‌.

m k harikumar interview

 m k harikumar interview