Skip to main content

ആത്മഹവ്യത്തിലെ പൊരുളും പൊരുത്തക്കേടും -വി.ഏ. ശിവദാസ്‌aathmayanagalude khasak/ m k harikumar


ആത്മഹവ്യത്തിലെ പൊരുളും പൊരുത്തക്കേടും

വി.ഏ. ശിവദാസ്‌

ഉല്‌പത്തി പുസ്‌തകത്തിലെ ഉണര്‍‌വ്വ്‌ വാക്യങ്ങളിലും ചരിത്ര ഖനികളിലെ നീതിസാരങ്ങളിലും മൗനം പ്രകോപനം സൃഷ്‌ടിക്കുന്നുവെന്നറിയുന്നത്‌ കലാകാരനാണെങ്കിലും അതിന്റെ ജീവനാംശം വിമര്‍ശകന്‌ ലഭിക്കേണ്ടതാണ്‌. അതറിയുന്ന അനുവാചകന്‍ തട്ടിത്തെറിപ്പിക്കുന്ന സൂത്രവാക്യങ്ങള്‍ക്കും ഒരു തരം താക്കീതിന്റെ സ്വഭാവമുണ്ട്‌. ഒരു കൃതിയെ സമീപിക്കാന്‍ രാഷ്‌ട്രീയത്തിന്റേയും, പ്രത്യയശാസ്‌ത്രത്തിന്റേയും പിന്‍‌ബലം വേണമെന്ന ന്യായവിധി ഇനിയുമൊരു പെരുമാറ്റച്ചട്ടത്തിന്‌ വഴിയൊരുക്കാതെ പോയി. രാഷ്‌ട്രീയ കാലാവസ്‌ഥ പ്രതികൂലമല്ലെന്നറിഞ്ഞിട്ടും നിരൂപകന്‌ രാജ്യഭാരം വിധിച്ചിട്ടില്ലെന്ന്‌ അറിവായതും അങ്ങിനെയാണ്‌. ഈ പരിതോവസ്‌ഥകളില്‍ നിന്ന്‌ കാവ്യകല രക്ഷപ്പെട്ടില്ലെങ്കിലും കഥാലോകം കുതറി മാറി കുതിച്ചോടുന്നതില്‍ ഉല്‍‌ക്കണ്ഠാകുലനാണ്‌ നിരൂപകന്‍. സൗന്ദര്യ നിരീക്ഷണം ശിക്ഷണത്തിലൂടെ രൂപപ്പെടുത്തണമെന്ന്‌ അനുശാസിക്കുമ്പോള്‍ അനുവാചകന്റെ ലാവണ്യാനുഭൂതികളായിരിക്കും തകിടം മറിയുക. നോവലിനെക്കുറിച്ച്‌ പറഞ്ഞുവെച്ചിടത്തെല്ലാം വിമര്‍ശകന്റെ പണിക്കുറവിനേയും പരിചയക്കുറവിനേയും അക്ഷമയോടെ നോക്കിക്കണ്ടവര്‍ ആധുനിക കഥാലോകത്തെ ഗൗരവത്തോടെ കാണാതെ പോയതും കഥാകാരന്മാര്‍ മാപ്പാക്കിയിട്ടുണ്ടെന്ന്‌ എണ്‍‌പതുകളുടെ ബാക്കിപത്രം വ്യക്തമാക്കുന്നു., സി.വി.രാമന്‍‌പിള്ളയേയും ഉറൂബിനേയും കുറിച്ചു പറഞ്ഞുവെച്ചപ്പോഴും ആനന്ദ്‌, സേതു, വിജയന്‍. എം.ടി. കാക്കനാടന്‍ എന്നിവരെപ്പറ്റി പറഞ്ഞുതുടങ്ങിയപ്പോഴും കാലം തെറ്റിവന്ന ന്യൂനമര്‍‌ദ്ദങ്ങളുടെ വേലിയേറ്റമാണനുഭവപ്പെട്ടത്‌. വിമര്‍‌ശനവും പഠനവും ആരിലും ഇഷ്‌ടമുണ്ടാക്കരുതെന്ന നിയമാവലിയില്‍ കടിച്ചുതൂങ്ങിയവരൊക്കെയും രചനാപരമായ കൗതുകങ്ങള്‍ കാണിച്ചു പിന്‍‌വാങ്ങിക്കഴിഞ്ഞു. അവരുടെ ജീവകാരുണ്യ പ്രവര്‍‌ത്തനത്തിന്‌ തക്ക പാരിതോഷം ലഭിച്ചെങ്കിലും ചരിത്രത്താളുകള്‍ക്കതൊരു പാഠഭാഗം പോലുമാകുന്നില്ല.
ഈ സങ്കീര്‍‌ണ്ണതകളില്‍ നിന്നും ഉല്‍ഭവം കൊണ്ട വിമര്‍‌ശന പദ്ധതി പ്രചാരവേലക്കുള്ളതല്ലെന്നറിഞ്ഞ എഴുത്തുകാരന്‍ വേറിട്ട നിലകളും രാജവീഥികളും കമാനങ്ങളും സൃഷ്‌ടിച്ചു. ക്ഷോഭത്തിന്റെ നീര്‍‌ച്ചാലുകളില്‍ നിന്നും പ്രതിഷേധത്തിന്റെ അര്‍ത്ഥവത്തായ വാങ്‌മയങ്ങള്‍ മലയാളത്തിന്‌ സ്വീയമായത്‌ സമീപകാലങ്ങളിലാണ്‌. അതിന്റെ സ്വരസന്ധികള്‍ ഉന്നം വെക്കുന്നതെവിടേക്കെന്ന്‌ കണ്ടെത്താനുള്ള ഒരുക്കം വിമര്‍‌ശകന്‍ തന്റെ ദൗത്യമായി കണ്ടു. ആസുരമായ കാലമുയര്‍‌ത്തുന്ന കലാപങ്ങളും സം‌ഘര്‍‌ഷങ്ങളും അലട്ടുമ്പോഴും സ്വത്വം നഷ്‌ടപ്പെടാതിരിക്കാനുള്ള തീവ്രശ്രമം അവരുടെ ഭാഗത്തുനിന്നുണ്ടായി. കോണിപ്പടികള്‍ കയറി നൂലേണിയില്‍ ഇറങ്ങേണ്ടിവരുന്ന വൈരുദ്ധ്യം അവരുടെ ചിന്തകളില്‍ പ്രതിഫലിക്കാതിരുന്നില്ല. കണ്ടെത്തലുകളേക്കാള്‍ കൗതുകകരമായി തോന്നിയത്‌ കണ്ടതിനെ കരുതലോടെ അപഗ്രഥിക്കുക എന്നതായിരുന്നു. പീഡിതമായ മനസ്സ്‌ അവരെ കുറ്റപത്രമൊരുക്കാനാണ്‌ പ്രേരിപ്പിച്ചത്‌. സമൂഹത്തിലെ അതാര്യമായ ഉര്‍‌വ്വരതകള്‍ ലം‌ഘിക്കപ്പെടേണ്ടെതെന്ന വീണ്ടുവിചാരം കഥാപാത്രത്തിനൊപ്പം കഥാകാരനേയും വിചാരണയിലേക്കാനയിച്ചു. തൊണ്ണൂറുകളിലും ജീവന്റെ തുടിപ്പും പച്ചപ്പും നീര്‍‌ച്ചോലയും തേടുന്നവര്‍‌ക്ക്‌ ഇന്ദ്രിയങ്ങളെ അടക്കാനാവാത്ത വിധം ആസക്തി ജനിപ്പിക്കാന്‍ പോരുന്നതാണ്‌ ഖസാക്കും, അവിടുത്തെ ജനങ്ങളും.വിജയന്‍ കുറിച്ചുവെച്ച ഖസാക്കിന്റെ ഇതിഹാസത്തില്‍‌ നിന്നും വ്യതിരിക്തമായ ജീവിതാനുഭവം അനുവാചകനും വിമര്‍‌ശകനും വീതിച്ചെടുക്കാവുന്നതാണ്‌. ആ വീതാം‌ശത്തിന്റെ നുരപ്പാടുകളില്‍ ആലാപനത്തിന്റേതായ മന്ദ്രശ്രുതിമീട്ടുകയാണ്‌ "ആത്മായനങ്ങളുടെ ഖസാക്ക്" വീരചരിതങ്ങള്‍ക്ക് അടിക്കുറിപ്പും അനുബന്ധവും പ്രചണ്ഡമായ കാലസൃഷ്‌ടിയെങ്കില്‍ ഇവിടെ ആര്‍ദ്രമായ കാലത്തിന്റെ സാന്ദ്രമായ ഉജ്ജീവനം പരുവപ്പെടുത്തുകയാണ്‌ വിമര്‍‌ശകനായ എം.കെ.ഹരികുമാര്‍.
വിവേചനത്തിന്റെ സന്ദിഗ്‌ദ്ധതകളില്‍ നിന്നും ആകസ്മികമായ വിസ്‌ഫോടനങ്ങളിലേക്ക്‌ മനുഷ്യമനസ്സ്‌ എത്തിപ്പെടുന്ന ചില മുഹൂര്‍‌ത്തങ്ങളുണ്ട്‌. അത്‌ തിരിച്ചറിവിന്റേയും വീണ്ടു വിചാരത്തിന്റേയും ഉണ്‍‌മകളായി മാറുമെന്നറിയുന്ന നൈമിഷിക ചിന്തകള്‍ അയാളില്‍ വിഭ്രാന്തി സൃഷ്‌ടിച്ചെന്നു വരാം. അതെല്ലാം ഹരികുമാര്‍ "മനുഷ്യാം‌ബരാന്തങ്ങളില്‍" പറഞ്ഞുവെച്ചതു പോലെ നവീനനായ കലാപകാരിയുടെ പ്രയോഗപരമായ സൗന്ദര്യശാസ്‌ത്രമെന്നു തന്നെ പേരു ചൊല്ലി വിളിക്കാം. ഈയൊരു മുറവിളിയുടെ മറവില്‍ നിന്നു വേണം "ആത്മായനങ്ങളുടെ ഖസാക്കിനെ അപഗ്രഥിക്കേണ്ടത്‌ .
"ഖസാക്കിന്റെ ഇതിഹാസമെന്ന "നോവലിന്‌ എണ്‍‌പതുകളിലുണ്ടാവുന്ന പഠനമാണ്‌ "ആത്മായനങ്ങളുടെ ഖസാക്ക്‌". അയനങ്ങളില്‍ നിന്നും അന്വേഷണത്തിലേക്കുള്ള പുറപ്പാട്` ഒരു തീക്ഷ്‌ണ സം‌ഗമമായി പരിണമിക്കുന്നുവെന്നതാണ്‌ ഈ പഠനം നല്‍കുന്ന പാഠഭേദം. ഖസാക്കിന്റെ ഇതിഹാസം കൈയ്യിലെടുക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നത്‌ ആ നോവലിന്റെ സൗന്ദര്യ സാധ്യതകളാണ്‌ എന്ന്‌ ഏതൊരു സഹൃദയനേയും പോലെ പ്രഖ്യാപിക്കുന്ന ഗ്രന്ഥകാരന്‍ തല്‍‌ക്കാലത്തേക്കെങ്കിലും കൈയ്യിലെടുക്കുന്നത്‌ നോവലിസ്‌റ്റിന്റെ ഹൃദയമാണ്‌. കലയെ പറ്റിയുള്ള ഏതൊരു സങ്കല്‍‌പ്പങ്ങള്‍ക്കും വിരുദ്ധചേരി സൃഷ്‌ടിക്കാന്‍ പോന്ന സര്‍‌ഗ്ഗാത്മക പ്രവൃത്തിക്കു തുടക്കം കുറിച്ചതും , വരട്ടു തത്വവാദങ്ങള്‍ക്ക്‌ എന്നെന്നേക്കുമായി തടമിട്ടതും ഖസാക്കല്ലാതെ മറ്റൊരു നോവലല്ല. ഇത്തിരി പോരുന്ന നാടിനും ഭാഷക്കും മേലെ പടര്‍‌ന്നുകയറിയ അന്ധതമസ്സിലേക്ക്‌ നോവലിസ്‌റ്റ്‌ പായിച്ച നേര്‍‌ത്തൊരു കിരണം മാത്രമാണിത്‌. അതിന്റെ പ്രകാശം പിന്നീടു പരന്നത്‌ കൂരിരുള്‍‌പ്പാറകളിലേക്കായിരുന്നെന്നും ജൈവപ്രകൃതി നന്നേ അറിഞ്ഞു. അതിന്റെ നിമ്‌നോന്നതങ്ങളിലൂടെ വിമര്‍‌ശകന്‍ നടത്തുന്ന അഭിവീക്ഷണം സൈദ്ധാന്തിക ഉള്‍‌വിളികളായി ചിലപ്പോഴൊക്കെ പരിണമിച്ചു. ഖസാക്കിന്റെ ഇതിഹാസത്തിനു ലഭിച്ച ബഹുമതികളായിരുന്നു അതെല്ലാം. അത്തരത്തിലൊരു പുരസ്‌ക്കാരത്തിനൊപ്പം അണിയിക്കുന്ന പൊന്നാടയാണ്‌ "ആത്മായനങ്ങളുടെ ഖസാക്ക്‌"
വ്യാപകമായ തെരച്ചിലിന്റേയും അനാദിയായ അന്വേഷണത്തിന്റേയും നൈതികമായ പരിപ്രേക്ഷ്യത്തിന്റേയും ഇതളുകള്‍ ഒന്നൊന്നായി വിരിയുകയാണിവിടെ. വഴിയമ്പലം തേടുന്നതു മുതല്‍ കഥാന്തരം വരെ ഖസാക്ക്‌ നീളുന്നുവെങ്കില്‍ ഈ വിമര്‍ശനപഠനം സമാപിക്കുന്നത്‌ സപ്‌തസ്വരങ്ങളുടെ വിഷാദത്തിലും, മന്ദ്രത്തില്‍ നിന്നും ഉച്ചസ്ഥായിയിലേക്കെന്നതുപോലെ നീങ്ങുന്ന ഈ നാദപ്രപഞ്ചത്തിലെ താളവും‌ ,ലയവും , ശ്രുതിപ്പിഴയും വകതരുന്നുണ്ട്‌. നോവലിലെ ഗ്രാമ്യതയുടേയും, നിഷ്‌ക്കളങ്കരായ മനുഷ്യരുടേയും, ഇടത്താവളങ്ങള്‍ കണ്ടെത്തുന്ന നിരൂപകന്‍‌ അവരുടെ വൈയക്തിക ജീവിതത്തിന്റെ പൊരുത്തക്കേടുകളില്‍ ജിജ്ഞാസുവായിതീരുന്നതാണ്‌ അപശ്രുതി വരുത്തിതീര്‍‌ക്കുന്നതും.
ഖസാക്കിലെ മനുഷ്യരുടെ കാലത്തെ തേടി വിജയന്‍‌ അനിശ്‌ചയങ്ങളുടെ ആഗമനങ്ങളിലും ദുരൂഹമായ മൊഴികളിലും ആസക്തനായി. പഠിപ്പു നിര്‍ത്തിയ ചാത്തനിലൂടെ ,പേരയ്‌ക്കാടനിലൂടെ അവരെ അനുഗമിച്ചു വന്ന അച്ഛനമ്മമാരിലൂടെ , കുപ്പുവച്ചന്റെ വിരക്തമായ വിശ്രമങ്ങളിലൂടെ , കുഞ്ഞാമിനയുടെ കഥയിലൂടെ , മൈമൂനയുടെ നിശ്ശബ്‌ദ ഹൃദയത്തിലൂടെ വിജയന്‍ ആത്മാവിന്റെ , ഖസാക്കിന്റെ പ്രാക്തനമായ പല്ലവികളും അസ്‌പഷ്‌ടമായ ചോദനകളും തേടുകയായിരുന്നു എന്നു പറഞ്ഞതിനു തൊട്ടു പിന്നാലെ "രൂപകങ്ങളിലൂടെ ഖസാക്കിലെ സന്തതികള്‍ വെവ്വേറെ വഴികളില്‍ സഞ്ചരിച്ചു. മാധവന്‍ നായര്‍ പാടത്തേക്കും മൊല്ലാക്ക നടുപ്പറമ്പിലേക്കും പോയി" എന്നിങ്ങനെ കുറിക്കുന്നു. ഇവിടെ ഗ്രന്ഥകാരന്‍ അന്വേഷണത്തില്‍‌ നിന്നും വ്യതിചലിച്ച്‌ ഖസാക്കിലെ കഥാപാത്രങ്ങളെ അരസികമായി ചിത്രക്കൂട്ടിലേക്കാണ്‌ നീക്കുന്നത്‌. ഘടനാപരവും അതിലേറെ ബൗദ്ധികവുമായ ശൈലിയും, ഭാവനയും, ചേര്‍ത്ത്‌ മുന കൂര്‍പ്പിക്കുന്ന ഗ്രന്ഥകാരന്‍ നോവലിന്റെ പിന്നാമ്പുറങ്ങളിലൂടെ ക്ഷണ നേരത്തേക്കെങ്കിലും സഞ്ചരിക്കുമ്പോള്‍ സ്ഥലകാലങ്ങളും പരിസര ബോധവും നഷ്‌ടപ്പെട്ട്‌ തപ്പിതടയലോളമെത്തുന്നു

ഏകാദ്ധ്യാപക വിദ്യാലയത്തില്‍ പരിശോധനക്കെത്തുന്ന ഇന്‍‌സ്‌പെക്‌ടറും
കൊഴണശേരിയില്‍ നിന്നെത്തുന്ന സഖാക്കളും രവിയുടെ കാമുകി പത്മയും
പഠനത്തിന്റെ നാലതിരുകളില്‍ എത്താതെ പോകുന്നുണ്ട്‌. നോവലിലെ തന്നെ ചില
ദശാസന്ധികളെന്ന്‌ ഗണിക്കാവുന്ന സന്ദര്‍‌ഭങ്ങളെ
ഉപരോധിക്കുന്നതെന്തിനെന്നറിയുന്നില്ല ഹരികുമാര്‍ നീക്കുന്ന കരുക്കള്‍
രവിയെ നിസ്സം‌ഗമായ പശ്‌ചാത്തലത്തിലേക്കാണ്‌ പുന:പ്രതിഷ്‌ഠിക്കുന്നത്‌.
രവിയെ ഗ്രസിച്ചിരിക്കുന്നത്‌ നിര്‍‌വ്വികാരതയാണ്‌. (രതിയുടെ തട്ടകത്തില്‍
മാത്രം അതുണര്‍‌ന്ന്‌ പ്രവര്‍ത്തിക്കുന്നു. ) അതാവട്ടെ അമ്മയുടെ
മരണത്തോടെയാണ്‌ ആരം‌ഭിക്കുന്നതും. "കണ്ണുകള്‍ ചിമ്മി അമ്മ കട്ടിലില്‍
വിശ്രമിച്ചു. അമ്മയെ ചുമന്നുകൊണ്ടുപോകുമ്പോള്‍ ആരോ തന്നെ പിടിച്ചുമാറ്റി.
കാണണമെന്നുണ്ടായിരുന്നു. സമ്മതിക്കില്ലെങ്കില്‍ വേണ്ട" എന്ന നിലപാടും ,
ചാന്തുമ്മയുടെ മകന്‌ പിന്നാലെ ചാന്തുമുത്തു മരിച്ചു എന്ന്‌
മാധവന്‍‌നായര്‍‌ വന്നു പറയുമ്പോള്‍ "വിശ്രമിക്ക്യാ...................ചായ
കുടിച്ചിട്ടു പൂവ്വാം മാധവന്‍‌ നായരേ....
''

'എന്നതും രവിക്കെതിരെ കനപ്പെട്ട
ആരോപണങ്ങളുണ്ടായിരിക്കുന്നു. "ജോലിയില്‍ താത്പ്പര്യമില്ലായ്‌മ
,ദുര്‍‌ന്നടപ്പ്‌, സ്ക്കൂളില്‍ കുട്ടികളില്ല , കള്ളഹാജരാണ്‌ , മാത്രമല്ല
രവി വര്‍ഗ്ഗീയ കലാപങ്ങള്‍ സൃഷ്‌ടിക്കുന്നു. നൈസാമലിയെന്ന
കമ്മ്യൂണിസ്‌റ്റ്‌ നേതാവിന്റെ സഹായത്തോടെ ഖസാക്കില്‍
സ്റ്റഡിക്ലാസ്സെടുക്കുന്നു" ഇതെല്ലാം ശിപായി വന്നു പറഞ്ഞത്‌
മാധവന്‍‌നായര്‍ അവതരിപ്പിക്കുന്നതുപോലും രവി വേദനിക്കുമെന്നോര്‍ത്താണ്‌.
എന്നിട്ട്‌ അയാളുടെ ഉപദേശവും " ഒന്നു പോയി ഇന്‍‌സ്‌പെക്‌ടറെ കാണുന്നതും
നല്ലതാണ്‌". "വേണ്ട" എന്ന രവിയുടെ പ്രതികരണവും നീണ്ട അന്വേഷണത്തിനു ശേഷം
പത്മ രവിയെ കണ്ടെത്തുമ്പോഴും ബോധാനന്ദന്റെ ആശ്രമത്തിലെ സ്വാമിനി രവിയെ
അന്വേഷിച്ചതായും അറിയിക്കുമ്പോഴും തണുത്തുറഞ്ഞ മനസ്സിന്റെ സാന്ദ്രമായ
അനാസക്തി ദൃശ്യമാകുന്നു. ഇക്കാര്യങ്ങള്‍ പറയാനെന്നതിലേറെ ഒളിപ്പിച്ചു
വെക്കാനുള്ള രഹസ്യ നീക്കമാണ്‌ ഹരികുമാറിന്റെ ഭാഗത്തു നിന്നുണ്ടായത്‌.
തന്റെ വിശ്വാസങ്ങള്‍ ലം‌ഘിക്കപ്പെടരുതെന്ന തീരുമാനം പോലുണ്ട്‌ ഗ്രന്ഥ
ത്തിന്റെ അകത്തളമാകെയും. അതദ്ദേഹത്തിന്റെ വരമൊഴിയില്‍ തെളിയുന്നുമുണ്ട്‌.
നോവലിസ്‌റ്റിനെ കാണണമെങ്കില്‍ പ്രപഞ്ചത്തിന്റെ ആന്തര സത്യ
സന്ദര്‍‌ഭങ്ങളിലേക്ക്‌ ചുഴിഞ്ഞു നോക്കണമെന്ന(പേജ്`
മുപ്പത്തിയാറ്‌)ഹരികുമാറിന്റെ നിഗമനം ഒരു പ്രായശ്ചിത്തത്തിന്റെ പടിപ്പുര
മുറ്റത്തേക്കുള്ള പിന്‍‌വാങ്ങലാണ്‌.
വിജയന്‍ ലൗകികതയുടെ ഇലപ്പുറങ്ങളില്‍ നിന്നു ദിവ്യരൂപങ്ങളുടെ
വ്യോമതലങ്ങളിലേക്ക് മനസ്സ്‌ മാറ്റുന്നുണ്ട്‌ എന്ന്‌ വിശ്ദമാക്കുമ്പോഴും
ഗ്രന്ഥകാരന്‍ നടന്നുനീങ്ങുന്നത്‌ ആത്മീയമായ വിലക്കുകളിലേക്കാണ്. ,
വിലയിരുത്തലിലേക്കല്ല. മാധവന്‍ നായരോടൊപ്പം കോടച്ചിയെ പ്രാപിക്കുമ്പോഴും
കുപ്പുവച്ചന്‍ രവിയെ കേശിനിക്ക്‌ പരിചയപ്പെടുത്തുമ്പോഴും മൈമൂനയും,
ചാന്തുമ്മയും ഊട്ടുപുരക്കകത്ത്‌ കടക്കുമ്പോഴും സുരതത്തിന്റെ മന്ദ്രസ്ഥായി
ഖസാക്കിനെയാകെ കിടിലം കൊള്ളിക്കുന്നുണ്ട്‌. ലക്കുകേടിന്റേയും
ആത്മനിന്ദയുടേയും അതിലേറെ പ്രതികാരത്തിന്റേയും അതിനപ്പുറം
അന്യതാബോധത്തിന്റേയും നിറക്കൂട്ടിലാണ്‌ രവിയെ നോവലിസ്‌റ്റ്‌
ചാരിനിര്‍ത്തിയിരിക്കുന്നതെന്ന കാര്യം ആത്മായന കര്‍‌ത്താവ്‌ സൗകര്യം‌ പോലെ
വിസ്‌മരിക്കുന്നുണ്ട്‌.

രവിയെ ഉത്തും‌ഗമായ ഏതോ സ്ഥാനത്ത്‌ പ്രതിഷ്‌ഠിക്കാനായുന്നെങ്കിലും ഉപരോധങ്ങള്‍ ഒന്നൊന്നായി വന്നു ഭവിക്കുന്നതിന്റെ വൈകാരിക തീക്ഷ്‌ണത ഹരികുമാറിനേയും അനുഗമിക്കുന്നു.
ഒറ്റപ്പെടലിന്റെ നീരൊഴുക്കില്‍ നിന്നു പെറുക്കിയേടുത്ത വജ്രക്കല്ലുകളുടെ
ഹിമകാന്തിയാണ്‌ തന്റെ അനാഥത്വമെന്ന്‌ വിജയന്‌ അറിയാമായിരുന്നുവെന്ന്‌
സ്ഥാപിക്കാന്‍ തത്രപ്പെടുമ്പോഴും (പേജ്‌- അന്‍‌പത്`) 'ഇരുണ്ട പ്രവാസമെന്ന'
അദ്ധ്യായത്തില്‍ " കാലത്തേയും സ്ഥലത്തേയും ആത്മായനങ്ങളുടെ ഇരുണ്ട പ്രവാസങ്ങളിലൂടെ നയിക്കുകയും വചനങ്ങളുടെ സിരകളില്‍ നിന്ന്‌
വിട്ടുനില്‍‌ക്കുന്ന മൗനങ്ങളിലൂടെ ഭീതിയിലേക്കും ശാന്തതയിലേക്കും
വളര്‍ത്തുകയും ചെയ്‌തുകൊണ്ട്‌ വിജയന്‍ പ്രവര്‍ത്തനത്തിന്റെ ബാഹ്യമായ
ഇന്ദ്രിയങ്ങളിലേക്ക് കടന്നു ചെല്ലുന്നു എന്നു കണ്ടെത്തുമ്പോഴും
പിന്നൊരവസരത്തില്‍ മനസ്സിന്റെ ഇരുണ്ട പ്രവാസത്തിന്റേയും
അഭയാന്വേഷണങ്ങളുടേയും ജൈവ സം‌യുക്തങ്ങളെ പുറത്തെടുക്കുകയാണ്‌. " എന്ന്‌
പ്രസ്താവിക്കുമ്പോഴും ചിന്താപരമായ ശൈഥില്യമായും ആത്മീയ
സങ്കീര്‍ണ്ണതകളെക്കുറിച്ചുള്ള വില പേശലായും ഗണിക്കേണ്ടി വരുന്നു.

തന്റെ ദര്‍ശനത്തിന്റെ ഈടുവയ്‌പ്പുകളെ പറ്റി പറഞ്ഞുപോവുന്നതിനിടയില്‍ 'നവാദ്വൈത
ദര്‍ശനത്തെ' പ്രതിഷ്‌ഠിക്കാനൊരുമ്പെടുന്ന ഹരികുമാര്‍‌ മനസ്സിന്റേയും ഖര
വസ്തുവിന്റേയും അധോതലങ്ങളെ വിപുലമായ ഒരു സമയ ചുറ്റളവില്‍ വെച്ച്‌
ഏകോപിപ്പിക്കുന്ന കലാതന്ത്രമാണ്‌ വിജയന്റേത്‌ എന്ന്‌ കണ്ടെത്തുന്നു. ഇതൊരു
ദാര്‍ശനിക വെളിപാടാണെങ്കില്‍ പറഞ്ഞതൊക്കെയും പതിരായെന്നും വരാം

അപ്പുക്കിളിയും മാധവന്‍ നായരും ആബിദയും രീതിയുടെ സരളതയും ആര്‍ദ്രമായ മോഹഭം‌ഗങ്ങളും കൊണ്ട്‌ താളം സൃഷ്‌ടിക്കുന്നുണ്ട്‌ എന്ന സൂചന സപ്‌തസ്വരങ്ങളുടെ വിഷാദം എന്ന പാഠഭാഗത്തിലെത്തുമ്പോള്‍ വിമര്‍ശന ചൈതന്യത്താല്‍ ശ്രേയസ്ക്കരമാകുന്നു. ഒപ്പം അപശ്രുതിയിലേക്കും , അറിവിന്റെ സപ്തസ്വരങ്ങളുടെ വിഷാദം ജൈവബിന്ദുക്കളുടെ സമാധിയുടെ മൗനത്തിലെത്തിച്ചേരുകയാണ് എന്നത്` സാന്ദ്രമായ സം‌ഗീതത്തെ മാത്രമല്ല ചിലപ്പോള്‍ സം‌ഗീതജ്ഞരേയും ചൊടിപ്പിച്ചെന്നു വരാം,
വിജയന്റെ കലാപരിതഃസ്ഥിതിയുടെ ആത്മീയമായ ഉത്ഥാനങ്ങള്‍ ഇവിടെ സാക്ഷാത്കരിക്കപ്പെടുകയാണ്‌ എന്നു പറഞ്ഞ്` ഗ്രന്ഥത്തെ പൂര്‍ണ്ണതയിലേക്കാനയിക്കുമ്പോള്‍ അനുവാചകന്‍ ഒരിക്കല്‍ക്കൂടി ' ഖസാക്കിന്റെ ഇതിഹാസ'ത്തിന്റെ താളുകളിലേക്ക്‌ തിരിയുന്നു. ഒരിരുപതുകാരന്‍ തന്റെ വായനയുടേയും അന്വേഷണത്തിന്റേയും തീനാളങ്ങള്‍ മലയാളത്തിലെ മികച്ച നോവലിലേക്കു പായിക്കുമ്പോള്‍ സാഹിത്യ ചരിത്രത്തില്‍ അതിന്‌` വളരെയേറെ പ്രാമുഖ്യം ലഭിക്കേണ്ടതാണ്‍്‌. ആത്മായനങ്ങളുടെ ഖസാക്ക്‌ ആദ്യപതിപ്പിറങ്ങുമ്പോള്‍ എം. എ. വിദ്യാര്‍ത്ഥിയായിരുന്ന ഹരികുമാര്‍ പത്തു വര്‍ഷം പിന്നിട്ട്` പുസ്‌തകത്തിന്റെ രണ്ടാം പതിപ്പ്‌ പുറത്തിറക്കുമ്പോള്‍ ഒരു പത്രപ്രവര്‍ത്തകനായി മാറിയിരിക്കുന്നു. ഇവിടെ സം‌ഭവിച്ചിരിക്കുന്ന രാസമാറ്റം ശൈലീപരമായേക്കും, ബൗദ്ധികമാവാതിരിക്കട്ടെ. മലയാള സാഹിത്യത്തില്‍ ഒരു നോവലിനെ മാത്രം അടിസ്‌ഥാനമാക്കിയുണ്ടായ പ്രഥമഗ്രന്ഥമാണിതെന്ന അവകാശവാദം ഇവിടെ ചോദ്യം ചെയ്യപ്പെട്ടില്ലെന്നതും സാഹിത്യ ചരിത്രത്തെത്തന്നെ വഴിത്തിരിവിലാക്കുന്നുണ്ട്‌.

Popular posts from this blog

ശ്രീശങ്കരദർശനമല്ല ശ്രീനാരായണദർശനം/എം കെ ഹരികുമാർ

jalachaya/novel

khasakk award/ ആത്മായനങ്ങളുടെ ഖസാക്ക് അവാര്‍ഡ്/ 2009

malayala manorama 18, nov 2009
madhyamam , nov 18 2009

kerala kaumudi, nov 19, 2009

mathrubhumi, 18, nov 2009


kerala kaumudi, 18 nov, 2009
press releasemathew nellickunnu

book: sayanna yathrakal [short fiction]
desamangalam ramakrishan

book: ethra yadruchikam [poems]


e p sree kumar

book : parasya sareeram [short fiction]


dr. shanmukhan pulappatta
book: uravayilekk kuthikkunna puzha [criticism]venu v desam
book: mohandha sanchari [poems]


aathmaayanangalute khasakk full text


award news